---
title: "കുവൈറ്റിൽ മദ്യപാനത്തിനിടെ തർക്കം; പ്രവാസി കുത്തേറ്റ് മരിച്ചു, സുഹൃത്ത് പിടിയിൽ"
english_title: "Expatriate stabbed to death in Kuwait over drinking dispute friend arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369083/expatriate-stabbed-to-death-in-kuwait-over-drinking-dispute-friend-arrested"
published_at: "2026-06-28T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a414c7d2e314_CRIME.jpg"
keywords: ["Latest News", "Crime", "Kuwait"]
---

# കുവൈറ്റിൽ മദ്യപാനത്തിനിടെ തർക്കം; പ്രവാസി കുത്തേറ്റ് മരിച്ചു, സുഹൃത്ത് പിടിയിൽ

> **Lead Summary:** കുവൈറ്റിലെ ജിലീബ് അൽ-ശുയൂഖ് പ്രദേശത്തുണ്ടായ വ്യക്തിവൈരാഗ്യത്തെ തുടർന്ന് തമിഴ്‌നാട് സ്വദേശി കുത്തേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലുള്ള മന്നാർഗുഡി സ്വദേശി ശങ്കർ ആണ് വെള്ളിയാഴ്ച വൈകീട്ടോടെ കൊല്ലപ്പെട്ടത്.

## Article Content

കുവൈറ്റിലെ ജിലീബ് അൽ-ശുയൂഖ് പ്രദേശത്തുണ്ടായ വ്യക്തിവൈരാഗ്യത്തെ തുടർന്ന് തമിഴ്‌നാട് സ്വദേശി കുത്തേറ്റ് മരിച്ചു. തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലുള്ള മന്നാർഗുഡി സ്വദേശി ശങ്കർ ആണ് വെള്ളിയാഴ്ച വൈകീട്ടോടെ കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് ശങ്കറിന്റെ നാട്ടുകാരനും സുഹൃത്തുമായ പ്രതിയെ ജിലീബ് കുറ്റാന്വേഷണ വിഭാഗം (സിഐഡി) ഉടനടി അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് പ്രതിയിൽ നിന്ന് കണ്ടെടുത്തു.

സാമ്പത്തിക തർക്കമാണ് ദാരുണമായ ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ശങ്കറും പ്രതിയും ഒരേ നാട്ടുകാരും അടുത്ത സുഹൃത്തുക്കളുമായിരുന്നു.

സംഭവദിവസം ഇരുവരും മറ്റ് സുഹൃത്തുക്കൾക്കൊപ്പം ജിലീബിലെ തങ്ങളുടെ താമസസ്ഥലത്ത് ഇരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെ ഇവർക്കിടയിൽ മുൻപുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെച്ചൊല്ലി തർക്കമുണ്ടാകുകയും അത് രൂക്ഷമായി കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിക്കുകയുമായിരുന്നു.

ആക്രമണത്തിനിടെ മുറിയിലുണ്ടായിരുന്ന മറ്റൊരു താമസക്കാരനെയും പ്രതി വധിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ പരിക്കേൽക്കാതെ ഭാഗ്യത്തിന് രക്ഷപ്പെട്ടു. പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്യാൻ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടിട്ടുണ്ട്.

പ്രതിക്കെതിരെ ആസൂത്രിത കൊലപാതകക്കുറ്റം ചുമത്തിയാണ് കുവൈറ്റ് സുരക്ഷാ അധികൃതർ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തുടർനടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ജിലീബ് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369083/expatriate-stabbed-to-death-in-kuwait-over-drinking-dispute-friend-arrested)