---
title: "ഇഎംഐ അവൈലബിൾ...! ടിക്കറ്റ് തുക ഇനി തവണകളായി അടയ്ക്കാം; പ്രവാസികൾക്ക് ആകർഷകമായ ഓഫറുമായി എമിറേറ്റ്‌സ് എയർലൈൻസ്"
english_title: "Emirates Launches EMI Option for Indian Passengers, Pay Flight Tickets in 36 Months"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/372400/emirates-emi-india-flight-ticket-36-months"
published_at: "2026-07-14T18:56:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd111f3194f_em.jpg"
keywords: ["Emirates", "EMI", "Flight Tickets"]
---

# ഇഎംഐ അവൈലബിൾ...! ടിക്കറ്റ് തുക ഇനി തവണകളായി അടയ്ക്കാം; പ്രവാസികൾക്ക് ആകർഷകമായ ഓഫറുമായി എമിറേറ്റ്‌സ് എയർലൈൻസ്

> **Lead Summary:** ഇന്ത്യൻ യാത്രക്കാർക്ക് ആകർഷകമായ ഇഎംഐ പ്ലാനുകളുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈനായ എമിറേറ്റ്‌സ്. ഇനിമുതൽ ടിക്കറ്റ് തുക മുഴുവൻ ഒറ്റത്തവണയായി നൽകുന്നതിന് പകരം, പ്രതിമാസ തവണകളായി അടയ്ക്കാനുള്ള സൗകര്യമാണ് എമിറേറ്റ്‌സ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഇന്ത്യൻ ബാങ്കുകളുമായി സഹകരിച്ചാണ് എമിറേറ്റ്‌സ് ഈ പുതിയ പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചത്.

## Article Content

ഇന്ത്യൻ യാത്രക്കാർക്ക് ആകർഷകമായ ഇഎംഐ പ്ലാനുകളുമായി പ്രമുഖ അന്താരാഷ്ട്ര എയർലൈനായ എമിറേറ്റ്‌സ്. ഇനിമുതൽ ടിക്കറ്റ് തുക മുഴുവൻ ഒറ്റത്തവണയായി നൽകുന്നതിന് പകരം, പ്രതിമാസ തവണകളായി അടയ്ക്കാനുള്ള സൗകര്യമാണ് എമിറേറ്റ്‌സ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഇന്ത്യൻ ബാങ്കുകളുമായി സഹകരിച്ചാണ് എമിറേറ്റ്‌സ് ഈ പുതിയ പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചത്.

ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ ആശ്വാസവും സൗകര്യവും നൽകുന്നതാണ് എമിറേറ്റ്‌സിന്റെ പുതിയ ഫ്ലെക്സിബിൾ പേയ്‌മെന്റ് പ്ലാൻ. എമിറേറ്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ emirates.com വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർക്ക് തങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ രീതിയിൽ തവണകളുടെ കാലാവധി നിശ്ചയിക്കാം. 3 മാസം മുതൽ 36 മാസം വരെയുള്ള ലളിതമായ പ്രതിമാസ തവണകളായി ടിക്കറ്റ് തുക അടയ്ക്കാനുള്ള സൗകര്യമാണ് എമിറേറ്റ്‌സ് ഒരുക്കിയിരിക്കുന്നത്.

എമിറേറ്റ്‌സിന്റെ ശൃംഖലയിലുള്ള 140 ഓളം അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭ്യമാകും. ആളുകൾ ദീർഘനാളായി പ്ലാൻ ചെയ്യുന്ന അവധിക്കാല യാത്രകൾക്കും വലിയ സാമ്പത്തിക ബാധ്യതകളില്ലാതെ യാത്രാ അനുഭവങ്ങൾ ബിസിനസ്സ് അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ഈ പദ്ധതി സഹായിക്കുമെന്ന് എമിറേറ്റ്‌സ് ഇന്ത്യ-നേപ്പാൾ വൈസ് പ്രസിഡന്റ് മുഹമ്മദ് സർഹാൻ വ്യക്തമാക്കി.

ഇന്ത്യയിലെ പ്രമുഖ പൊതുമേഖലാ-സ്വകാര്യ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ടിക്കറ്റ് എടുക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എച്ച്എസ്ബിസി, ഐഡിബിഐ, ഇൻഡസ്ഇൻഡ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആർബിഎൽ ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, യെസ് ബാങ്ക് തുടങ്ങി പന്ത്രണ്ടോളം മുൻനിര ധനകാര്യ സ്ഥാപനങ്ങൾ ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ബുക്കിങ് സമയത്ത് പേയ്‌മെന്റ് ഓപ്ഷനിൽ കാർഡ് വിവരങ്ങൾ നൽകുമ്പോൾ തന്നെ ഇഎംഐ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ടാകും.

പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ 'ഫ്ലൈ നൗ, പേ ലേറ്റർ' പദ്ധതി ഇന്ത്യൻ യാത്രാരംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സാധാരണക്കാരായ യാത്രക്കാർക്ക് വലിയ തുക ഒറ്റയടിക്ക് മാറ്റിവെക്കാതെ തന്നെ ഇനി ലോകം ചുറ്റാൻ ഈ പദ്ധതി വഴി സാധിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/372400/emirates-emi-india-flight-ticket-36-months)