---
title: "മകളെ ഉറക്കി കിടത്തി സാധനം വാങ്ങാൻ കടയിലേക്ക് പോയി, തിരികെയെത്തിയ അമ്മ കണ്ടത് ചേതനയറ്റ കുഞ്ഞിനെ; ദക്ഷയുടെ മരണത്തിൽ മനമുലഞ്ഞ് പ്രവാസ ലോകം"
english_title: "Death of a four-year-old girl in Oman, Malayali girl dies after falling from a building, World of Diaspora"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/369481/death-of-a-four-year-old-girl-in-oman-malayali-girl-dies-after-falling-from-a-building-world-of-diaspora"
published_at: "2026-06-30T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43898656075_daksha.jpg"
keywords: ["Latest News", "Gulf News", "Daksha Death", "Oman", "Child Death"]
---

# മകളെ ഉറക്കി കിടത്തി സാധനം വാങ്ങാൻ കടയിലേക്ക് പോയി, തിരികെയെത്തിയ അമ്മ കണ്ടത് ചേതനയറ്റ കുഞ്ഞിനെ; ദക്ഷയുടെ മരണത്തിൽ മനമുലഞ്ഞ് പ്രവാസ ലോകം

> **Lead Summary:** **മസ്കറ്റ്: **ഒമാനിലെ റുസൈലിൽ നാലുവയസ്സുകാരിയായ മലയാളി ബാലിക കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിന്‍റെ ആഘാതത്തിലാണ് പ്രവാസ ലോകം. അച്ഛനെ കാണാൻ പ്രവാസ ലോകത്തിലേക്ക് എത്തിയ ദക്ഷ മടങ്ങിയത് ചേതനയറ്റ ശരീരവുമായി.

## Article Content

**മസ്കറ്റ്: **ഒമാനിലെ റുസൈലിൽ നാലുവയസ്സുകാരിയായ മലയാളി ബാലിക കെട്ടിടത്തിൽ നിന്ന് വീണുമരിച്ച സംഭവത്തിന്‍റെ ആഘാതത്തിലാണ് പ്രവാസ ലോകം. അച്ഛനെ കാണാൻ പ്രവാസ ലോകത്തിലേക്ക് എത്തിയ ദക്ഷ മടങ്ങിയത് ചേതനയറ്റ ശരീരവുമായി.

തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറ പിലാക്കാട് ചങ്കരത്ത് തെക്കേതില്‍ പ്രദീപിന്റെയും ഭാര്യ ദിവ്യയുടെയും മകള്‍ ദക്ഷ പ്രദീപ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. അടുത്തിടെയാണ് ദിവ്യയും മകളും സന്ദര്‍ശന വിസയില്‍ ഒമാനിലെത്തിയത്. ഭർത്താവ് ജോലി ചെയ്യന്ന സൂപ്പർ മാർക്കറ്റിലേക്ക് സാധനം വാങ്ങാൻ മകളെ ഉറക്കി കിടത്തി പോയതായിരുന്നു ദിവ്യ. എന്നാൽ തിരികെ എത്തിയ ദിവ്യ പിന്നീട് കണ്ടത് ജീവനറ്റ തന്റെ മകളെയായിരുന്നു.

ആ കുടുംബത്തിന്‍റെ സന്തോഷം ഒരു നിമിഷത്തെ അശ്രദ്ധയിൽ തീരാനോവായി മാറുകയായിരുന്നു. വൈഫൈ കണക്ഷന് വേണ്ടി ജനലിലെ നെറ്റിൽ ദ്വാരമുണ്ടാക്കിയതിന്റെ വിടവിലൂടെയാണ് മരണപ്പെട്ട ദക്ഷ പ്രദീപ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണത്.

ഉറക്കമുണർന്നപ്പോള്‍ അമ്മയെ കാണാത്തതിന്‍റെ വെപ്രാളത്തിൽ ജനലിലെ നെറ്റിന്‍റെ വിടവിലൂടെ പുറത്തേക്ക് നോക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് കരുതുന്നത്.

തിരികെ വീട്ടിലെത്തിയ അമ്മ കുട്ടിയെ കാണാതെ തിരഞ്ഞപ്പോഴാണ് അടുത്തുള്ള കടയിലുള്ളവർ ഈ സംഭവം ശ്രദ്ധയിൽപ്പെടുത്തിയത്. കുട്ടി തറയിലേക്ക് വീണതിനാൽ സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.

ഉടൻ തന്നെ റോയൽ ഒമാൻ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അച്ഛനെ കാണാൻ ഏറെ സന്തോഷത്തോടെയെത്തിയ കുഞ്ഞ് ചേതനയറ്റ് മടങ്ങേണ്ടി വരുന്നതറിഞ്ഞതിന്‍റെ വേദനയിലാണ് ഒമാനിലെ പ്രവാസി മലയാളികൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/369481/death-of-a-four-year-old-girl-in-oman-malayali-girl-dies-after-falling-from-a-building-world-of-diaspora)