---
title: "റിയാദ്-ദമ്മാം ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ  മലയാളി യുവാവ് മരിച്ചു"
english_title: "Kerala Man Rajesh Kumar Dies in Road Accident on Riyadh-Dammam Highway in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374796/saudi-riyadh-dammam-accident-rajesh-kumar-pathanamthitta-death"
published_at: "2026-07-27T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66c3d98f1ab_saudi-riyadh-dammam-accident-rajesh-kumar-pathanamthitta-death.jpg"
keywords: ["Saudi Road Accident", "Riyadh Dammam Highway", "Kerala Expats", "Gulf Malayali News"]
---

# റിയാദ്-ദമ്മാം ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ  മലയാളി യുവാവ് മരിച്ചു

> **Lead Summary:** റിയാദ്: സൗദി അറേബ്യയിൽ റിയാദ്-ദമ്മാം ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു. റുമാഹ് എന്ന സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ റാന്നി പൂഭരണി സ്വദേശി രാജേഷ് കുമാർ ആണ് മരണപ്പെട്ടത്.

## Article Content

റിയാദ്: സൗദി അറേബ്യയിൽ റിയാദ്-ദമ്മാം ഹൈവേയിൽ ഉണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു. റുമാഹ് എന്ന സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ റാന്നി പൂഭരണി സ്വദേശി രാജേഷ് കുമാർ ആണ് മരണപ്പെട്ടത്.

റിയാദിൽ ഹെവി വാഹന ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്. റിയാദിൽ നിന്ന് അൽ അഹ്സയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് സാധനങ്ങളുമായി പോകുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.

ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൗദി പൊലീസിന്റെ പ്രാഥമിക നിഗമനം.

അപകടം നടന്ന ഉടൻ തന്നെ കമ്പനി അധികൃതർ രാജേഷിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ വാഹനത്തിൽ ഘടിപ്പിച്ചിരുന്ന ജി.പി.എസ് സംവിധാനം പരിശോധിച്ചാണ് അപകടസ്ഥലം കണ്ടെത്തിയത്.

വിവരം ലഭിച്ച ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം റുമാഹ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്കായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് രംഗത്തുണ്ട്. ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഭാരവാഹികളായ ജാഫർ വീമ്പൂർ, നസീർ കണ്ണീരി, സമദ് നിലമ്പൂർ, കമ്പനി പ്രതിനിധി മുനീർ നിലമ്പൂർ, ബന്ധു രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.

സൗദിയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് പോസ്റ്റ്മോർട്ടം, ലീഗൽ ക്ലിയറൻസ് ഉൾപ്പെടെയുള്ള കാര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സംഘം. ദീർഘദൂര ഡ്രൈവിംഗിനിടെ വിശ്രമം ഉറപ്പാക്കണമെന്നും, അമിത ജോലി ഒഴിവാക്കണമെന്നും പ്രവാസി സംഘടനകൾ വീണ്ടും ഓർമിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374796/saudi-riyadh-dammam-accident-rajesh-kumar-pathanamthitta-death)