---
title: " 13 പേരുടെ ജീവനെടുത്ത് ഖത്തർ സ്ഫോടനം: ദുഃഖവും അനുശോചനവും രേഖപ്പെടുത്തി ഖത്തർ എനർജി"
english_title: "Fire breaks out in Ras Laffan, Qatar, authorities offer condolences"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/367842/fire-breaks-out-in-ras-laffan-qatar-authorities-offer-condolences"
published_at: "2026-06-23T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a588664722_qatar.jpg"
keywords: ["Fire", "Qatar", "Ras Laffan", "Condolences", "Qatar Energy"]
---

#  13 പേരുടെ ജീവനെടുത്ത് ഖത്തർ സ്ഫോടനം: ദുഃഖവും അനുശോചനവും രേഖപ്പെടുത്തി ഖത്തർ എനർജി

> **Lead Summary:** **ദോഹ : ** ഖത്തർ എനർജിയുടെ റാസ് ലഫാനിലെ ബർസാൻ പ്ലാന്റിലുണ്ടായ അപകടത്തിൽ 12 ഇന്ത്യക്കാരുൾപ്പെടെ 13 പേർ മരിക്കുകയും 66 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഖത്തർ എനർജിയും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

## Article Content

**ദോഹ : ** ഖത്തർ എനർജിയുടെ റാസ് ലഫാനിലെ ബർസാൻ പ്ലാന്റിലുണ്ടായ അപകടത്തിൽ 12 ഇന്ത്യക്കാരുൾപ്പെടെ 13 പേർ മരിക്കുകയും 66 പേർക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഖത്തർ എനർജിയും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

ഇരയായവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും ഒപ്പമുണ്ടെന്നും പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.

ബാധിക്കപ്പെട്ടവർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകിവരുന്നുണ്ട്. മരിച്ചവരിൽ മലയാളിയും ഉണ്ടായിരുന്നു . കോഴിക്കോട് പുറമേരിക്കടുത്ത് തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ചത്. മരിച്ചവർ ഇന്ത്യ, പാക്കിസ്ഥാൻ സ്വദേശികളാണെന്ന് കമ്പനി അധികൃതർ അറിയിച്ചു.

പരുക്കേറ്റവരിൽ ഖത്തർ, ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, കെനിയ, ഘാന, ടാൻസനിയ, നൈജീരിയ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഉൾപ്പെടുന്നു. ഇതൊരു സാധാരണ പ്രവർത്തനപരമായ അപകടം മാത്രമാണെന്നും അട്ടിമറിയോ ആക്രമണമോ അല്ലെന്നും അധികൃതർ എടുത്തുപറഞ്ഞു.

അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ വർഷം ഡിസംബർ മുതൽ അടച്ചിട്ടിരുന്ന പ്ലാന്റ് അപകടം നടക്കുന്നതിന് രണ്ടു ദിവസം മുൻപാണ് പ്രവർത്തനം പുനരാരംഭിച്ചത്. സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ സഹായത്തോടെ എമർജൻസി റെസ്പോൺസ് ടീം ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കുകയും പൂർണമായി അണയ്ക്കുകയും ചെയ്തു. ബർസാൻ പ്ലാന്റിലും സമീപത്തെ മറ്റ് സംവിധാനങ്ങളിലും ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തി വരികയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/367842/fire-breaks-out-in-ras-laffan-qatar-authorities-offer-condolences)