---
title: "ഖത്തറിൽ ബോട്ട് അപകടം: ഒരു മരണം, ഒരാൾക്ക് പരിക്ക്"
english_title: "Boat accident in Qatar: One dead, one injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369126/boat-accident-in-qatar-one-dead-one-injured"
published_at: "2026-06-29T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41eea17d4de_QTR.jpg"
keywords: ["Qatar boat accident", "Qatar Coast Guard search", "Doha news", "Qatari national dies"]
---

# ഖത്തറിൽ ബോട്ട് അപകടം: ഒരു മരണം, ഒരാൾക്ക് പരിക്ക്

> **Lead Summary:** **ദോഹ: ** ഖത്തറിൽ രണ്ട് പേരുമായി പോയ ബോട്ട് നിശ്ചിത സമയത്ത് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിൽ ഒരാളെ കൊല്ലപ്പെട്ട നിലയിലും മറ്റൊരാളെ പരുക്കുകളോടെയും കണ്ടെത്തി. മരിച്ചയാൾ ഖത്തർ സ്വദേശിയാണ്. പരുക്കേറ്റ അറബ് വംശജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

## Article Content

**ദോഹ: ** ഖത്തറിൽ രണ്ട് പേരുമായി പോയ ബോട്ട് നിശ്ചിത സമയത്ത് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിൽ ഒരാളെ കൊല്ലപ്പെട്ട നിലയിലും മറ്റൊരാളെ പരുക്കുകളോടെയും കണ്ടെത്തി. മരിച്ചയാൾ ഖത്തർ സ്വദേശിയാണ്. പരുക്കേറ്റ അറബ് വംശജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

കഴിഞ്ഞ ദിവസം (ശനി) വൈകുന്നേരത്തോടെയാണ് ബോട്ട് കാണാതായത്. നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും ബോട്ട് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റിയുടെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡ് പെട്രോളിങ് സംഘം ഉടൻ തന്നെ കടലിൽ വ്യാപക തിരച്ചിൽ ആരംഭിക്കുകയായിരുന്നു.

ഇന്നലെ പുലർച്ചെയോടെ മാരിടൈം സെർച്ച് ആൻഡ് റെസ്ക്യൂ ടീം ബോട്ട് കണ്ടെത്തി. ഈ മേഖലയിലുണ്ടായ സൈനിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഷെൽ അവശിഷ്ടങ്ങൾ തട്ടിയാണ് ഖത്തർ സ്വദേശിക്ക് ജീവൻ നഷ്ടമായതെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.

അപകടത്തിൽ മരിച്ച ഖത്തർ സ്വദേശിയുടെ കുടുംബത്തെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു. പരുക്കേറ്റയാൾ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിക്രമങ്ങൾ അനുസരിച്ചുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369126/boat-accident-in-qatar-one-dead-one-injured)