---
title: "ഒടുവിൽ നരഹത്യക്കുറ്റം! കുവൈത്തിൽ നിർമ്മാണത്തിനിടെ പ്രവാസി തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം: 50,000 ദിനാർ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്"
english_title: "Kuwait Court Orders 50,000 KD Compensation For Egyptian Worker Electrocuted At Al-Mutla Project"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/373088/kuwait-court-50000-kd-compensation-egyptian-worker-electrocution"
published_at: "2026-07-18T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a55e49b93b18_thalassery-mact-court-rs-33-lakh-compensation-student.jpg"
keywords: ["Kuwait News", "Al-Mutla Project", "Worker Death", "Compensation", "Labour Safety"]
---

# ഒടുവിൽ നരഹത്യക്കുറ്റം! കുവൈത്തിൽ നിർമ്മാണത്തിനിടെ പ്രവാസി തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം: 50,000 ദിനാർ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

> **Lead Summary:** **കുവൈറ്റ് സിറ്റി: **കുവൈറ്റിലെ അൽ-മുത്‌ല റെസിഡൻഷ്യൽ സിറ്റി പ്രോജക്ടിൽ വൈദ്യുതാഘാതമേറ്റ് മരിച്ച ഈജിപ്ഷ്യൻ തൊഴിലാളിയുടെ കുടുംബത്തിന് 50,000 കുവൈറ്റ് ദിനാർ നഷ്ടപരിഹാരം നൽകാൻ അപ്പീൽ കോടതി ഉത്തരവ്.

## Article Content

**കുവൈറ്റ് സിറ്റി: **കുവൈറ്റിലെ അൽ-മുത്‌ല റെസിഡൻഷ്യൽ സിറ്റി പ്രോജക്ടിൽ വൈദ്യുതാഘാതമേറ്റ് മരിച്ച ഈജിപ്ഷ്യൻ തൊഴിലാളിയുടെ കുടുംബത്തിന് 50,000 കുവൈറ്റ് ദിനാർ നഷ്ടപരിഹാരം നൽകാൻ അപ്പീൽ കോടതി ഉത്തരവ്.

ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ നിർമ്മാണ കമ്പനിയും ഇൻഷുറൻസ് കമ്പനിയും ചേർന്ന് ബ്ലഡ് മണി അടക്കം നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. കീഴ്‌ക്കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് അപ്പീൽ കോടതി മുൻ വിധി ശരിവെച്ചത്.

അൽ-മുത്‌ല പ്രോജക്ടിലെ സബ്‌സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് ഈജിപ്ഷ്യൻ തൊഴിലാളിക്ക് അതിശക്തമായ വൈദ്യുതാഘാതമേറ്റത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരിച്ചു. സുരക്ഷാ ഉപകരണങ്ങളും തൊഴിൽ സുരക്ഷാ മാർഗ്ഗങ്ങളും ഒരുക്കുന്നതിൽ കമ്പനി കടുത്ത അനാസ്ഥ കാണിച്ചതാണ് മരണത്തിന് കാരണമായതെന്ന് ക്രിമിനൽ കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനിക്കെതിരെ നരഹത്യ കുറ്റവും ചുമത്തിയിരുന്നു.അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം നിർമ്മാണ കമ്പനിക്കാണെന്ന് വ്യക്തമാക്കുന്ന വിധി വന്നതിന് പിന്നാലെയാണ് മരിച്ച തൊഴിലാളിയുടെ ആശ്രിതർക്കായി സിവിൽ കേസ് ഫയൽ ചെയ്തതെന്ന് കുടുംബത്തിന്റെ അഭിഭാഷകൻ ജാസിം അൽ-തുവൈതാൻ പറഞ്ഞു.

ക്രിമിനൽ കോടതിയുടെ കണ്ടെത്തലുകൾ പരിഗണിച്ചാണ് ഇപ്പോൾ കമ്പനിക്കും ഇൻഷുറൻസ് സ്ഥാപനത്തിനുമെതിരെ വൻ തുക നഷ്ടപരിഹാരം ഈടാക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്. കുവൈറ്റിൽ വിദേശ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കമ്പനികൾക്ക് ഉള്ള ബാധ്യത വ്യക്തമാക്കുന്നതാണ് ഈ വിധിയെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/373088/kuwait-court-50000-kd-compensation-egyptian-worker-electrocution)