---
title: "മയക്കുമരുന്ന് വിരുദ്ധ നിയമം കർശനം; കുവൈത്തിൽ ലഹരിക്കടത്ത് ഗണ്യമായി കുറഞ്ഞുവെന്ന് ആഭ്യന്തര മന്ത്രി"
english_title: "Kuwait City, Strict Anti-Drug Laws, Sheikh Fahad Al-Yousef"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368550/kuwait-city-strict-anti-drug-laws-sheikh-fahad-al-yousef"
published_at: "2026-06-26T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e301ae0742_Kuwait_City,_Strict_Anti-Drug_Laws,_Sheikh_Fahad_Al-Yousef.jpg"
keywords: ["Latest News", "Kuwait", "Anti Drug Drive", "Kuwait Police", "Sheikh Fahad"]
---

# മയക്കുമരുന്ന് വിരുദ്ധ നിയമം കർശനം; കുവൈത്തിൽ ലഹരിക്കടത്ത് ഗണ്യമായി കുറഞ്ഞുവെന്ന് ആഭ്യന്തര മന്ത്രി

> **Lead Summary:** കുവൈത്ത് സിറ്റി : മയക്കുമരുന്ന് വിരുദ്ധ നിയമങ്ങൾ കർശനമാക്കിയതോടെ കുവൈത്തിൽ ലഹരിക്കടത്തും മയക്കുമരുന്ന് വ്യാപനവും ഗണ്യമായി കുറഞ്ഞതായി പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അറിയിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് സംഘടിപ്പിച്ച ദേശീയ ബോധവൽക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കുവൈത്ത് സിറ്റി : മയക്കുമരുന്ന് വിരുദ്ധ നിയമങ്ങൾ കർശനമാക്കിയതോടെ കുവൈത്തിൽ ലഹരിക്കടത്തും മയക്കുമരുന്ന് വ്യാപനവും ഗണ്യമായി കുറഞ്ഞതായി പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അറിയിച്ചു. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് സംഘടിപ്പിച്ച ദേശീയ ബോധവൽക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ മയക്കുമരുന്ന് നിയമം പ്രാബല്യത്തിൽ വന്നതിനുപിന്നാലെ രാജ്യത്തേക്ക് കടത്തുന്ന ലഹരിവസ്‌തുക്കളുടെ അളവിൽ 80 ശതമാനം ഇടിവുണ്ടായി. രാജ്യത്തിനുള്ളിലെ വിവിധ ഇനം മയക്കുമരുന്നുകളുടെ വില 200 മുതൽ 300 ശതമാനംവരെ ഉയർന്നതായും അദ്ദേഹം വ്യക്തമാക്കി. വിപണിയിൽ ലഹരിവസ്തുക്കളുടെ ലഭ്യത കുറഞ്ഞതിന്റെ സൂചനയായാണ് ഈ മാറ്റങ്ങളെ വിലയിരുത്തുന്നത്. ​കര, കടൽ, വ്യോമ മാർഗങ്ങളിലൂടെ മുമ്പ് കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്നെങ്കിലും ഇപ്പോൾ സ്ഥിതി വലിയ തോതിൽ മാറിയതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ആറുമാസത്തിലേറെയായി കര അതിർത്തി വഴിയായി ഒരു മയക്കുമരുന്ന് ഗുളികപോലും രാജ്യത്തേക്ക്‌ കടത്തിയിട്ടില്ല. കടൽ മാർഗമുള്ള കടത്തും ഒരുവർഷത്തിലേറെയായി ഫലപ്രദമായി തടയാനായി. ലഹരിവസ്‌തുക്കൾ കലർത്തിയ ദ്രാവകത്തിൽ പേപ്പറിൽ മുക്കി കടത്താൻ ശ്രമിക്കുന്നതുപോലുള്ള രീതികളും കണ്ടെത്തിയിട്ടുണ്ട്‌. കസ്റ്റംസ് ഉദ്യോഗസ്ഥരുടെയും മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന്റെയും ജാഗ്രതയും തുടർച്ചയായ പരിശീലനവും ഇത്തരം ശ്രമങ്ങൾ ചെറുക്കാൻ സഹായിക്കുന്നു.

​പുതിയ നിയമപ്രകാരം ലഹരി കടത്തിന് വധശിക്ഷവരെ ലഭിക്കാവുന്ന തരത്തിൽ ശിക്ഷാ വ്യവസ്ഥ കർശനമാക്കിയിട്ടുണ്ട്‌. പുതിയ നിയമം പ്രാബല്യത്തിൽ വന്നശേഷം വെറും മൂന്നുമാസത്തിനിടെ മയക്കുമരുന്ന് കടത്ത് കേസുകൾ 44 ശതമാനം കുറഞ്ഞു. ​ലഹരിബാധിതർക്കുള്ള ചികിത്സയും പുനരധിവാസവും ശക്തിപ്പെടുത്താനുമായി കുവൈത്തിലെ ഏറ്റവും വലിയ പ്രത്യേക ലഹരി ചികിത്സാ കേന്ദ്രം ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

​അവന്യൂസ് മാളിൽ നടന്ന പരിപാടിയിൽ നീതിന്യായ മന്ത്രി നാസർ അൽ സുമൈത്, ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവദി, സാമൂഹിക മന്ത്രി ഡോ. അംതാൽ അൽ ഹുവൈല എന്നിവരും പങ്കെടുത്തു. മയക്കുമരുന്ന് ഭീഷണിയെ നേരിടാൻ ബോധവൽക്കരണം, പ്രതിരോധം, ചികിത്സ, നിയമനടപടികൾ എന്നിവ ഒരുമിച്ച് ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് പങ്കെടുത്തവർ മുന്നോട്ടുവച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368550/kuwait-city-strict-anti-drug-laws-sheikh-fahad-al-yousef)