---
title: "കാത്തിരിപ്പ് സമയം കുറയും; വാഹന പരിശോധനയ്ക്കായി ഒമാനിൽ ആദ്യത്തെ സ്വകാര്യ കേന്ദ്രം വരുന്നു"
english_title: "First private center in Oman to open on June 16"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/365690/first-private-center-in-oman-to-open-on-june-16"
published_at: "2026-06-13T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cee76013a4_Oman.jpg"
keywords: ["First private center", "Oman", "Oman Automobile Association"]
---

# കാത്തിരിപ്പ് സമയം കുറയും; വാഹന പരിശോധനയ്ക്കായി ഒമാനിൽ ആദ്യത്തെ സ്വകാര്യ കേന്ദ്രം വരുന്നു

> **Lead Summary:** **മസ്കത്ത്: **സുൽത്താനേറ്റിലെ വാഹന സാങ്കേതിക പരിശോധനാ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള നടപടികളുമായി റോയൽ ഒമാൻ പോലീസ് . ഇതിന്റെ ഭാഗമായി ഒമാനിലെ ആദ്യത്തെ സ്വകാര്യ വാഹന സാങ്കേതിക പരിശോധനാ കേന്ദ്രത്തിന് ആർ.ഒ.പി അംഗീകാരം നൽകി. ജൂൺ 16 മുതൽ ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ വളപ്പിൽ പുതിയ കേന്ദ്രം പ്രവർത്തനമാരംഭിക്കും.

## Article Content

**മസ്കത്ത്: **സുൽത്താനേറ്റിലെ വാഹന സാങ്കേതിക പരിശോധനാ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വിപുലീകരിക്കുന്നതിനുമുള്ള നടപടികളുമായി റോയൽ ഒമാൻ പോലീസ് . ഇതിന്റെ ഭാഗമായി ഒമാനിലെ ആദ്യത്തെ സ്വകാര്യ വാഹന സാങ്കേതിക പരിശോധനാ കേന്ദ്രത്തിന് ആർ.ഒ.പി അംഗീകാരം നൽകി. ജൂൺ 16 മുതൽ ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ വളപ്പിൽ പുതിയ കേന്ദ്രം പ്രവർത്തനമാരംഭിക്കും.

വാഹന സാങ്കേതിക പരിശോധനാ സേവനങ്ങൾ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ്-കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ പുറപ്പെടുവിച്ച തീരുമാന നമ്പർ 88/2024 നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

പൊതുസേവനങ്ങൾ ലഭ്യമാക്കുന്നതിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുക, രാജ്യത്തുടനീളം വാഹന പരിശോധനാ സൗകര്യങ്ങൾ വ്യാപിപ്പിക്കുക എന്നിവയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

വ്യത്യസ്ത സമയങ്ങളിൽ കൂടുതൽ സേവന ദാതാക്കളിലൂടെ പരിശോധനാ സൗകര്യം ലഭ്യമാകുന്നത് വാഹന ഉടമകൾക്ക് ആശ്വാസമാകും. സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക, സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ സംരംഭം.

സ്വകാര്യ പരിശോധനാ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകുന്നതിലൂടെ, കാത്തിരിപ്പ് സമയം കുറക്കാനും പരിശോധനകൾ കൂടുതൽ എളുപ്പമാക്കാനും സാധിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കുന്നു.

അതോടൊപ്പം, അംഗീകൃത നിബന്ധനകൾക്ക് അനുസൃതമായി വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ആർ.ഒ.പി ഉറപ്പുവരുത്തുകയും ചെയ്യും. ഭാവിയിൽ കൂടുതൽ സ്വകാര്യ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകാൻ ഈ പദ്ധതി വഴിവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/365690/first-private-center-in-oman-to-open-on-june-16)