---
title: "പുതിയൊരു ചരിത്ര ചുവടുവെപ്പുകൂടി, അബൂദബിയിൽ സ്വയംനിയന്ത്രിത ബോട്ടുകളുടെ പരീക്ഷണയോട്ടത്തിന് ചട്ടക്കൂട് പുറത്തിറക്കി"
english_title: "abu dhabi launches new framework to regulate testing of autonomous marine vessels "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368797/abu-dhabi-launches-new-framework-to-regulate-testing-of-autonomous-marine-vessels"
published_at: "2026-06-27T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f908607d77_boat.jpg"
keywords: ["Latest News", "Marine Vessels", "Launches New Framework", "Abu Dhabi"]
---

# പുതിയൊരു ചരിത്ര ചുവടുവെപ്പുകൂടി, അബൂദബിയിൽ സ്വയംനിയന്ത്രിത ബോട്ടുകളുടെ പരീക്ഷണയോട്ടത്തിന് ചട്ടക്കൂട് പുറത്തിറക്കി

> **Lead Summary:** അബൂദബി: സ്മാർട്ട് ഗതാഗത രംഗത്ത് പുതിയൊരു ചരിത്ര ചുവടുവെപ്പുകൂടി നടത്തി അബൂദബി. ഗൾഫ് മേഖലയിലെ സമുദ്ര സാങ്കേതിക വിദ്യകൾക്ക് ഊർജം പകർന്ന് സ്വയംനിയന്ത്രിത ചെറുകിട കപ്പലുകളുടെയും ബോട്ടുകളുടെയും പരീക്ഷണ ഓട്ടം നിയന്ത്രിക്കുന്നതിനുള്ള പുതിയ ചട്ടക്കൂട് പ്രഖ്യാപിച്ചു.

## Article Content

അബൂദബി: സ്മാർട്ട് ഗതാഗത രംഗത്ത് പുതിയൊരു ചരിത്ര ചുവടുവെപ്പുകൂടി നടത്തി അബൂദബി. ഗൾഫ് മേഖലയിലെ സമുദ്ര സാങ്കേതിക വിദ്യകൾക്ക് ഊർജം പകർന്ന് സ്വയംനിയന്ത്രിത ചെറുകിട കപ്പലുകളുടെയും ബോട്ടുകളുടെയും പരീക്ഷണ ഓട്ടം നിയന്ത്രിക്കുന്നതിനുള്ള പുതിയ ചട്ടക്കൂട് പ്രഖ്യാപിച്ചു.

സ്മാർട്ട് ആന്റ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ (SASC) മേൽനോട്ടത്തിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആന്റ് ട്രാൻസ്‌പോർട്ട്, അബൂദബി മൊബിലിറ്റി എന്നിവയുമായി സഹകരിച്ചാണ് പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചത്.

സ്വയംനിയന്ത്രിത ബോട്ടുകളുടെ പരീക്ഷണങ്ങൾ നടത്തുന്ന എല്ലാ കമ്പനികളും ഡെവലപ്പർമാരും നിർബന്ധമായും മുൻകൂട്ടി പെർമിറ്റ് എടുത്തിരിക്കണം. നിലവിലുള്ള സമുദ്ര ഗതാഗതത്തെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലായിരിക്കണം പരീക്ഷണങ്ങൾ. ആളുകളുടെയും മറ്റ് ബോട്ടുകളുടെയും സുരക്ഷ പൂർണമായും ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി.

സ്വയംനിയന്ത്രിത സംവിധാനങ്ങളെ ബാധിക്കുന്ന സൈബർ ഭീഷണികൾ പ്രതിരോധിക്കാൻ കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ വേണം. കൂടാതെ, പരീക്ഷണങ്ങളിൽ ഏർപ്പെടുന്ന കമ്പനികൾക്ക് മതിയായ ഇൻഷുറൻസ് പരിരക്ഷയും നിർബന്ധമാണ്.

കടൽ പരിസ്ഥിതിക്ക് യാതൊരുവിധ കോട്ടവും തട്ടാത്ത രീതിയിലായിരിക്കണം പരീക്ഷണങ്ങളെന്ന് ചട്ടങ്ങളിൽ വ്യക്തമാക്കുന്നു. സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഈ രംഗത്തെ നൂതന സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഭാവിയിലെ സ്മാർട്ട് ഗതാഗത സാങ്കേതികവിദ്യകളെ പ്രാപ്തമാക്കുന്നതിലും സുസ്ഥിരമായ യാത്രാ മാർ​ഗങ്ങൾ സ്വീകരിക്കുന്നതിലും അബൂദബിയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തുന്ന സുപ്രധാന ചുവടുവെപ്പാണിതെന്ന് അബൂദബി മൊബിലിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുള്ള ഹമദ് അൽ ഗഫീലി പറഞ്ഞു.

സമുദ്ര സുരക്ഷ, പരിസ്ഥിതി സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് 2025-ൽ കൊണ്ടുവന്ന മുൻ നിയമങ്ങളുടെ തുടർച്ചയായാണ് ഈ പുതിയ ഭേദഗതി. സാങ്കേതിക വിദ്യ വികസിപ്പിക്കുന്നവർക്കും നിക്ഷേപകർക്കും സുതാര്യമായ അന്തരീക്ഷം ഒരുക്കുന്നതിലൂടെ അബൂദബിയെ ആഗോള സമുദ്ര നവീകരണ കേന്ദ്രമാക്കി മാറ്റാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368797/abu-dhabi-launches-new-framework-to-regulate-testing-of-autonomous-marine-vessels)