---
title: "13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം"
english_title: "Kozhikode Palayam Murder Case Deepak Arrested Father Demands Probe"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374378/kozhikode-palayam-murder-case-deepak-arrested-father-demands-probe"
published_at: "2026-07-24T15:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6338695b661_kozhikode-palayam-murder-case-deepak-arrested-father-demands-probe.jpg"
keywords: ["Palayam Biju Murder", "Kozhikode", "Palayam Murder", "Deepak Arrest", "Biju Death"]
---

# 13-ാം വയസ്സ് മുതൽ ലഹരിക്ക് അടിമ, 45 കുത്തുകൾ, 18 എണ്ണം കഴുത്തിൽ; പാളയത്തെ ബിജു വധക്കേസിൽ ദീപക്കിന് കൂട്ടാളികളുണ്ടെന്ന് പിതാവ്; സമഗ്ര അന്വേഷണത്തിന് ആവശ്യം

> **Lead Summary:** **കോഴിക്കോട്: **പാളയം സ്വദേശി ബിജുവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ ബന്ധു ദീപക്കിന് കൂട്ടാളികൾ ഉണ്ടെന്ന ആരോപണവുമായി ബിജുവിന്റെ പിതാവ് രാജൻ. മദ്യലഹരിയിലാണെങ്കിലും ഒറ്റയ്ക്ക് കൊലപാതകം നടത്താൻ ദീപക്കിന് കഴിയില്ലെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും രാജൻ ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്: **പാളയം സ്വദേശി ബിജുവിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ ബന്ധു ദീപക്കിന് കൂട്ടാളികൾ ഉണ്ടെന്ന ആരോപണവുമായി ബിജുവിന്റെ പിതാവ് രാജൻ. മദ്യലഹരിയിലാണെങ്കിലും ഒറ്റയ്ക്ക് കൊലപാതകം നടത്താൻ ദീപക്കിന് കഴിയില്ലെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും രാജൻ ആവശ്യപ്പെട്ടു.

ഈ മാസം 19ന് പുലർച്ചെയാണ് പാളയത്തെ ഒറ്റമുറി വീട്ടിൽ 38 കാരനായ ബിജുവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ 21 കാരനായ ബന്ധു ദീപക്കിനെ കോഴിക്കോട് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരിവിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിക്കാൻ ബിജു കൂടെ പോയതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

> "ശനിയാഴ്ച രാത്രി ഏഴു മണിക്ക് ദീപക് ഇവിടെ വന്നിരുന്നു. നാലഞ്ച് പേരുമായി ഇവിടെ ഇരുന്ന് മദ്യപിച്ചു. അവരെ കൂടി ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. 16നും മകനെ കൊല്ലാൻ ദീപക് ശ്രമിച്ചിരുന്നു. അന്ന് ഞാൻ ഇവിടെ ഉണ്ടായിരുന്നത് കൊണ്ട് അത് നടന്നില്ല" - രാജൻ പറഞ്ഞു.

യാത്രയ്ക്കിടെ രാത്രി 12.30ന് ബിജുവിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ലെന്ന് രാജൻ പറയുന്നു. പിന്നീട് 2.45ന് വീണ്ടും വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. സംശയം തോന്നിയതോടെ രാവിലെ 3 മണിയോടെ മകളെ വിളിച്ചു. തുടർന്ന് ഭാര്യ സ്ഥലത്തെത്തി നോക്കുമ്പോഴാണ് ബിജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്.കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

അർധരാത്രിക്ക് ശേഷം അച്ഛന്റെ സ്കൂട്ടറിൽ സഹോദരന്റെ ടീഷർട്ട് ധരിച്ചാണ് ദീപക് എത്തിയത്. അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടാനാണ് ഇങ്ങനെ ചെയ്തതെന്നും കൊലപാതകത്തിന് ശേഷം ടീഷർട്ട് കത്തിച്ചുകളഞ്ഞെന്നും പൊലീസ് പറയുന്നു.ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.

പതിമൂന്ന് വയസ്സ് മുതൽ ദീപക് ലഹരിക്ക് അടിമയാണ്. പ്ലസ് വണിന് പഠിക്കുമ്പോൾ ചികിത്സ തേടിയെങ്കിലും പിന്നീട് വീണ്ടും ലഹരി ഉപയോഗം തുടങ്ങി. ബിജുവിന്റെ ഇടപെടലിനെ തുടർന്ന് കയ്യും കാലും കെട്ടിയാണ് ദീപക്കിനെ ലഹരിവിമുക്തി കേന്ദ്രത്തിലേക്ക് കൊണ്ടുപോയത്.

നാട്ടുകാർക്ക് മുന്നിൽ ഇങ്ങനെ കൊണ്ടുപോയത് ദീപക്കിന്റെ മനസ്സിൽ വൈരാഗ്യം ഉണ്ടാക്കിയതായി പൊലീസ് കരുതുന്നു.ശരീരത്തിൽ 45 കുത്തുകൾ ഏറ്റാണ് ബിജു മരിച്ചത്. അതിൽ 18 കുത്തുകളും കഴുത്തിലായിരുന്നു. കേസിൽ സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.

ടൗൺ എസിപി കെ.വി.പ്രമോദൻ, കസബ സിഐ പി.ജെ.ജിമ്മി എന്നിവരുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധനയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ദീപക്കിനെ രണ്ട് ദിവസത്തിനുള്ളിൽ പിടികൂടിയത്. ദീപക്കിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി വെള്ളിയാഴ്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374378/kozhikode-palayam-murder-case-deepak-arrested-father-demands-probe)