---
title: "പവർ കട്ടും, ഉയർന്ന വൈദ്യുതി ബില്ലും; സൗദിയിൽ വൈദ്യുതി സേവന പരാതികളിൽ വൻ വർധനവ്"
english_title: "Saudi Arabia Receives 1.42 Lakh Electricity Complaints in One Year: Power Cuts, High Bills Top List"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374021/saudi-arabia-142000-electricity-complaints-power-cut-high-bill"
published_at: "2026-07-23T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6172d2eeff4_saudi-arabia-142000-electricity-complaints-power-cut-high-bill.jpg"
keywords: ["Latest News", "Electricity Complaints", "Saudi Arabia", "SEC", "Power Cut", "Saudi Electricity Regulatory Authority"]
---

# പവർ കട്ടും, ഉയർന്ന വൈദ്യുതി ബില്ലും; സൗദിയിൽ വൈദ്യുതി സേവന പരാതികളിൽ വൻ വർധനവ്

> **Lead Summary:** റിയാദ്: കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദി അറേബ്യയിൽ വൈദ്യുതി സേവനങ്ങളുമായി ബന്ധപ്പെട്ട് സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിക്ക് ലഭിച്ചത് 1,42,500 ലധികം പരാതികൾ. പവർ കട്ട്, ഉയർന്ന വൈദ്യുതി ബിൽ, സേവനങ്ങളുടെ ഗുണനിലവാരക്കുറവ് എന്നിവയാണ് പരാതികളിൽ ഭൂരിഭാഗവും.

## Article Content

റിയാദ്: കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദി അറേബ്യയിൽ വൈദ്യുതി സേവനങ്ങളുമായി ബന്ധപ്പെട്ട് സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിക്ക് ലഭിച്ചത് 1,42,500 ലധികം പരാതികൾ. പവർ കട്ട്, ഉയർന്ന വൈദ്യുതി ബിൽ, സേവനങ്ങളുടെ ഗുണനിലവാരക്കുറവ് എന്നിവയാണ് പരാതികളിൽ ഭൂരിഭാഗവും.

സേവനങ്ങളുടെ ഗുണനിലവാരം പാലിക്കാത്തതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. ഈ വിഭാഗത്തിൽ മാത്രം 75,900 പരാതികളാണ് രജിസ്റ്റർ ചെയ്തത്. ഉപഭോക്താക്കൾക്ക് നിശ്ചിത സമയത്ത് തടസ്സമില്ലാത്ത വൈദ്യുതി ലഭിക്കാത്തതാണ് പ്രധാന കാരണം.

പവർകട്ടുമായി ബന്ധപ്പെട്ട പരാതികൾ 32,000 ഉം, വൈദ്യുതി ബില്ലുകൾ അമിതമാണെന്ന് ചൂണ്ടിക്കാണിച്ച് 15,600 പരാതികളും ലഭിച്ചു. വേനൽക്കാലത്ത് എയർകണ്ടീഷണറുകളുടെ ഉപയോഗം കൂടുന്നതോടെ ബില്ലുകൾ കുത്തനെ ഉയരുന്നതാണ് ഉപഭോക്താക്കളുടെ പ്രധാന പരാതി.

മറ്റ് പരാതികളുടെ കണക്കുകൾ ഇങ്ങനെയാണ്. പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് 5,900 പരാതികൾ. ഉപഭോക്താവിന്റെ പേരിൽ സേവനം രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് 3,095 പരാതികൾ. സേവനങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് 1,751 പരാതികളും ലഭിച്ചു.കൂടാതെ മീറ്റർ റീഡിംഗിലെയും കണക്കുകൂട്ടലിലെയും പിഴവുകൾ സംബന്ധിച്ച് 1,756 പരാതികൾ, നെറ്റ്‌വർക്കുകളും സബ്‌സ്റ്റേഷനുകളും മാറ്റിസ്ഥാപിക്കൽ ആവശ്യപ്പെട്ട് 1,578 പരാതികൾ, വൈദ്യുതി സുരക്ഷയുമായി ബന്ധപ്പെട്ട് 925 പരാതികൾ, നോട്ടീസ് ഇല്ലാതെ കണക്ഷൻ വിച്ഛേദിച്ചതിന് 915 പരാതികൾ എന്നിവയും ലഭിച്ചു.

മറ്റ് വിഭാഗങ്ങളിലായി 2,684 പരാതികളും അതോറിറ്റി രേഖപ്പെടുത്തി.പരാതികൾ കൈകാര്യം ചെയ്യുന്നതിന് അതോറിറ്റി പ്രത്യേക സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഓൺലൈൻ പോർട്ടൽ, മൊബൈൽ ആപ്ലിക്കേഷൻ, ടോൾ ഫ്രീ നമ്പർ എന്നിവ വഴി പരാതികൾ സമർപ്പിക്കാം.

സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്തൃ പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനും കമ്പനികൾക്ക് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374021/saudi-arabia-142000-electricity-complaints-power-cut-high-bill)