---
title: "വ്യാജ നമ്പർ പ്ലേറ്റ്, കളിത്തോക്ക് ഭീഷണി; കുവൈത്തിൽ ജ്വല്ലറി കവർച്ച നടത്തിയ  പ്രവാസികൾ അറസ്റ്റിൽ"
english_title: "Kuwait Jewelry Robbery Case Syrian Expats Arrested Gold Recovered"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/372342/kuwait-jaleeb-al-shuyoukh-jewelry-robbery-syrian-expats-arrested"
published_at: "2026-07-14T14:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55fc9447bef_kuwait-jaleeb-al-shuyoukh-jewelry-robbery-syrian-expats-arrested.jpg"
keywords: ["Kuwait News", "Kuwait Crime", "Expats in Kuwait", "GCC News"]
---

# വ്യാജ നമ്പർ പ്ലേറ്റ്, കളിത്തോക്ക് ഭീഷണി; കുവൈത്തിൽ ജ്വല്ലറി കവർച്ച നടത്തിയ  പ്രവാസികൾ അറസ്റ്റിൽ

> **Lead Summary:** **കുവൈത്ത് സിറ്റി: **ജലീബ് അൽ ഷുയൂഖിലെ ജ്വല്ലറിയിൽ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്ന കേസിൽ രണ്ട് സിറിയൻ പ്രവാസികൾ അറസ്റ്റിൽ. സിറിയൻ സ്വദേശികളായ രണ്ട് പ്രവാസികളാണ് പിടിയിലായത്. കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ അതിവേഗ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

## Article Content

**കുവൈത്ത് സിറ്റി: **ജലീബ് അൽ ഷുയൂഖിലെ ജ്വല്ലറിയിൽ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്ന കേസിൽ രണ്ട് സിറിയൻ പ്രവാസികൾ അറസ്റ്റിൽ. സിറിയൻ സ്വദേശികളായ രണ്ട് പ്രവാസികളാണ് പിടിയിലായത്. കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് നടത്തിയ അതിവേഗ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.

കവർച്ച ചെയ്യപ്പെട്ട സ്വർണാഭരണങ്ങൾ പൂർണ്ണമായും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സിനിമാ സ്റ്റൈൽ കവർച്ച നടന്നത്. ജ്വല്ലറിയിൽ അതിക്രമിച്ചു കയറിയ പ്രതികൾ, കളിത്തോക്ക് ചൂണ്ടി ജീവനക്കാരനെ ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷം സ്വർണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.

രക്ഷപ്പെടാനായി ഉപയോഗിച്ച വാഹനം രണ്ടാഴ്ച മുൻപ് മോഷ്ടിച്ചതാണെന്നും, സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ വ്യാജ നമ്പർ പ്ലേറ്റുകളാണ് വാഹനത്തിൽ ഘടിപ്പിച്ചിരുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞു. കവർച്ചയ്ക്ക് ശേഷം പ്രതികൾക്കായി കുവൈത്തിലെ വിവിധ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി അന്വേഷണം ആരംഭിച്ചു. 

ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയമായ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്. ഊർജ്ജിത അന്വേഷണത്തിന്റെ ഭാഗമായി പ്രതികളിൽ ഒരാളെ ജലീബ് അൽ ഷുയൂഖിൽ നിന്നും മറ്റൊരാളെ ഹവല്ലിയിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. മരുഭൂമിയിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന മുഴുവൻ സ്വർണാഭരണങ്ങളും കൃത്യത്തിന് ഉപയോഗിച്ച കളിത്തോക്കും പ്രതികൾ പോലീസിന് കൈമാറി. കുവൈത്ത് ആഭ്യന്തര മന്ത്രാലയം കേസിലെ വിശദമായ അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനും ഇത്തരം കുറ്റകൃത്യങ്ങൾ തടയാനും കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/372342/kuwait-jaleeb-al-shuyoukh-jewelry-robbery-syrian-expats-arrested)