---
title: "മുന്നറിയിപ്പ്....! വ്യാജ പരസ്യങ്ങളിൽ വീഴരുത്: സലാലയിൽ അം​ഗീകൃത താമസസ്ഥലങ്ങൾ മാത്രം ബുക്ക് ചെയ്യണമെന്ന് ടൂറിസം മന്ത്രാലയം"
english_title: "Oman Tourism Ministry Warning: Book Only Licensed Hotels in Salalah Dhofar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/372808/oman-salalah-dhofar-tourism-warning-licensed-hotels-only"
published_at: "2026-07-16T19:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a58dd5bec324_oman-salalah-dhofar-tourism-warning-licensed-hotels-only.jpg"
keywords: ["Oman News", "Salalah Tourism", "Oman Ministry of Heritage and Tourism", "Travel Warning", "Gulf Malayalam News"]
---

# മുന്നറിയിപ്പ്....! വ്യാജ പരസ്യങ്ങളിൽ വീഴരുത്: സലാലയിൽ അം​ഗീകൃത താമസസ്ഥലങ്ങൾ മാത്രം ബുക്ക് ചെയ്യണമെന്ന് ടൂറിസം മന്ത്രാലയം

> **Lead Summary:** മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടുന്ന സാഹചര്യത്തിൽ നിർണായക മുന്നറിയിപ്പുമായി ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം. സലാലയിൽ ലൈസൻസുള്ള ഹോട്ടലുകളും റിസോർട്ടുകളും ഗസ്റ്റ് ഹൗസുകളും മാത്രമേ ബുക്ക് ചെയ്യാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.

## Article Content

മസ്കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂടുന്ന സാഹചര്യത്തിൽ നിർണായക മുന്നറിയിപ്പുമായി ഒമാൻ പൈതൃക-ടൂറിസം മന്ത്രാലയം. സലാലയിൽ ലൈസൻസുള്ള ഹോട്ടലുകളും റിസോർട്ടുകളും ഗസ്റ്റ് ഹൗസുകളും മാത്രമേ ബുക്ക് ചെയ്യാവൂ എന്ന് മന്ത്രാലയം വ്യക്തമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വിശ്വാസ്യതയില്ലാത്ത താമസ പരസ്യങ്ങൾ കണ്ട് വഞ്ചിതരാകരുതെന്നാണ് നിർദേശം. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടിക് ടോക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തികളും ഇൻഫ്ലുവൻസർമാരും ലൈസൻസില്ലാത്ത കെട്ടിടങ്ങളും താമസകേന്ദ്രങ്ങളും പ്രമോട്ട് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രാലയത്തിന്റെ ഇടപെടൽ.

ബുക്കിങ് നടത്തുന്നതിന് മുമ്പ് ആ ഹോട്ടലിനോ റിസോർട്ടിനോ മന്ത്രാലയത്തിന്റെ ഔദ്യോഗിക അനുമതിയുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത കേന്ദ്രങ്ങളിൽ താമസിക്കുന്നത് വഴി ഗുണമേന്മയുള്ള സേവനവും കൃത്യമായ നിരക്കും ലഭിക്കുമെന്നും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.

അംഗീകൃത ടൂറിസം പോർട്ടലുകൾ വഴിയോ നേരിട്ടോ മാത്രം ബുക്കിങ് നടത്തണമെന്നും മന്ത്രാലയം നിർദേശിച്ചു. അനധികൃത താമസ സൗകര്യങ്ങൾ പ്രമോട്ട് ചെയ്യുന്നവർക്കും പരസ്യം നൽകുന്നവർക്കുമെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. സുരക്ഷിതവും സന്തോഷകരവുമായ സലാല യാത്രാനുഭവം ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/372808/oman-salalah-dhofar-tourism-warning-licensed-hotels-only)