---
title: "സൗദി-യുഎഇ അതിർത്തി കടന്നുള്ള അന്താരാഷ്ട്ര ലഹരിക്കടത്ത്;  2.6 ലക്ഷത്തിലേറെ ആംഫെറ്റാമിൽ ഗുളികകൾ പിടിച്ചെടുത്തു"
english_title: "UAE and Saudi Arabia seize narcotic pills"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/364821/uae-and-saudi-arabia-seize-narcotic-pills"
published_at: "2026-06-09T10:10:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/6a2799527302a_GANJA.jpg"
keywords: ["UAE", "Saudi Arabia", "Narcotic Pills"]
---

# സൗദി-യുഎഇ അതിർത്തി കടന്നുള്ള അന്താരാഷ്ട്ര ലഹരിക്കടത്ത്;  2.6 ലക്ഷത്തിലേറെ ആംഫെറ്റാമിൽ ഗുളികകൾ പിടിച്ചെടുത്തു

> **Lead Summary:** **അബുദാബി : ** യുഎഇയും സൗദി അറേബ്യയും സംയുക്തമായി നടത്തിയ വൻ സുരക്ഷാ ഓപ്പറേഷനിൽ ലക്ഷക്കണക്കിന് ലഹരിമരുന്ന് ഗുളികകൾ പിടികൂടി.

## Article Content

**അബുദാബി : ** യുഎഇയും സൗദി അറേബ്യയും സംയുക്തമായി നടത്തിയ വൻ സുരക്ഷാ ഓപ്പറേഷനിൽ ലക്ഷക്കണക്കിന് ലഹരിമരുന്ന് ഗുളികകൾ പിടികൂടി.

യുഎഇ നാഷനൽ ആന്റി നാർക്കോട്ടിക് അതോറിറ്റിയും ദുബായ് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 2,67,300 ആംഫെറ്റാമിൽ ഗുളികകൾ പിടിച്ചെടുത്തത്.

രാജ്യാന്തര വിപണിയിൽ കോടികൾ വിലമതിക്കുന്ന ലഹരിമരുന്നാണ് അധികൃതർ പിടികൂടിയത്. സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോളുമായി സഹകരിച്ചായിരുന്നു നീക്കം.

ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഏജൻസികൾ പരസ്പരം കൈമാറിയ കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിതരണത്തിനായി എത്തിച്ച ലഹരിമരുന്ന് ശേഖരം വിപണിയിലേക്ക് കൈമാറുന്നതിന് തൊട്ടുമുൻപ് സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.

ലഹരിക്കടത്ത് സംഘത്തിലെ മുഴുവൻ അംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരെല്ലാം ഒരു അറബ് രാജ്യത്തിലെ പൗരന്മാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/364821/uae-and-saudi-arabia-seize-narcotic-pills)