---
title: "വിശുദ്ധ കഅബയ്ക്ക് പുതിയ കിസ്‌വ; മുഹറം ഒന്നിന്റെ പുണ്യവേളയിൽ ഭക്തിനിർഭരമായ ചടങ്ങ്"
english_title: "New Kiswa for the Holy Kaaba; Devotional ceremony on the auspicious occasion of Muharram "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/366386/new-kiswa-for-the-holy-kaaba-devotional-ceremony-on-the-auspicious-occasion-of-muharram"
published_at: "2026-06-16T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a312c188a371_UMBRA.jpg"
keywords: ["Kaaba", "Kiswa", "Muharram", "Holy Time", "Makkah"]
---

# വിശുദ്ധ കഅബയ്ക്ക് പുതിയ കിസ്‌വ; മുഹറം ഒന്നിന്റെ പുണ്യവേളയിൽ ഭക്തിനിർഭരമായ ചടങ്ങ്

> **Lead Summary:** **മക്ക: ** പുതിയ ഹിജ്റ വർഷാരംഭ പുലരിയിൽ വിശുദ്ധ കഅബയെ പുതിയ കിസ്‌വ (പുതപ്പ്) അണിയിച്ചു. മുഹറം ഒന്ന് (ചൊവ്വാഴ്​ച) പുലർച്ചെയായിരുന്നു ലോക മുസ്‌ലിംകളുടെ ‘ഖിബ്​ല’ (ദിശാകേന്ദ്ര)മായ കഅബ പുതിയ വസ്ത്രം ധരിച്ചത്.

## Article Content

**മക്ക: ** പുതിയ ഹിജ്റ വർഷാരംഭ പുലരിയിൽ വിശുദ്ധ കഅബയെ പുതിയ കിസ്‌വ (പുതപ്പ്) അണിയിച്ചു. മുഹറം ഒന്ന് (ചൊവ്വാഴ്​ച) പുലർച്ചെയായിരുന്നു ലോക മുസ്‌ലിംകളുടെ ‘ഖിബ്​ല’ (ദിശാകേന്ദ്ര)മായ കഅബ പുതിയ വസ്ത്രം ധരിച്ചത്.

ഇരുഹറം പരിപാലന അതോറിറ്റി ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, കിങ് അബ്​ദുൽ അസീസ് കിസ്‌വ ഫാക്ടറിയിലെ വിദഗ്ധരും പരിശീലനം ലഭിച്ചവരുമായ ഒരു സംഘം ജീവനക്കാരാണ് ഈ പുണ്യകർമം നിർവഹിച്ചത്.

മക്കയിലെ കിസ്​വ നിർമാണശാലയിൽനിന്ന്​ പണിപൂർത്തിയായ കിസ്​വ പ്രത്യേകമായി തയ്യാറാക്കിയ ട്രെയിലറുകളിലാണ് മസ്ജിദുൽ ഹറാമിൽ എത്തിച്ചത്. തിങ്കളാഴ്​ച അർദ്ധരാത്രി പിന്നിടും മുമ്പ്​ തന്നെ കിസ്​വ ഹറമിലെത്തിച്ചിരുന്നു. ശേഷം പുതുവർഷം പിറന്നതോടെയാണ്​ പുലർച്ചെ ഒന്നോടെ കഅബയെ കിസ്​വ അണിയിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചത്​.

പൂർണമായും സ്വദേശികളായ 150 സൗദി കരകൗശല വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഏറ്റവും മേത്തരം പട്ടുനൂലുകൾ ഉപയോഗിച്ചാണ് ഈ പുതിയ കിസ്‌വ നിർമിച്ചിരിക്കുന്നത്. 24 കാരറ്റ് സ്വർണം പൂശിയ വെള്ളി നൂലുകൾ ഉപയോഗിച്ച് തുന്നിയെടുത്ത 30 ഖുർആൻ വാക്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇതി​െൻറ രൂപകൽപ്പന. ആഡംബര കറുത്ത പട്ടുനൂലുകൾ കൊണ്ട് നിർമിച്ച 47 കഷ്ണങ്ങൾ കൂട്ടിച്ചേർത്താണ് കഅബയെ പൊതിയുന്ന ഈ വസ്ത്രം ഒരുക്കിയത്.

ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള അസംസ്‌കൃത വസ്തുക്കളാണ് ഇതി​െൻറ നിർണാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. 400 കിലോഗ്രാം അസംസ്‌കൃത കോട്ടൺ, 60 കിലോഗ്രാം ശുദ്ധമായ വെള്ളി, 120 കിലോഗ്രാം തങ്കം (സ്വർണം) എന്നിവ ഇതിനായി വിനിയോഗിച്ചു. 11 മാസത്തെ കഠിനമായ അധ്വാനത്തിനൊടുവിലാണ് ഈ കിസ്‌വ പൂർത്തിയായത്. ഇതി​െൻറ ആകെ ഭാരം 1,410 കിലോഗ്രാം വരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/366386/new-kiswa-for-the-holy-kaaba-devotional-ceremony-on-the-auspicious-occasion-of-muharram)