---
title: "വീട്ടുജോലിക്ക് പോകുന്നത് ഇഷ്ടമല്ല; ഭാര്യയെ കത്തി കൊണ്ട് കുത്തി, ഭര്‍ത്താവിന് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ"
english_title: "I do not like going to work; Wife stabbed, husband sentenced to five years in prison"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/36762/i-do-not-like-going-to-work-wife-stabbed-husband-sentenced-to-five-years-in-prison"
published_at: "2022-04-09T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6251b9631ae64_crime.jpg"
keywords: []
---

# വീട്ടുജോലിക്ക് പോകുന്നത് ഇഷ്ടമല്ല; ഭാര്യയെ കത്തി കൊണ്ട് കുത്തി, ഭര്‍ത്താവിന് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ

> **Lead Summary:** **ദുബൈ: **ദുബൈയില്‍ വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിന് അഞ്ചു വര്‍ഷം തടവുശിക്ഷ. ദുബൈയിലെ ജുമൈറയിലെ ഒരു വില്ലയിലെ വീട്ടുജോലിക്കാരിയാണ് ഭാര്യ. തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഇവരുടെ ശരീരത്തില്‍ വിവിധയിടങ്ങളില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു.

## Article Content

**ദുബൈ: **ദുബൈയില്‍ വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിന് അഞ്ചു വര്‍ഷം തടവുശിക്ഷ. ദുബൈയിലെ ജുമൈറയിലെ ഒരു വില്ലയിലെ വീട്ടുജോലിക്കാരിയാണ് ഭാര്യ. തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഇവരുടെ ശരീരത്തില്‍ വിവിധയിടങ്ങളില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു.

ഭാര്യ വീട്ടുജോലിക്ക് പോകുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലായിരുന്നു. എന്നാല്‍ ജോലി ഉപേക്ഷിക്കാന്‍ ഭാര്യ തയ്യാറായില്ലെന്ന് കോടതി രേഖകളില്‍ പറയുന്നു. ഭാര്യയെ കാണാനായി അവര്‍ ജോലി ചെയ്യുന്ന വില്ലയിലെത്തിയതായിരുന്നു ഭര്‍ത്താവ്. വീട്ടുജോലിക്കാരിയോട് വില്ലയ്ക്ക് പുറത്ത് നിന്ന് സംസാരിക്കാന്‍ വീട്ടുടമസ്ഥന്‍ പറഞ്ഞു.

ഇതിന് മിനിറ്റുകള്‍ക്ക് ശേഷം വീട്ടുജോലിക്കാരി സഹായത്തിനായി നിലവിളിക്കുന്നതാണ് വീട്ടുടമസ്ഥന്‍ കേട്ടത്. താന്‍ വീടിന് പുറത്തെത്തി നോക്കുമ്പോള്‍ വീട്ടുജോലിക്കാരി രക്തത്തില്‍ കുളിച്ചു നില്‍ക്കുന്നതാണ് കാണുന്നതെന്ന് ഉടമസ്ഥന്‍ പറഞ്ഞു. യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടുടമസ്ഥനാണ് പൊലീസിലും ആംബുലന്‍സിലും വിവരം അറിയിച്ചത്.

യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഇവരുടെ ജീവന്‍ രക്ഷിച്ചു. പ്രതിയായ ഭര്‍ത്താവിനെ പിന്നീട് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. 10 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ടെന്നും തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭര്‍ത്താവിന് സംശയം ഉണ്ടായിരുന്നതായും യുവതി പൊലീസിനോട് വെളിപ്പെടുത്തി.

യുവതി തന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ പണം തിരികെ വാങ്ങാനാണ് സംഭവ ദിവസം വില്ലയിലെത്തിയത്. എന്നാല്‍ വില്ലയ്ക്ക് സമീപം ഒരു കാര്‍ കണ്ടെന്നും ഇത് തന്റെ ഭാര്യയുടെ കാമുകന്റെയാണെന്നാണ് കരുതിയതെന്നും പ്രതി പറഞ്ഞു. ജയില്‍ശിക്ഷ പൂര്‍ത്തിയായാല്‍ പ്രതിയെ നാടുകടത്തും. വിധിയില്‍ 15 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/36762/i-do-not-like-going-to-work-wife-stabbed-husband-sentenced-to-five-years-in-prison)