---
title: "എന്റെ നെഞ്ചിടിപ്പ് നിന്നുപോയി! യുഎഇയിൽ പരിഭ്രാന്തി പരത്തി ജനങ്ങളുടെ ഫോണുകളിലെത്തിയ അടിയന്തര സൈറൺ"
english_title: "UAE, missile attack warning message on mobile phones"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/368822/uae-missile-attack-warning-message-on-mobile-phones"
published_at: "2026-06-27T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3fa27eafe61_phone_siren.jpg"
keywords: ["Latest News", "Gulf News", "UAE", "Mobile Phones Siren", "Missile Attack Warning"]
---

# എന്റെ നെഞ്ചിടിപ്പ് നിന്നുപോയി! യുഎഇയിൽ പരിഭ്രാന്തി പരത്തി ജനങ്ങളുടെ ഫോണുകളിലെത്തിയ അടിയന്തര സൈറൺ

> **Lead Summary:** **ദുബായ്: **യുഎഇയിൽ വെള്ളിയാഴ്ച വൈകുന്നേരം ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ മിസൈൽ ആക്രമണ മുന്നറിയിപ്പ് സന്ദേശം എത്തിയത് പരിഭ്രാന്തി പടർത്തിയിരുന്നു.

## Article Content

**ദുബായ്: **യുഎഇയിൽ വെള്ളിയാഴ്ച വൈകുന്നേരം ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ മിസൈൽ ആക്രമണ മുന്നറിയിപ്പ് സന്ദേശം എത്തിയത് പരിഭ്രാന്തി പടർത്തിയിരുന്നു.

നീണ്ട 53 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഎഇയിലെ താമസക്കാരുടെ മൊബൈൽ ഫോണുകളിൽ വീണ്ടും അടിയന്തര സുരക്ഷാ മുന്നറിയിപ്പിന്‍റെ സൈറൺ ശബ്ദം മുഴങ്ങിയത്.

എന്നാൽ, നിമിഷങ്ങൾക്കകം തന്നെ മുൻപ് ലഭിച്ച മുന്നറിയിപ്പ് അവഗണിക്കണമെന്ന വ്യക്തമാക്കലോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ അടുത്ത സന്ദേശവുമെത്തി. സിസ്റ്റത്തിലുണ്ടായ പെട്ടെന്നുള്ള സാങ്കേതിക തകരാർ കാരണമാണ് ഈ തെറ്റായ സന്ദേശം പ്രചരിച്ചതെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു.

അപ്രതീക്ഷിതമായി സംഭവിച്ച ഈ സാങ്കേതിക തകരാറിൽ അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും പൊതുജനങ്ങളോട് ക്ഷമാപണം നടത്തി. തകരാർ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രത്യേക സംഘം അത് പരിഹരിച്ചതായും സേവനം പൂർവ്വസ്ഥിതിയിലാക്കിയതായും അധികൃതർ അറിയിച്ചു.

ഔദ്യോഗിക ചാനലുകൾ വഴി വരുന്ന വിവരങ്ങൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും എൻസിഇഎംഎ നിർദ്ദേശിച്ചു. മേഖലയിലെ മുൻകാല സാഹചര്യങ്ങൾ കാരണം സന്ദേശം വന്നയുടൻ ജനങ്ങളിൽ വലിയ പരിഭ്രാന്തി പടർന്നു. പലരും ജോലിസ്ഥലങ്ങളിലും വീടുകളിലും എന്തുചെയ്യണമെന്നറിയാതെ നിശ്ചലരായി.

'സന്ദേശം വന്നയുടൻ എന്റെ നെഞ്ചിടിപ്പ് നിന്നുപോയതുപോലെ തോന്നി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇത്തരം അലർട്ടുകൾ ശീലമായിരുന്നെങ്കിലും, അടുത്തിടെ സമാധാനം പുനഃസ്ഥാപിച്ചതിന് ശേഷം ഇത് പൂർണ്ണമായും നിലച്ചത് വലിയ ആശ്വാസമായിരുന്നു. ഓഫീസിലുള്ളവരെല്ലാം ഫോണുകളിലേക്ക് നോക്കി വാർത്തകൾ സ്ഥിരീകരിക്കാനുള്ള തിരക്കിലായിരുന്നു' - ഫിലിപ്പീൻസ് സ്വദേശിയായ ബെൻ റാമസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/368822/uae-missile-attack-warning-message-on-mobile-phones)