---
title: "'അംഗത്വം റദ്ദാക്കുന്ന ചട്ടം പ്രവാസികൾക്ക് തിരിച്ചടി'; പെൻഷൻ നിഷേധിക്കുന്ന നിലവിലെ നിലപാട് മാറ്റണം - കെ.എം.സി.സി ബഹ്‌റൈൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി"
english_title: "KMCC Bahrain Seeks Relief for Pravasi Welfare Fund Members Denied Pension"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/374856/kmcc-bahrain-pravasi-welfare-fund-pension-demand-memorandum"
published_at: "2026-07-27T11:36:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66f5ab17db0_kmcc-bahrain-pravasi-welfare-fund-pension-demand-memorandum.jpg"
keywords: ["KMCC Bahrain", "Pravasi Welfare Fund", "Kerala Pension", "Gulf Expats", "Kerala Government"]
---

# 'അംഗത്വം റദ്ദാക്കുന്ന ചട്ടം പ്രവാസികൾക്ക് തിരിച്ചടി'; പെൻഷൻ നിഷേധിക്കുന്ന നിലവിലെ നിലപാട് മാറ്റണം - കെ.എം.സി.സി ബഹ്‌റൈൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

> **Lead Summary:** മനാമ: കേരള പ്രവാസി ക്ഷേമനിധി ബോർഡിൽ വർഷങ്ങളായി അംഗങ്ങളായി അംശാദായം അടച്ചിട്ടും പെൻഷൻ പ്രായത്തിലെത്തുമ്പോൾ ആനുകൂല്യം നിഷേധിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന് കെ.എം.സി.സി ബഹ്‌റൈൻ ആവശ്യപ്പെട്ടു.

## Article Content

മനാമ: കേരള പ്രവാസി ക്ഷേമനിധി ബോർഡിൽ വർഷങ്ങളായി അംഗങ്ങളായി അംശാദായം അടച്ചിട്ടും പെൻഷൻ പ്രായത്തിലെത്തുമ്പോൾ ആനുകൂല്യം നിഷേധിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്ന് കെ.എം.സി.സി ബഹ്‌റൈൻ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് കെ.എം.സി.സി ബഹ്‌റൈൻ വൈസ് പ്രസിഡന്റ് എ.പി ഫൈസൽ മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. നിവേദനം മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിക്കുകയും തുടർനടപടികൾക്കായി കേരള പ്രവാസി ക്ഷേമനിധി ബോർഡിന് കൈമാറുകയും ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടി ലഭിച്ചതായി കെ.എം.സി.സി അറിയിച്ചു.

രോഗം, തൊഴിൽ നഷ്ടം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാൽ ഏതാനും മാസങ്ങൾ അംശാദായം അടയ്ക്കാൻ കഴിയാതെ വന്ന നിരവധി പ്രവാസികൾ പിന്നീട് കുടിശ്ശികയും പിഴയും അടച്ച് അംഗത്വം പുതുക്കാൻ ശ്രമിച്ചെങ്കിലും പെൻഷന് അർഹതയില്ലെന്ന് അറിയിക്കുകയാണ്.

> ഓൺലൈനിലൂടെ അംശാദായം അടയ്ക്കാൻ ശ്രമിക്കുമ്പോൾ “അംഗത്വം നഷ്ടപ്പെട്ടു” എന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. 60 വയസ് കഴിഞ്ഞാൽ അംഗത്വം പുനഃസ്ഥാപിക്കാനാകില്ലെന്ന നിലവിലെ ചട്ടം ആയിരക്കണക്കിന് പ്രവാസികളെ പെൻഷൻ ആനുകൂല്യത്തിൽ നിന്ന് അകറ്റുകയാണെന്നും കെ.എം.സി.സി ആരോപിച്ചു.

കുടിശ്ശികയും പിഴയും ഒരുമിച്ച് അടച്ച് അംഗത്വം നിലനിർത്താൻ അവസരം നൽകാതെ അംഗത്വം റദ്ദാക്കുന്ന നിലവിലെ രീതി പുനഃപരിശോധിക്കണമെന്ന് കെ.എം.സി.സി നിവേദനത്തിൽ ആവശ്യപ്പെട്ടു.

59-ാം വയസ്സിൽ ക്ഷേമനിധിയിൽ അംഗമായ ഒരാൾ അഞ്ച് വർഷം പൂർത്തിയാക്കിയിട്ടും 64-ാം വയസ്സിൽ പെൻഷന് അർഹത നേടാൻ കഴിയാത്ത സാഹചര്യം യുക്തിരഹിതമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ക്ഷേമനിധിയിൽ അഞ്ച് വർഷം അംഗത്വം പൂർത്തിയാക്കിയവർക്ക് കുടിശ്ശികയും നിയമാനുസൃത പിഴയും അടച്ച് അംഗത്വം പുനഃസ്ഥാപിക്കാനും പെൻഷൻ ആനുകൂല്യം ലഭ്യമാക്കാനും സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് പ്രധാന ആവശ്യം.

ഗൾഫ് നാടുകളിലെ സാമ്പത്തിക പ്രതിസന്ധിയും ജോലി നഷ്ടവും കാരണം അംശാദായം മുടങ്ങുന്നത് സ്വാഭാവികമാണ്. അത്തരം സാഹചര്യങ്ങളിൽ കരുണാപരമായി പരിഗണിച്ച് പ്രവാസികളുടെ അവകാശം സംരക്ഷിക്കണമെന്ന് കെ.എം.സി.സി ബഹ്‌റൈൻ നേതൃത്വം അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/374856/kmcc-bahrain-pravasi-welfare-fund-pension-demand-memorandum)