---
title: "മനുഷ്യക്കടത്തിനെതിരെ യുഎഇയുടെ ശക്തമായ ചുവടുവെയ്പ്പ്; കേസുകൾ കൈകാര്യം ചെയ്യാൻ പുതിയ കോടതി"
english_title: "A special court has been established in the UAE to handle human trafficking cases."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/371020/a-special-court-has-been-established-in-the-uae-to-handle-human-trafficking-cases"
published_at: "2026-07-07T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a41fdebd00dc_court_.jpg"
keywords: ["Latest News", "Human Trafficking Case", "Special Court", "UAE"]
---

# മനുഷ്യക്കടത്തിനെതിരെ യുഎഇയുടെ ശക്തമായ ചുവടുവെയ്പ്പ്; കേസുകൾ കൈകാര്യം ചെയ്യാൻ പുതിയ കോടതി

> **Lead Summary:** **യുഎഇ: ** മനുഷ്യക്കടത്ത് സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനായി യുഎഇയിൽ പ്രത്യേക കോടതി സ്ഥാപിച്ചു. മനുഷ്യക്കടത്ത് സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനായി യുഎഇയിൽ പ്രത്യേക കോടതി സ്ഥാപിച്ചു. യുഎഇ ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ കൂടിയായ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അബുദാബിയിലെ മുഴുവൻ മനുഷ്യക്കടത്ത് കേസുകളും ഇനി മുതൽ ഈ പ്രത്യേക കോടതിയുടെ പരിധിയിലായിരിക്കും വരുന്നത്.

## Article Content

**യുഎഇ: ** മനുഷ്യക്കടത്ത് സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനായി യുഎഇയിൽ പ്രത്യേക കോടതി സ്ഥാപിച്ചു. മനുഷ്യക്കടത്ത് സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിനായി യുഎഇയിൽ പ്രത്യേക കോടതി സ്ഥാപിച്ചു. യുഎഇ ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ കൂടിയായ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അബുദാബിയിലെ മുഴുവൻ മനുഷ്യക്കടത്ത് കേസുകളും ഇനി മുതൽ ഈ പ്രത്യേക കോടതിയുടെ പരിധിയിലായിരിക്കും വരുന്നത്.

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം, പ്രൊസിക്യൂഷൻ നടപടികൾ, കോടതിയിലെ വാദം കേൾക്കൽ എന്നിവയെല്ലാം ഒരൊറ്റ പ്രത്യേക സംവിധാനത്തിന് കീഴിലാക്കാൻ ഈ പുതിയ തീരുമാനം സഹായിക്കും.

നിലവിൽ വിവിധ കോടതികളിൽ നടന്നുകൊണ്ടിരിക്കുന്ന ഇത്തരം കേസുകളെല്ലാം (അന്തിമ വിധി പ്രസ്താവിക്കുന്ന ഘട്ടത്തിൽ എത്തിയവയൊഴികെ) ഈ പുതിയ കോടതിയിലേക്ക് മാറ്റും. നിയമനടപടികൾ കൂടുതൽ കാര്യക്ഷമമാക്കാനും മനുഷ്യക്കടത്ത് കേസുകളിൽ അതിവേഗം വിധി പ്രസ്താവിക്കാനും പുതിയ നീക്കം വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ.

മനുഷ്യക്കടത്തിനെതിരെ പോരാടാനും ഇരകളുടെ അവകാശങ്ങളും മനുഷ്യത്വവും സംരക്ഷിക്കാനും യുഎഇ സമീപവർഷങ്ങളിൽ നടത്തുന്ന ശക്തമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നടപടി. മനുഷ്യക്കടത്ത് തടയൽ, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരൽ, ഇരകൾക്ക് ആവശ്യമായ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കൽ, അന്താരാഷ്ട്ര സഹകരണം ശക്തമാക്കൽ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ ഒരു പ്രവർത്തന പദ്ധതിയാണ് രാജ്യം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി കഠിനമായ ശിക്ഷാ നടപടികളാണ് യുഎഇയിൽ നിലവിലുള്ളത്. കുറ്റവാളികൾക്ക് കുറഞ്ഞത് അഞ്ച് വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും രാജ്യത്ത് നിയമം അനുശാസിക്കുന്നുണ്ട്.

നേരത്തെ 2023-ൽ യുഎഇ മന്ത്രിസഭ മനുഷ്യക്കടത്ത് വിരുദ്ധ നിയമത്തിൽ ചില സുപ്രധാന ഭേദഗതികൾ വരുത്തിയിരുന്നു. ഇതിലൂടെ ഇരകളാക്കപ്പെടുന്നവർക്ക് വിദ്യാഭ്യാസപരമായ പിന്തുണ നൽകാനും സുരക്ഷിതമായി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള സൗകര്യമൊരുക്കാനും നിയമം വഴി സാധിച്ചു. ഇതിന് പുറമെ മനുഷ്യക്കടത്തിന് പ്രേരിപ്പിക്കുന്നതും കുറ്റകൃത്യമായി കണക്കാക്കി കടുത്ത ശിക്ഷകൾ ഉറപ്പാക്കുകയും ചെയ്തു.

അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് അണ്ടർസെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കും പുതിയ പ്രത്യേക കോടതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. പുതിയ കോടതി സ്ഥാപിച്ചതിലൂടെ നീതിന്യായ വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനും മനുഷ്യവകാശ സംരക്ഷണത്തിൽ ആഗോളതലത്തിൽ മാതൃകയാകാനും യുഎഇക്ക് സാധിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/371020/a-special-court-has-been-established-in-the-uae-to-handle-human-trafficking-cases)