---
title: "സിറിയയിലെ ഇസ്രായേൽ കടന്നുകയറ്റം: ശക്തമായി അപലപിച്ച് സൗദി അറേബ്യ; അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് വിദേശകാര്യ മന്ത്രാലയം"
english_title: "Israeli attack in Syria, Quneitra and Daraa province attack, violation of international law"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369287/israeli-attack-in-syria-quneitra-and-daraa-province-attack-violation-of-international-law"
published_at: "2026-06-29T17:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42644bdd9e8_Israeli_attack_in_Syria,_Quneitra_and_Daraa_province_attack,_violation_of_international_law.jpg"
keywords: ["Latest News", "Israel Syria Attack", "Saudi Condemns Israel"]
---

# സിറിയയിലെ ഇസ്രായേൽ കടന്നുകയറ്റം: ശക്തമായി അപലപിച്ച് സൗദി അറേബ്യ; അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമെന്ന് വിദേശകാര്യ മന്ത്രാലയം

> **Lead Summary:** റിയാദ്: സിറിയൻ ഭൂപ്രദേശങ്ങളിലേക്ക് ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന കടന്നുകയറ്റത്തെയും നഗ്നമായ നിയമലംഘനങ്ങളെയും സൗദി അറേബ്യ ശക്തമായി അപലപിച്ചു. സിറിയയിലെ ഖുനൈത്ര, ദർഅ എന്നീ പ്രവിശ്യകളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ പീരങ്കിയാക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മേഖലയിലെ സമാധാനശ്രമങ്ങൾക്ക് ഇത്തരം സൈനിക നടപടികൾ വൻ ഭീഷണിയാണെന്നും സൗദി ഭരണകൂടം ഓർമ്മിപ്പിച്ചു.

## Article Content

റിയാദ്: സിറിയൻ ഭൂപ്രദേശങ്ങളിലേക്ക് ഇസ്രായേൽ അധിനിവേശ സേന നടത്തുന്ന കടന്നുകയറ്റത്തെയും നഗ്നമായ നിയമലംഘനങ്ങളെയും സൗദി അറേബ്യ ശക്തമായി അപലപിച്ചു. സിറിയയിലെ ഖുനൈത്ര, ദർഅ എന്നീ പ്രവിശ്യകളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ പീരങ്കിയാക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. മേഖലയിലെ സമാധാനശ്രമങ്ങൾക്ക് ഇത്തരം സൈനിക നടപടികൾ വൻ ഭീഷണിയാണെന്നും സൗദി ഭരണകൂടം ഓർമ്മിപ്പിച്ചു.

മേഖലയിൽ ഇസ്രായേൽ സേന തുടരുന്ന ക്രൂരതകളും സമാധാനപ്രിയരായ സാധാരണ ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന നടപടികളും യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ മന്ത്രാലയം ചൂണ്ടിക്കാട്ടി. അന്താരാഷ്​ട്ര ഉടമ്പടികളെയും മാനദണ്ഡങ്ങളെയും കാറ്റിൽപ്പറത്തുന്നതാണ് ഇസ്രായേലി​െൻറ ഈ നീക്കങ്ങൾ.

സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റങ്ങൾ അടിയന്തരമായി അവസാനിപ്പിക്കേണ്ടതുണ്ടെന്ന് സൗദി അറേബ്യ ഊന്നിപ്പറഞ്ഞു. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി 1974-ലെ സൈന്യങ്ങളെ പിൻവലിക്കാനുള്ള കരാർ പൂർണമായും പാലിക്കാൻ എല്ലാ വിഭാഗങ്ങളും ബാധ്യസ്ഥരാണെന്നും, സിറിയയുടെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതയ്ക്കും രാജ്യം എന്നും ഒപ്പമുണ്ടാകുമെന്നും പ്രസ്താവനയിൽ ആവർത്തിച്ചു.

അതേസമയം, തെക്കൻ സിറിയയിലെ സുരക്ഷാ മേഖലയിൽ ഒരുകൂട്ടം സായുധരെ വധിച്ചതായി ഞായറാഴ്ച വൈകുന്നേരം ഇസ്രായേൽ അധിനിവേശ സൈന്യം അവകാശപ്പെട്ടിരുന്നു. തങ്ങളുടെ രാജ്യത്തിനും സൈന്യത്തിനും നേരെയുള്ള ഭീഷണികൾ ഇല്ലാതാക്കുന്നതിനായി ഈ മേഖലയിൽ സൈനിക നടപടികൾ തുടരുമെന്നാണ് ഇസ്രായേൽ നൽകുന്ന മുന്നറിയിപ്പ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369287/israeli-attack-in-syria-quneitra-and-daraa-province-attack-violation-of-international-law)