---
title: "അശ്രദ്ധമായി വാഹനമോടിച്ചു; അബുദാബിയിൽ ഡ്രൈവർക്ക് ആറുമാസം തടവും 70,000 ദിർഹം പിഴയും"
english_title: "abu dhabi court imposes heavy penalty for reckless driving"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369292/abu-dhabi-court-imposes-heavy-penalty-for-reckless-driving"
published_at: "2026-06-29T18:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b6dd151a12_court.jpg"
keywords: ["Latest News", "Reckless Driving", "Heavy Penalty", "Abu Dhabi Court"]
---

# അശ്രദ്ധമായി വാഹനമോടിച്ചു; അബുദാബിയിൽ ഡ്രൈവർക്ക് ആറുമാസം തടവും 70,000 ദിർഹം പിഴയും

> **Lead Summary:** അബുദാബി: പൊതുനിരത്തിൽ സ്വന്തം ജീവനും മറ്റു യാത്രക്കാരുടെ ജീവനും അപകടപ്പെടുത്തുന്ന രീതിയിൽ അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ച സ്വദേശി ഡ്രൈവർക്ക് അബുദാബി ക്രിമിനൽ കോടതി ആറുമാസം തടവും 50,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു. റോഡിൽ അപകടകരമായ രീതിയിൽ പലതവണ വാഹനം വെട്ടിച്ചതിനാണ് നടപടി.

## Article Content

അബുദാബി: പൊതുനിരത്തിൽ സ്വന്തം ജീവനും മറ്റു യാത്രക്കാരുടെ ജീവനും അപകടപ്പെടുത്തുന്ന രീതിയിൽ അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ച സ്വദേശി ഡ്രൈവർക്ക് അബുദാബി ക്രിമിനൽ കോടതി ആറുമാസം തടവും 50,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു. റോഡിൽ അപകടകരമായ രീതിയിൽ പലതവണ വാഹനം വെട്ടിച്ചതിനാണ് നടപടി.

പിഴയ്ക്കും തടവുശിക്ഷയ്ക്കും പുറമെ, കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനത്തിന്റെ മൂല്യമായി 20,000 ദിർഹം കൂടി കോടതിയിൽ ഒടുക്കാൻ ഡ്രൈവറോട് ഉത്തരവിട്ടിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട വാഹനം മറ്റൊരാളുടേതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. ഇതോടെ ആകെ സാമ്പത്തിക പിഴ 70,000 ദിർഹമായി ഉയർന്നു.

തടവുശിക്ഷ പൂർത്തിയാക്കിയ ശേഷം പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കാനും കോടതി ഉത്തരവിട്ടു.

പൊതുനിരത്തിൽ അപകടകരമായ രീതിയിൽ വാഹനം വെട്ടിച്ചു ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും അബുദാബി പബ്ലിക് പ്രോസിക്യൂഷൻ കേസ് നേരിട്ട് കോടതിയിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. പൊലീസ് റിപോർട്ടുകൾ, അന്വേഷണ രേഖകൾ, സാങ്കേതിക റിപോർട്ടുകൾ, റോഡിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.

വിധിക്ക് പിന്നാലെ, യുഎഇയിലെ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും ഉത്തരവാദിത്തത്തോടെ വാഹനമോടിച്ച് റോഡ് സുരക്ഷ ഉറപ്പാക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. അപകടകരമായ ഇത്തരം ഡ്രൈവിങ് രീതികൾ കർശന നിയമനടപടികൾക്കും കടുത്ത ശിക്ഷകൾക്കും കാരണമാകുമെന്നും അധികൃതർ ഓർമിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369292/abu-dhabi-court-imposes-heavy-penalty-for-reckless-driving)