---
title: "മൂന്ന് മാസമായി ഇല്ല ...! പ്രവാസി പെൻഷൻ വിതരണം അടിയന്തരമായി പുനരാരംഭിക്കണം; ആവശ്യവുമായി ബഹ്റൈൻ പ്രതിഭ"
english_title: "Kerala Pravasi Pension Delayed 3 Months, Bahrain Prathibha Protests"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/372391/kerala-pravasi-pension-delay-bahrain-prathibha-protest"
published_at: "2026-07-14T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a562586327db_kerala-pravasi-pension-delay-bahrain-prathibha-protest.jpg"
keywords: ["Kerala Pravasi", "Pension Delay", "NRI Welfare"]
---

# മൂന്ന് മാസമായി ഇല്ല ...! പ്രവാസി പെൻഷൻ വിതരണം അടിയന്തരമായി പുനരാരംഭിക്കണം; ആവശ്യവുമായി ബഹ്റൈൻ പ്രതിഭ

> **Lead Summary:** മനാമ: കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ പ്രവാസി പെൻഷൻ വിതരണം കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്ന് ബഹ്റൈൻ പ്രതിഭ പ്രസ്താവനയിൽ പറഞ്ഞു. ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ കടുത്ത ദുരിതത്തിലാഴ്ത്തുന്നതാണ് ഈ നടപടിയെന്നും സംഘടന ചൂണ്ടിക്കാട്ടി.

## Article Content

മനാമ: കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ പ്രവാസി പെൻഷൻ വിതരണം കഴിഞ്ഞ മൂന്ന് മാസമായി മുടങ്ങിക്കിടക്കുന്നത് അത്യന്തം പ്രതിഷേധാർഹമാണെന്ന് ബഹ്റൈൻ പ്രതിഭ പ്രസ്താവനയിൽ പറഞ്ഞു. ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ കടുത്ത ദുരിതത്തിലാഴ്ത്തുന്നതാണ് ഈ നടപടിയെന്നും സംഘടന ചൂണ്ടിക്കാട്ടി.

ജീവിതത്തിന്റെ നല്ലൊരു പങ്ക് കാലം വിദേശത്ത് കഠിനാധ്വാനം ചെയ്ത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവനകൾ നൽകിയവരാണ് പ്രവാസികൾ. വർഷങ്ങളായി ക്ഷേമനിധിയിലേക്ക് കൃത്യമായി വിഹിതം അടച്ചാണ് അവർ ഈ പദ്ധതിയുടെ ഭാഗമായത്. എന്നാൽ, വാർധക്യകാലത്ത് അവർക്ക് ആശ്വാസമാകേണ്ട പെൻഷൻ പോലും കൃത്യസമയത്ത് ലഭ്യമാക്കാത്ത സാഹചര്യം പ്രവാസി ക്ഷേമപദ്ധതികളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.

പ്രതിമാസം ലഭിക്കുന്ന ഈ ചെറിയ തുകയെ ആശ്രയിച്ചാണ് നിരവധി വയോജനങ്ങളായ പ്രവാസികളും അവരുടെ കുടുംബങ്ങളും മരുന്നിനും മറ്റ് ദൈനംദിന ജീവിതച്ചെലവുകൾക്കുമുള്ള വക കണ്ടെത്തുന്നത്. മൂന്ന് മാസത്തെ പെൻഷൻ ഒരുമിച്ച് കുടിശ്ശികയായതോടെ പല കുടുംബങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ അവഗണന പ്രവാസികളോട് കാട്ടുന്ന കടുത്ത നീതികേടാണെന്നും ബഹ്റൈൻ പ്രതിഭ കുറ്റപ്പെടുത്തി.

ക്ഷേമനിധി ബോർഡിന് ആവശ്യമായ സാമ്പത്തിക സഹായം സർക്കാർ അടിയന്തരമായി ലഭ്യമാക്കണം. കുടിശ്ശികയായ മുഴുവൻ പെൻഷൻ തുകയും യാതൊരു കാലതാമസവുമില്ലാതെ ഉടൻ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണം. ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ ആവർത്തിക്കാതിരിക്കാൻ സ്ഥിരമായ ഒരു സാമ്പത്തിക സ്രോതസ്സും സമയബന്ധിതമായ പെൻഷൻ വിതരണ സംവിധാനവും സർക്കാർ ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

പ്രവാസികളുടെ ക്ഷേമം സംരക്ഷിക്കുന്നതിൽ സർക്കാർ കൂടുതൽ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്നും അവരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ അടിയന്തര നടപടികൾ വേണമെന്നും ബഹ്റൈൻ പ്രതിഭ സെക്രട്ടറി വി.കെ. സുലേഷ്, പ്രസിഡന്റ് കെ.വി. മഹേഷ് എന്നിവർ വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/372391/kerala-pravasi-pension-delay-bahrain-prathibha-protest)