---
title: "യു.എ.ഇ.യിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും ഫീസ് വർധനവും പരിഹരിക്കണം -ദുബൈ കെ.എം.സി.സി   "
english_title: "Delays and fee hikes regarding Indian passport services in the UAE must be addressed: Dubai KMCC"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/371510/delays-and-fee-hikes-regarding-indian-passport-services-in-the-uae-must-be-addressed-dubai-kmcc"
published_at: "2026-07-10T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a505c0d2dc3e_UAE.jpg"
keywords: ["Latest News", "Dubai KMCC", "UAE", "Passport Services"]
---

# യു.എ.ഇ.യിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങളിലെ കാലതാമസവും ഫീസ് വർധനവും പരിഹരിക്കണം -ദുബൈ കെ.എം.സി.സി   

> **Lead Summary:** **കോഴിക്കോട്/ യു.എ.ഇ : **യു.എ.ഇ.യിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ നിർത്തലാക്കിയതിനാൽ പാസ്പോര്ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് നേരിടുന്ന ഗുരുതരമായ ബുദ്ധിമുട്ടുകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മറ്റി സർക്കാരിനോട് അഭ്യർത്ഥിച്ചു .

## Article Content

**കോഴിക്കോട്/ യു.എ.ഇ : **യു.എ.ഇ.യിൽ താമസിക്കുന്ന ഇന്ത്യൻ പ്രവാസികൾ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ നിർത്തലാക്കിയതിനാൽ പാസ്പോര്ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട് നേരിടുന്ന ഗുരുതരമായ ബുദ്ധിമുട്ടുകൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മറ്റി സർക്കാരിനോട് അഭ്യർത്ഥിച്ചു .

പാസ്‌പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ദീർഘമായ കാത്തിരിപ്പ് അനുഭവപ്പെടുന്നതും സേവനനിരക്കുകളിൽ ഉണ്ടായ വർധന സാധാരണ പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതും യോഗം ആശങ്കയോടെ വിലയിരുത്തി.

പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾ, കുടുംബസമേതം താമസിക്കുന്ന പ്രവാസികൾ, വിദ്യാർത്ഥികൾ, ചികിത്സ, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങൾക്കായി അടിയന്തരമായി യാത്ര ചെയ്യേണ്ടവർ എന്നിവർ കടുത്ത പ്രയാസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, പാസ്‌പോർട്ട് പോലുള്ള അടിസ്ഥാന കോൺസുലർ സേവനങ്ങൾ സമയബന്ധിതമായും താങ്ങാനാവുന്ന ചെലവിലും ലഭ്യമാക്കേണ്ടത് അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും യു.എ.ഇ.യിലെ ഇന്ത്യൻ എംബസിയും ബന്ധപ്പെട്ട കോൺസുലർ അധികാരികളും പാസ്‌പോർട്ട് അപേക്ഷകൾക്കുള്ള അപ്പോയിന്റ്മെന്റുകൾക്ക് മുൻപ് ഉണ്ടായിരുന്ന രീതിയിൽ സൗകര്യങ്ങൾ ഔനഃസ്ഥാപിക്കണമെന്നും പാസ്‌പോർട്ട് അച്ചടിയിലെയും വിതരണത്തിലെയും കാലതാമസം ഒഴിവാക്കണമെന്നും, അടുത്തിടെ വർധിപ്പിച്ച സേവനനിരക്കുകൾ പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വിവിധ എമിറേറ്റുകളിൽ കൂടുതൽ കോൺസുലർ സേവന ക്യാമ്പുകളും മൊബൈൽ പാസ്‌പോർട്ട് സേവനങ്ങളും സംഘടിപ്പിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ ഭാരവാഹി യോഗം ജില്ലാ പ്രസിഡന്റ് കെ.പി. മുഹമ്മദ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി സയ്യിദ് ജലീൽ മഷ്ഹൂർ സ്വാഗതം ആശംസിച്ചു.

യോഗത്തിൽ ട്രഷറർ വൈസ് പ്രസിഡന്റുമാരായ നജീബ് തച്ചമ്പൊയിൽ, മൊയ്തു അരൂർ, മജീദ് കൂനഞ്ചേരി, ഹക്കീം മാങ്കാവ്, സെക്രട്ടറിമാരായ മൂസ കൊയമ്പ്രം, ഷംസു മാത്തോട്ടം, സിദ്ദീഖ് യു.പി., ഷെറീജ് ചീക്കിലോട്, സിദ്ദീഖ് കെ.സി. എന്നിവർ പങ്കെടുത്തു. സെക്രട്ടറി സുഫൈദ് ഇരിങ്ങണ്ണൂർ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/371510/delays-and-fee-hikes-regarding-indian-passport-services-in-the-uae-must-be-addressed-dubai-kmcc)