---
title: "ഒമാനിൽ കാലാവസ്ഥാ മുന്നറിയിപ്പ്; വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത"
english_title: "Weather warning in Oman; Thunderstorms possible in the coming days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/370459/weather-warning-in-oman-thunderstorms-possible-in-the-coming-days"
published_at: "2026-07-04T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48ee47570a8_oman.jpg"
keywords: ["Weather warning", "Oman", "Thunderstorms", "Rain"]
---

# ഒമാനിൽ കാലാവസ്ഥാ മുന്നറിയിപ്പ്; വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

> **Lead Summary:** **മസ്കത്ത്: **ഒമാനിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹജർ പർവതനിരകൾ, ദോഫാർ തീരം, അൽ വുസ്ത ഗവർണറേറ്റ് എന്നിവിടങ്ങളിലാണ് മഴയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിനും സാധ്യതയുള്ളത്.

## Article Content

**മസ്കത്ത്: **ഒമാനിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഹജർ പർവതനിരകൾ, ദോഫാർ തീരം, അൽ വുസ്ത ഗവർണറേറ്റ് എന്നിവിടങ്ങളിലാണ് മഴയ്ക്കും കാലാവസ്ഥാ വ്യതിയാനത്തിനും സാധ്യതയുള്ളത്.

ഇന്ന് രാത്രി പത്ത് മുതലാണ് ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും മിതമായ രീതിയിലുള്ള ഇടിമിന്നലോടു കൂടിയ മഴയ്ക്ക് തുടക്കമാവുക. വൈകുന്നേരങ്ങളിൽ ഈ പ്രദേശങ്ങളിൽ പരക്കെ മഴ ലഭിച്ചേക്കും.

ഇതോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. അൽ ജാസിർ, ദുഖം, ജഅലാൻ ബനി ബൂ ഹസ്സൻ, ജഅലാൻ ബനി ബൂ അലി, സദഹ്, ഷലീം-ഹല്ലാനിയാത്ത് ദ്വീപുകൾ, മഹൂത്ത്, മിർബാത്ത്, മസ്യൂന, അൽ ഹമ്മ എന്നീ പ്രദേശങ്ങളെയാണ് കാറ്റ് പ്രധാനമായും ബാധിക്കുക.

ഇത് തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റായി മാറാനും ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളോട് ചേർന്നുള്ള കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർ​ദേശിച്ചു.

ജൂലൈ ആറിന് വൈകുന്നേരത്തോടെ ദോഫാർ ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിൽ നേരിയ മഴ പെയ്യാൻ സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ദോഫാറിലെ തീരമേഖലകളിലും അതിനോട് ചേർന്നുള്ള മലനിരകളിലും ഇന്ന് പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ഹജർ പർവതനിരകളിൽ ഉച്ചയ്ക്ക് ശേഷവും വൈകുന്നേരങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. വൈകീട്ടും പുലർച്ചെയും അൽ വുസ്ത ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ താഴ്ന്ന മേഘങ്ങളോ മൂടൽമഞ്ഞോ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/370459/weather-warning-in-oman-thunderstorms-possible-in-the-coming-days)