---
title: "കൂടുതല്‍ അവധി ....! വേനല്‍ച്ചൂടില്‍ ആശ്വാസവുമായി ദുബൈ; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവുകള്‍"
english_title: "Dubai Announces Flexible Working Hours for Government Employees During Summer"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368290/dubai-announces-flexible-working-hours-for-government-employees-during-summer"
published_at: "2026-06-25T12:41:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cd4e0e2860_Government_Employees_dubai.jpg"
keywords: ["Latest News", "Summer", "Flexible Working Hours", "Government Employees", "Dubai"]
---

# കൂടുതല്‍ അവധി ....! വേനല്‍ച്ചൂടില്‍ ആശ്വാസവുമായി ദുബൈ; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ ഇളവുകള്‍

> **Lead Summary:** ദുബൈ: വേനല്‍ക്കാലത്തെ കടുത്ത ചൂട് കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുബൈ. 2024ല്‍ ആരംഭിച്ച വാര്‍ഷിക പദ്ധതിയായ 'അവര്‍ ഫ്‌ലെക്‌സിബിള്‍ സമ്മര്‍' ജൂണ്‍ 29 മുതല്‍ സെപ്റ്റംബര്‍ 10 വരെയാണ് ഈ വര്‍ഷം നടപ്പിലാക്കുക.

## Article Content

ദുബൈ: വേനല്‍ക്കാലത്തെ കടുത്ത ചൂട് കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ദുബൈ. 2024ല്‍ ആരംഭിച്ച വാര്‍ഷിക പദ്ധതിയായ 'അവര്‍ ഫ്‌ലെക്‌സിബിള്‍ സമ്മര്‍' ജൂണ്‍ 29 മുതല്‍ സെപ്റ്റംബര്‍ 10 വരെയാണ് ഈ വര്‍ഷം നടപ്പിലാക്കുക.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാത്ത രീതിയില്‍ ജീവനക്കാരുടെ തൊഴില്‍ സമയം ക്രമീകരിക്കാനും, റിമോട്ട് വര്‍ക്കിങ് (വര്‍ക്ക് ഫ്രം ഹോം) സൗകര്യം നല്‍കാനും ഇതിലൂടെ സാധിക്കും.

**രണ്ട് രീതിയിലുള്ള തൊഴില്‍ സമയങ്ങള്‍**

* ആദ്യത്തെ രീതി: തിങ്കള്‍ മുതല്‍ വ്യാഴം വരെ പ്രതിദിനം 7 മണിക്കൂര്‍, വെള്ളിയാഴ്ച 4.5 മണിക്കൂര്‍ ജോലി സമയം.

* രണ്ടാമത്തെ രീതി: തിങ്കള്‍ മുതല്‍ വ്യാഴം വരെ പ്രതിദിനം 8 മണിക്കൂര്‍ ജോലി, വെള്ളിയാഴ്ച പൂര്‍ണ്ണമായും അവധി.

നിലവില്‍ മിക്ക സര്‍ക്കാര്‍ ജീവനക്കാര്‍ക്കും രണ്ടര ദിവസത്തെ വാരാന്ത്യ അവധി (വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം, ശനി, ഞായര്‍) ലഭിക്കുന്നുണ്ട്. പുതിയ തീരുമാനത്തോടെ ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ ദൈര്‍ഘ്യമുള്ള വാരാന്ത്യ അവധി ആസ്വദിക്കാന്‍ സാധിക്കും.

ജീവനക്കാരുടെ തൊഴില്‍, കുടുംബ ജീവിതങ്ങള്‍ തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനായി 2024ലാണ് ദുബൈ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഈ ഫ്‌ലെക്‌സിബിള്‍ വര്‍ക്കിങ് മോഡല്‍ വികസിപ്പിച്ചത്. 2026ലെ 'ഇയര്‍ ഓഫ് ഫാമിലി' ലക്ഷ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന ഈ പദ്ധതി, ജീവനക്കാര്‍ക്ക് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാനും അവരുടെ മാനസികശാരീരിക ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ്.

**ഉച്ചവിശ്രമ നിയമവും**

തൊഴിലാളികളുടെ സുരക്ഷയ്ക്കായി യു.എ.ഇ മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം ഇതിനോടകം പ്രാബല്യത്തിലുണ്ട്. തുടര്‍ച്ചയായ 22ാം വര്‍ഷമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് വിലക്കിയിട്ടുണ്ട്.

നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം വീതവും, ഒന്നിലധികം തൊഴിലാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പരമാവധി 50,000 ദിര്‍ഹം വരെയും പിഴ ചുമത്തും. മന്ത്രാലയത്തിന്റെ 600590000 എന്ന കാള്‍ സെന്റര്‍ നമ്പറിലൂടെയോ വെബ്‌സൈറ്റ് വഴിയോ നിയമലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം.

**ഡെലിവറി റൈഡര്‍മാര്‍ക്ക് വിശ്രമകേന്ദ്രങ്ങള്‍**

ഡെലിവറി റൈഡര്‍മാര്‍ക്ക് കനത്ത ചൂടില്‍ നിന്ന് ആശ്വാസം പകരുന്നതിനായി റോഡ് ഗതാഗത അതോറിറ്റി (ആര്‍.ടി.എ) താല്‍ക്കാലിക വിശ്രമകേന്ദ്രങ്ങള്‍ വിപുലീകരിച്ചു. മെട്രോ, ബസ് സ്റ്റേഷനുകളിലായി 23 വിശ്രമകേന്ദ്രങ്ങളാണ് ഇവര്‍ക്കായി സജ്ജമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പുതിയതായി എട്ട് സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിശ്രമകേന്ദ്രങ്ങളുടെ എണ്ണത്തില്‍ 53 ശതമാനം വര്‍ധനവാണ് ആര്‍.ടി.എ ഈ വര്‍ഷം വരുത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368290/dubai-announces-flexible-working-hours-for-government-employees-during-summer)