---
title: "കടമില്ല, ഭാരമില്ല; മാസത്തവണയായി വാടകയടയ്ക്കാൻ അബുദാബിയിൽ പുതിയ വഴി"
english_title: "Abu Dhabi Launches Monthly Rent Payment System for Tenants in 2026"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/372643/abu-dhabi-launches-monthly-rent-payment-system-for-tenants-in-2026"
published_at: "2026-07-16T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a584efe6834c_abu-dhabi-launches-monthly-rent-payment-system-for-tenants-in-2026.jpg"
keywords: ["UAE News", "Abu Dhabi", "Rent", "Launches Monthly Rent", "Payment System"]
---

# കടമില്ല, ഭാരമില്ല; മാസത്തവണയായി വാടകയടയ്ക്കാൻ അബുദാബിയിൽ പുതിയ വഴി

> **Lead Summary:** **അബുദാബി: **വാടക മാസതവണകളായി അടയ്ക്കാൻ അവസരമൊരുക്കുന്ന പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം അബുദാബിയിൽ. വാർഷിക വാടക ഒറ്റത്തവണയായോ കുറച്ച് ചെക്കുകളായോ നൽകുന്ന പരമ്പരാഗത രീതിക്ക് പകരമായാണ് ഈ മാറ്റം.

## Article Content

**അബുദാബി: **വാടക മാസതവണകളായി അടയ്ക്കാൻ അവസരമൊരുക്കുന്ന പുതിയ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം അബുദാബിയിൽ. വാർഷിക വാടക ഒറ്റത്തവണയായോ കുറച്ച് ചെക്കുകളായോ നൽകുന്ന പരമ്പരാഗത രീതിക്ക് പകരമായാണ് ഈ മാറ്റം.

അഡ്വാൻസ്ഡ് റിയൽ എസ്റ്റേറ്റ് സർവീസസ് എന്ന അഡ്രസും യുഎഇ ആസ്ഥാനമായുള്ള പ്രോപ്‌ടെക് കമ്പനിയായ 'കീപ്പർ' ഉം ചേർന്നാണ് പുതിയ സേവനം അവതരിപ്പിക്കുന്നത്. 'റെന്റ് നൗ, പേ മന്ത്‌ലി' എന്നാണ് പദ്ധതിയുടെ പേര്.അബുദാബിയിലെ പ്രമുഖരായ മൂന്ന് പ്രോപ്പർട്ടി മാനേജ്മെന്റ് കമ്പനികളുമായി സഹകരിച്ച് പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ഇതിനകം തുടങ്ങി.

2026-ന്റെ അവസാന പാദത്തോടെ അതായത് ഒക്ടോബർ മുതൽ ഡിസംബർ വരെ കൂടുതൽ ഉടമകളെയും വാടകക്കാരെയും പദ്ധതിയിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യം.ഈ സംവിധാനപ്രകാരം വാടകക്കാർക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് എല്ലാ മാസവും വാടക അടയ്ക്കാം.

എന്നാൽ കെട്ടിട ഉടമകൾക്ക് കരാറിൽ പറഞ്ഞിരിക്കുന്ന മുഴുവൻ തുകയും കൃത്യമായി ലഭിക്കും.ഇത് വായ്പാ സംവിധാനമല്ലാത്തതിനാൽ യുഎഇ സെൻട്രൽ ബാങ്കിന്റെ ഡെബ്റ്റ് ബർഡൻ റേഷ്യോ പരിധിയിൽ ഇത് വരില്ലെന്ന് അധികൃതർ വ്യക്തമാക്കി. അതേസമയം സേവനത്തിന് ഫീസ് ഈടാക്കും.

വാർഷിക വാടകത്തുകയുടെ 4.75 ശതമാനം മുതൽ 12 ശതമാനം വരെയാണ് സർവീസ് ചാർജ്. ഒറിജിനൽ പേയ്‌മെന്റ് വ്യവസ്ഥകളും വാടകക്കാരന്റെ യോഗ്യതയും അടിസ്ഥാനമാക്കിയായിരിക്കും നിരക്ക് നിശ്ചയിക്കുക.വാടകയുടെ സാമ്പത്തിക ഭാരം കുറയ്ക്കാനും പേയ്‌മെന്റ് കൂടുതൽ സൗകര്യപ്രദമാക്കാനുമാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്. പ്രവാസികൾക്കും ചെറുകിട കുടുംബങ്ങൾക്കും ഇത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/372643/abu-dhabi-launches-monthly-rent-payment-system-for-tenants-in-2026)