---
title: "ഫോണിൽ നിന്നും പണം ചോരുന്നു....! വ്യാജ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്"
english_title: "Dubai Police Warn Against Fake Mobile Apps Used for Cyber Fraud"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/371903/dubai-police-warning-fake-apps-cyber-fraud-banking-otp-theft"
published_at: "2026-07-11T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e5dd0ca3ced_dubai_police.jpg"
keywords: ["Dubai Police", "Fake App", "Cyber ​​Fraud", "OTP Fraud", "Mobile Security", "UAE News", "Gulf Malayali"]
---

# ഫോണിൽ നിന്നും പണം ചോരുന്നു....! വ്യാജ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്

> **Lead Summary:** ദുബായ് : അപരിചിതവും വിശ്വസനീയമല്ലാത്തതുമായ സ്രോതസ്സുകളിൽ നിന്ന് മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇത്തരം ആപ്പുകളിൽ ഒളിഞ്ഞിരിക്കുന്ന മലിഷ്യസ് സോഫ്റ്റ്‌വെയറുകൾ വഴി സൈബർ ക്രിമിനലുകൾക്ക് സ്മാർട്ട്‌ഫോണുകൾ നിയന്ത്രിക്കാനും വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് രേഖകളും ചോർത്തി പണം തട്ടിയെടുക്കാനും സാധിക്കുമെന്ന് ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ഇ-ക്രൈംസ് ആന്റ് സൈബർ സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി.

## Article Content

ദുബായ് : അപരിചിതവും വിശ്വസനീയമല്ലാത്തതുമായ സ്രോതസ്സുകളിൽ നിന്ന് മൊബൈൽ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇത്തരം ആപ്പുകളിൽ ഒളിഞ്ഞിരിക്കുന്ന മലിഷ്യസ് സോഫ്റ്റ്‌വെയറുകൾ വഴി സൈബർ ക്രിമിനലുകൾക്ക് സ്മാർട്ട്‌ഫോണുകൾ നിയന്ത്രിക്കാനും വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് രേഖകളും ചോർത്തി പണം തട്ടിയെടുക്കാനും സാധിക്കുമെന്ന് ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള ഇ-ക്രൈംസ് ആന്റ് സൈബർ സെക്യൂരിറ്റി വിഭാഗം വ്യക്തമാക്കി.

തട്ടിപ്പുകാരുടെ പുതിയ രീതികളെക്കുറിച്ച് ബോധവത്ക്കരണം നൽകുന്ന ഒരു വീഡിയോയും ദുബായ് പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇരകളുടെ താൽപ്പര്യങ്ങളും ആവശ്യങ്ങളും മുൻനിർത്തിയാണ് തട്ടിപ്പുകാർ കെണികൾ ഒരുക്കുന്നത്.

ബാങ്കിങ്, നിക്ഷേപം, ഹോം ഡെലിവറി, സെക്യൂരിറ്റി അപ്‌ഡേറ്റുകൾ തുടങ്ങിയ പല മേഖലകളുമായി ബന്ധപ്പെട്ട വ്യാജ ആപ്പുകളാണ് ഇവർ നിർമ്മിക്കുന്നത്. ഇത്തരം ആപ്പുകളുടെ പരസ്യങ്ങളിൽ വീണുപോകുന്ന ഉപഭോക്താക്കൾ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ഇവ ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യുന്നതോടെയാണ് തട്ടിപ്പുകാരുടെ കെണിയിൽ അകപ്പെടുന്നത്.

ഉപഭോക്താക്കൾ ഈ ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യുന്ന നിമിഷം തന്നെ, തട്ടിപ്പുകാർക്ക് ഫോണിന്റെ പൂർണ്ണ നിയന്ത്രണം ലഭിക്കും. തുടർന്ന് ഫോണിലുള്ള പ്രധാനപ്പെട്ട വിവരങ്ങളും ബാങ്ക് ഒടിപി ഉൾപ്പെടെയുള്ള രഹസ്യ കോഡുകളും ഉടമ അറിയാതെ തന്നെ ഇവർ ചോർത്തുകയും അക്കൗണ്ടിലുള്ള പണം മുഴുവൻ കവരുകയും ചെയ്യും.

സൈബർ തട്ടിപ്പുകളിൽ നിന്നും സുരക്ഷിതരായിരിക്കാൻ ദുബായ് പൊലീസ് ചില പ്രധാന നിർദ്ദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ പോലുള്ള ഔദ്യോഗികവും അംഗീകൃതവുമായ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം.

കൂടാതെ, ഫോണിന്റെ പാസ്‌വേഡുകളോ ബാങ്കിങ് ആക്സസ് കോഡുകളോ മറ്റാരുമായും പങ്കുവെക്കരുത്. ഫോണുകളിൽ വിശ്വസനീയമായ സെക്യൂരിറ്റി സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുകയും ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകൾ തത്സമയം അറിയാൻ 'ബാങ്കിങ് അലേർട്ടുകൾ' ആക്ടിവേറ്റ് ചെയ്തു വെക്കുകയും വേണം. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കാനും പൊലീസ് നിർദ്ദേശിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/371903/dubai-police-warning-fake-apps-cyber-fraud-banking-otp-theft)