---
title: "പ്രവാസികളുടെ ശ്രദ്ധിയ്ക്ക് ... 30 ദിവസത്തെ കാലാവധി14 ആക്കി കുറച്ചു; വിസ നിയമങ്ങളിൽ പുതിയ മാറ്റവുമായി ഖത്തർ അധികൃതർ"
english_title: "Expatriate Residence Permit, Qatar Ministry of Interior, Grace Period, Iqama"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/366598/expatriate-residence-permit-qatar-ministry-of-interior-grace-period-iqama"
published_at: "2026-06-17T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3cfb2b386f_qutar.jpg"
keywords: ["Latest News", "Qatar Ministry of Interior", "Grace Period", "Iqama", "Expatriate Residence Permit"]
---

# പ്രവാസികളുടെ ശ്രദ്ധിയ്ക്ക് ... 30 ദിവസത്തെ കാലാവധി14 ആക്കി കുറച്ചു; വിസ നിയമങ്ങളിൽ പുതിയ മാറ്റവുമായി ഖത്തർ അധികൃതർ

> **Lead Summary:** **ദോഹ: **ഖത്തറിൽ പ്രവാസികളുടെ റസിഡൻസ് പെർമിറ്റ് (ഇഖാമ) റദ്ദാക്കിയാൽ രാജ്യം വിടുന്നതിനുള്ള ഇളവ് കാലാവധി (ഗ്രേസ് പീരിയഡ്) ആഭ്യന്തര മന്ത്രാലയം വെട്ടിക്കുറച്ചു. മുൻപുണ്ടായിരുന്ന 30 ദിവസത്തെ കാലാവധി നിലവിൽ 14 ദിവസമായി കുറച്ചതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

## Article Content

**ദോഹ: **ഖത്തറിൽ പ്രവാസികളുടെ റസിഡൻസ് പെർമിറ്റ് (ഇഖാമ) റദ്ദാക്കിയാൽ രാജ്യം വിടുന്നതിനുള്ള ഇളവ് കാലാവധി (ഗ്രേസ് പീരിയഡ്) ആഭ്യന്തര മന്ത്രാലയം വെട്ടിക്കുറച്ചു. മുൻപുണ്ടായിരുന്ന 30 ദിവസത്തെ കാലാവധി നിലവിൽ 14 ദിവസമായി കുറച്ചതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

മന്ത്രാലയത്തിന്‍റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്‍റ് സംഘടിപ്പിച്ച സുരക്ഷിത യാത്രയുമായി ബന്ധപ്പെട്ട വെബിനാറിലാണ് എയർപോർട്ട് പാസ്‌പോർട്ട് ഡിപ്പാർട്ട്മെന്‍റിലെ ക്യാപ്റ്റൻ അലി അഹമ്മദ് അലി അൽ കുവാരി ഇക്കാര്യം അറിയിച്ചതെന്ന് ഗൾഫ് ടൈംസ് റിപ്പോർട്ട് ചെയ്തു.

വിസ റദ്ദാക്കി 14 ദിവസത്തെ ഇളവ് കാലാവധി കഴിഞ്ഞും ഖത്തറിൽ തുടരുന്നവരിൽ നിന്ന് പ്രതിദിനം 10 ഖത്തറി റിയാൽ വീതം പിഴ ഈടാക്കും.

വിസിറ്റ് വിസയിൽ എത്തുന്നവർ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന വിസ കാലാവധിയും താമസിക്കാവുന്ന ദിവസങ്ങളും കൃത്യമായി പരിശോധിക്കണം. വിസിറ്റ് വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് നിയമവിരുദ്ധമായി തുടർന്നാൽ പ്രതിദിനം 200 ഖത്തറി റിയാൽ ആണ് പിഴ.

യാത്ര പുറപ്പെടുന്നതിന് മുൻപ് പ്രവാസികൾ തങ്ങളുടെ വിസ സ്റ്റാറ്റസ് 'മെട്രാഷ്'മൊബൈൽ ആപ്ലിക്കേഷൻ വഴി കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. എന്തെങ്കിലും തരത്തിലുള്ള ട്രാഫിക് പിഴകൾ, വിസ കാലാവധി കഴിഞ്ഞതിനുള്ള പിഴകൾ അല്ലെങ്കിൽ യാത്രയെ തടസ്സപ്പെടുത്തുന്ന മറ്റ് കുടിശ്ശികകൾ എന്നിവയുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഇത് സഹായിക്കും.

റസിഡൻസ് പെർമിറ്റ് പുതിയ പാസ്‌പോർട്ടിലേക്ക് മാറ്റുന്നതിനുള്ള നടപടികളും മെട്രാഷ് ആപ്പ് വഴി പൂർത്തിയാക്കാവുന്നതാണ്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാനും ക്യൂ നിൽക്കുന്നത് ഒഴിവാക്കാനും യാത്രക്കാർ ഇലക്ട്രോണിക് ഗേറ്റ് സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം. നിലവിൽ വിമാനത്താവളത്തിലെ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിലായി 76 ഇ-ഗേറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് അൽ കുവാരി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/366598/expatriate-residence-permit-qatar-ministry-of-interior-grace-period-iqama)