---
title: "യുഎഇയിൽ വരുംമാസങ്ങളിൽ അത്യുഷ്ണവും അപ്രതീക്ഷിത മഴയും; വില്ലൻ 'എൽനിനോ' പ്രതിഭാസം"
english_title: "Extreme heat and unexpected rain in the coming months in the UAE; Villain 'El Nino' ​​phenomenon"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/365148/extreme-heat-and-unexpected-rain-in-the-coming-months-in-the-uae-villain-el-nino-phenomenon"
published_at: "2026-06-10T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2945d085905_Villain_El_Nino_phenomenon.jpg"
keywords: ["Latest News", "UAE Meteorology", "UAE Weather Update", "UAE Rain"]
---

# യുഎഇയിൽ വരുംമാസങ്ങളിൽ അത്യുഷ്ണവും അപ്രതീക്ഷിത മഴയും; വില്ലൻ 'എൽനിനോ' പ്രതിഭാസം

> **Lead Summary:** ദുബായ് : എൽനിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ വരുംമാസങ്ങളിൽ യുഎഇയിൽ കടുത്ത ചൂടും ഈർപ്പവും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. എന്നാൽ, ഇതോടൊപ്പം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.

## Article Content

ദുബായ് : എൽനിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ വരുംമാസങ്ങളിൽ യുഎഇയിൽ കടുത്ത ചൂടും ഈർപ്പവും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. എന്നാൽ, ഇതോടൊപ്പം രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നു.

ജൂലൈമുതൽ നവംബർവരെ എൽനിനോ പ്രതിഭാസം നിലനിൽക്കാൻ 98 ശതമാനം സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഉഷ്ണമേഖലാ പസഫിക് സമുദ്ര മേഖലയിലെ സമുദ്ര–അന്തരീക്ഷ വ്യവസ്ഥയിൽ ഉണ്ടാകുന്ന ആനുകാലിക വ്യതിയാനങ്ങളെയാണ് എൽനിനോ എന്ന് വിളിക്കുന്നത്. നിലവിൽ ‘നിനോ 3.4’ മേഖലയിലെ സമുദ്രോപരിതല താപനിലയിൽ 0.5 ഡിഗ്രി വ്യതിയാനം ഉണ്ടായതായും ഇത് എൽനിനോയെ സൂചിപ്പിക്കുന്നതാണെന്നും എൻസിഎം അറിയിച്ചു.

​ജൂലൈമുതൽ നവംബർവരെയുള്ള കാലയളവിൽ രാജ്യത്തുടനീളം താപനില സാധാരണ വേനൽക്കാല ശരാശരിയേക്കാൾ ഉയരാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ അപ്രതീക്ഷിതമായ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് പ്രവചനം. ​അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ വിവരങ്ങളും അത്യാധുനിക പ്രവചന മാതൃകകളും ഉപയോഗിച്ച് എൽ നിനോ സതേൺ ഓസിലേഷൻ (ഇഎൻഎസ്ഒ) സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തിവരികയാണ്‌. സ്ഥിതിഗതികൾ സംബന്ധിച്ച പ്രതിമാസ റിപ്പോർട്ടുകൾ തുടർന്നും പുറത്തുവിടും. കാലാവസ്ഥയിൽ പെട്ടെന്നുണ്ടാകാവുന്ന മാറ്റങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/365148/extreme-heat-and-unexpected-rain-in-the-coming-months-in-the-uae-villain-el-nino-phenomenon)