---
title: "പുതിയ തലമുറയെ സംരക്ഷിക്കാൻ സൗദി;  പുകവലി നിയന്ത്രണം കർശനമാക്കുന്നു; പ്രായപരിധി 18-ൽ നിന്ന് 21 വയസ്സായി ഉയർത്താൻ ശുപാർശ"
english_title: "Saudi Arabia tightens smoking restrictions; recommends raising age limit from 18 to 21"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368098/saudi-arabia-tightens-smoking-restrictions-recommends-raising-age-limit-from-18-to-21"
published_at: "2026-06-24T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3bb11155a9d_SMOKE.jpg"
keywords: ["Smoking control", "Age limit", "Saudi", "King Khalid Foundation"]
---

# പുതിയ തലമുറയെ സംരക്ഷിക്കാൻ സൗദി;  പുകവലി നിയന്ത്രണം കർശനമാക്കുന്നു; പ്രായപരിധി 18-ൽ നിന്ന് 21 വയസ്സായി ഉയർത്താൻ ശുപാർശ

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയിൽ പുകവലിക്കാനുള്ള നിയമപരമായ പ്രായപരിധി 18-ൽ നിന്ന് 21 വയസ്സായി ഉയർത്താൻ ശുപാർശ. കുട്ടികളെ പുകയില ഉൽപന്നങ്ങളുടെ ദൂഷ്യഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി കിങ് ഖാലിദ് ഫൗണ്ടേഷൻ പുറത്തിറക്കിയ പുതിയ ഗവേഷണ റിപ്പോർട്ടിലാണ് ഈ സുപ്രധാന നിർദ്ദേശമുള്ളത്.

## Article Content

**റിയാദ് : **സൗദി അറേബ്യയിൽ പുകവലിക്കാനുള്ള നിയമപരമായ പ്രായപരിധി 18-ൽ നിന്ന് 21 വയസ്സായി ഉയർത്താൻ ശുപാർശ. കുട്ടികളെ പുകയില ഉൽപന്നങ്ങളുടെ ദൂഷ്യഫലങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി കിങ് ഖാലിദ് ഫൗണ്ടേഷൻ പുറത്തിറക്കിയ പുതിയ ഗവേഷണ റിപ്പോർട്ടിലാണ് ഈ സുപ്രധാന നിർദ്ദേശമുള്ളത്.

> “സൗദികളുടെ അടുത്ത തലമുറ, സൗദി അറേബ്യയിലെ ബാല്യം” എന്ന തലക്കെട്ടിൽ തയാറാക്കിയ ഒരു റിപ്പോർട്ടിൽ, രാജ്യത്തിലെ ബാല്യകാല അനുഭവങ്ങൾ വിവരിക്കുകയും കുട്ടികളും അവരുടെ കുടുംബങ്ങളും നേരിടുന്ന വെല്ലുവിളികൾ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

അതിനോടനുബന്ധിച്ചാണ് നിലവിലുള്ള റോയൽ ഡിക്രി നമ്പർ M/56 പ്രകാരം പുറപ്പെടുവിച്ച പുകവലി വിരുദ്ധ നിയമത്തിലെ ആർട്ടിക്കിൾ എട്ടിലെ ഖണ്ഡിക (4) ഭേദഗതി ചെയ്തുകൊണ്ട് നിയമപരമായ പുകവലി പ്രായം നിലവിലെ 18 വയസ്സിൽ നിന്ന് 21 വയസ്സായി ഉയർത്താനാണ് ഫൗണ്ടേഷൻ ശുപാർശ ചെയ്തിരിക്കുന്നത്.

കുട്ടികളുടെ അഭിരുചികൾ ലക്ഷ്യമിടുന്നതിനാൽ ഫ്ലേവേഡ് ഇ സിഗരറ്റുകളുടെ വിൽപന നിരോധിക്കുക, കുട്ടികൾക്കിടയിൽ അവയുടെ പ്രചാരം പരിമിതപ്പെടുത്തുന്നതിനും പരിസ്ഥിതിക്ക് ദോഷകരമായ മാലിന്യങ്ങൾ കുറയ്ക്കുന്നതിനും ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഇ -സിഗരറ്റുകളുടെ വിൽപന നിരോധിക്കുക എന്നിവയും ഫൗണ്ടേഷൻ്റെ ഗവേഷണ ശുപാർശകളിൽ ഉൾപ്പെടുന്നു.

പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി, മുനിസിപ്പാലിറ്റി, ഹൗസിങ് മന്ത്രാലയം, വാണിജ്യ മന്ത്രാലയം എന്നിവ പുറപ്പെടുവിച്ച ആവശ്യകതകളിൽ ഭേദഗതി വരുത്തി, ലൈസൻസുള്ള സ്റ്റോറുകളിൽ പുകയില ഉൽപന്നങ്ങൾ വാങ്ങുന്നയാളുടെ പ്രായം പരിശോധിക്കുന്നതിന് കർശനമായ നടപടിക്രമങ്ങൾ ഏർപ്പെടുത്തി, ദേശീയ തിരിച്ചറിയൽ കാർഡ്, റസിഡൻസ് പെർമിറ്റ്, പാസ്‌പോർട്ട് അല്ലെങ്കിൽ ഔദ്യോഗിക ഡിജിറ്റൽ ആപ്ലിക്കേഷനുകളിൽ ജനനത്തീയതി പരിശോധിച്ചുകൊണ്ട് ഡിജിറ്റൽ സ്റ്റോറുകളിലൂടെയും ഡെലിവറി ആപ്ലിക്കേഷനുകളിലൂടെയും പുകയില ഉൽപന്നങ്ങളുടെ വിൽപന നിരോധിക്കാനും സംഘടന ശുപാർശ ചെയ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368098/saudi-arabia-tightens-smoking-restrictions-recommends-raising-age-limit-from-18-to-21)