---
title: "പകൽ കനത്ത ചൂട് ...! സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം, ദുബൈയിൽ തൊഴിലാളികൾക്കു മാർഗനിർദേശവുമായി മാനവ വിഭവശേഷി മന്ത്രാലയം"
english_title: "new guidelines issued amidst rising temperatures in dubai "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368791/new-guidelines-issued-amidst-rising-temperatures-in-dubai"
published_at: "2026-06-27T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06d559b8723_uae_heat.jpg"
keywords: ["Latest News", "Temperatures Dubai", "New Guidelines"]
---

# പകൽ കനത്ത ചൂട് ...! സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം, ദുബൈയിൽ തൊഴിലാളികൾക്കു മാർഗനിർദേശവുമായി മാനവ വിഭവശേഷി മന്ത്രാലയം

> **Lead Summary:** ദുബായ്: പകൽ ചൂട് കനത്തതോടെ തൊഴിലാളികൾക്കു സുരക്ഷാ മാർഗനിർദേശവുമായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ജോലി സ്ഥലത്തും താമസ സ്ഥലത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. മന്ത്രാലയത്തിന്റെ മാനദണ്ഡപ്രകാരം തൊഴിലാളികൾക്കു താമസ സൗകര്യം ഒരുക്കണം. താമസയിടം നൽകാത്ത തൊഴിലുടമകൾ തൊഴിലാളികൾക്കു അലവൻസ് നൽകണം.

## Article Content

ദുബായ്: പകൽ ചൂട് കനത്തതോടെ തൊഴിലാളികൾക്കു സുരക്ഷാ മാർഗനിർദേശവുമായി മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ജോലി സ്ഥലത്തും താമസ സ്ഥലത്തും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. മന്ത്രാലയത്തിന്റെ മാനദണ്ഡപ്രകാരം തൊഴിലാളികൾക്കു താമസ സൗകര്യം ഒരുക്കണം. താമസയിടം നൽകാത്ത തൊഴിലുടമകൾ തൊഴിലാളികൾക്കു അലവൻസ് നൽകണം.

വൈദ്യസഹായത്തിന്റെ ചെലവും സ്പോൺസർ വഹിക്കണം. പരുക്കേറ്റാൽ ഔദ്യോഗിക മെഡിക്കൽ സെന്ററിൽ റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം പൊലീസ് സ്റ്റേഷനിലും വിവരം അറിയിക്കണം. 48 മണിക്കൂറിനകം മന്ത്രാലയത്തിലും വിവരം നൽകണം. ‌

തൊഴിലാളിയുടെ പേര്, പ്രായം, തൊഴിൽ തസ്തിക, ദേശം, ജോലിസ്ഥലം, ഐഡി നമ്പർ, അപകടത്തെയോ രോഗത്തെയോ കുറിച്ചുള്ള ഹ്രസ്വ വിവരണം, തൊഴിൽ സാഹചര്യങ്ങൾ, തൊഴിലാളിയെ രക്ഷപ്പെടുത്തുന്നതിനും ചികിത്സിക്കുന്നതിനും സ്വീകരിച്ച നടപടിക്രമങ്ങൾ എന്നിവയും ഉൾപ്പെടുത്തണം.

**ചികിത്സാ വിവരങ്ങൾ നൽകണം**

തൊഴിലാളിക്കു നൽകിയ പ്രാഥമിക ചികിത്സയുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചു മന്ത്രാലയത്തിൽ റിപ്പോർട്ട് സമർപ്പിക്കണം.

ജോലി സമയങ്ങളിൽ സംഭവിക്കുന്ന പരുക്കുകൾ, തൊഴിൽ സംബന്ധമായ രോഗങ്ങൾ, തീപിടിത്തങ്ങൾ, യന്ത്രസാമഗ്രികളുടെയും തൊഴിൽ ഉപകരണങ്ങളുടെയും ഉപയോഗം മൂലമുണ്ടാകുന്ന ഇതര അപകടങ്ങൾ എന്നിവ തടയാൻ പ്രതിരോധ സംവിധാനങ്ങൾ തൊഴിലിടങ്ങളിൽ വേണമെന്നും മന്ത്രാലയം അറിയിച്ചു. അത്യാഹിത സന്ദർഭങ്ങളിൽ ഇടപെടുന്നതിനെ കുറിച്ച് തൊഴിലാളിക്ക് മനസ്സിലാകുന്ന ഭാഷയിൽ സുരക്ഷ നിർദേശിക്കണം.

വീണു പരുക്കേൽക്കാൻ സാധ്യതയുള്ള ജോലികൾ, തൊഴിലാളികളുടെ മേൽ പതിക്കാൻ സാധ്യതയുള്ള വസ്തുക്കൾ, മൂർച്ചയുള്ള വസ്തുക്കൾ, ചൂടുള്ളതോ പൊള്ളൽ ഏൽക്കുന്നതോ ആയ ദ്രാവകങ്ങൾ, കത്തുന്നതോ സ്ഫോടനാത്മകമായതോ ആയ വസ്തുക്കൾ എന്നിവയിൽ നിന്ന് ജീവനക്കാരെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.

**ഈ സമയം മറക്കേണ്ട**

∙ജോലി ആരംഭിക്കുന്നതിന് മുൻപ് തന്നെ തൊഴിലുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് അറിയിക്കുക.

∙യോഗ്യതയുള്ള ഒരു പാരാമെഡിക്കൽ സ്റ്റാഫിനു പ്രഥമശുശ്രൂഷയുടെ മേൽനോട്ടം നൽകുക.

∙അഗ്നിരക്ഷാ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ പരിശീലിപ്പിക്കുക

∙വൈദ്യുതി, കംപ്രസ് ചെയ്ത വാതകങ്ങൾ എന്നിവയുടെ അപകടങ്ങളിൽ നിന്ന് സംരക്ഷണം നൽകുക

∙സെപ്റ്റംബർ 15 വരെ പ്രഖ്യാപിച്ച ഉച്ചവിശ്രമ നിയമം കമ്പനികൾ പാലിക്കണം.

∙ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെ തുറസ്സായ സ്ഥലങ്ങളിൽ തൊഴിലാളികളെ ജോലിയെടുപ്പിക്കരുത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368791/new-guidelines-issued-amidst-rising-temperatures-in-dubai)