---
title: "യുഎഇ സ്വകാര്യ ജീവനക്കാര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് നിര്‍ബന്ധം; 20,000 ദിര്‍ഹം വരെ പരിരക്ഷ"
english_title: "UAE Private Sector New Insurance Rule Workers Protection 20000 Dirham"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374397/uae-private-sector-insurance-rule-workers-protection-20000-dirham"
published_at: "2026-07-24T16:37:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/6a6347acca061_uae-private-sector-insurance-rule-workers-protection-20000-dirham.jpg"
keywords: ["UAE", "Abu Dhabi", "MoHRE", "Private Sector", "Employee Insurance", "Work Permit"]
---

# യുഎഇ സ്വകാര്യ ജീവനക്കാര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് നിര്‍ബന്ധം; 20,000 ദിര്‍ഹം വരെ പരിരക്ഷ

> **Lead Summary:** **അബുദാബി: **യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജീവനക്കാരുടെ തൊഴില്‍ സംരക്ഷണം ശക്തമാക്കി മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. ഇനിമുതല്‍ തൊഴിലുടമകള്‍ ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

## Article Content

**അബുദാബി: **യുഎഇയിലെ സ്വകാര്യ മേഖലയില്‍ ജീവനക്കാരുടെ തൊഴില്‍ സംരക്ഷണം ശക്തമാക്കി മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. ഇനിമുതല്‍ തൊഴിലുടമകള്‍ ജീവനക്കാരെ നിയമിക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു.

വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് മുമ്പ് തന്നെ ഇന്‍ഷുറന്‍സ് ഉറപ്പാക്കണം.തൊഴിലുടമ നിയമപരമായ ബാധ്യതകള്‍ നിറവേറ്റാതിരുന്നാല്‍ ജീവനക്കാരുടെ സാമ്പത്തിക അവകാശങ്ങള്‍ സംരക്ഷിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി രണ്ടര വര്‍ഷത്തെ ശമ്പള കുടിശിക ഉള്‍പ്പെടെ പരമാവധി 20,000 ദിര്‍ഹം വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.തൊഴിലിന്റെ സ്വഭാവവും സ്ഥാപനത്തിന്റെ തരവും അനുസരിച്ച് നാല് വ്യത്യസ്ത ഇന്‍ഷുറന്‍സ് പാക്കേജുകളാണ് ലഭ്യമാക്കിയിരിക്കുന്നത്.

വാര്‍ഷിക പ്രീമിയം 40 മുതല്‍ 100 ദിര്‍ഹം വരെയാണ്. ജീവനക്കാരന്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവും ഈ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടും.ജീവനക്കാരെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റ് ചെലവ്, സര്‍ക്കാര്‍ ഫീസ്, ഇന്‍ഷുറന്‍സ് ചെലവ് എന്നിവ മുഴുവന്‍ തൊഴിലുടമ തന്നെ വഹിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ജോലിക്കാര്‍ക്ക് തൊഴില്‍ കരാര്‍, അവകാശങ്ങള്‍, ബാധ്യതകള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരം നല്‍കുകയും വേതന സംരക്ഷണ സംവിധാനം (WPS) വഴി സമയത്ത് ശമ്പളം നല്‍കുകയും വേണം.യുഎഇ തൊഴില്‍ നിയമപ്രകാരം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് 30 ദിവസത്തെ ശമ്പളത്തോടെയുള്ള വാര്‍ഷിക അവധി, 60 ദിവസത്തെ പ്രസവാവധി, പരമാവധി 90 ദിവസത്തെ സിക്ക് ലീവ്, മാതാ-പിതൃ അവധി, പഠന അവധി, സേവനാനന്തര ആനുകൂല്യം തുടങ്ങിയവ അര്‍ഹതപ്പെട്ടതാണ്.

തൊഴിലാളികളുടെ പാസ്പോര്‍ട്ടോ മറ്റ് ഔദ്യോഗിക രേഖകളോ തൊഴിലുടമ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. ജോലി ഉപേക്ഷിക്കുന്ന ജീവനക്കാരന് അവസാന ശമ്പളവും ജോലി വിടാനുള്ള കാരണവും ഉള്‍പ്പെടുത്തിയ തൊഴില്‍ സര്‍ട്ടിഫിക്കറ്റ് സൗജന്യമായി നല്‍കണം.ശമ്പളം വൈകിപ്പിക്കല്‍, വ്യാജ സ്വദേശിവല്‍ക്കരണം, തെറ്റായ വിവരങ്ങള്‍ നല്‍കല്‍, നിര്‍ബന്ധിത രേഖകള്‍ പുതുക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374397/uae-private-sector-insurance-rule-workers-protection-20000-dirham)