---
title: "മുറുക്കിപ്പൂശലും തുപ്പലും ഇനി നടപ്പില്ല; കർശന മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി"
english_title: "Muscat Municipality Warning No Spitting Public Places Clean City"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375650/muscat-municipality-warning-no-spitting-public-places"
published_at: "2026-07-31T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c1fab9750a_muscat-municipality-warning-no-spitting-public-places.jpg"
keywords: ["Muscat", "Municipality", "Public Cleanliness", "Spitting Ban"]
---

# മുറുക്കിപ്പൂശലും തുപ്പലും ഇനി നടപ്പില്ല; കർശന മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി

> **Lead Summary:** **മസ്‌കത്ത്: **പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും മുറുക്കൻ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി രംഗത്തെത്തി. തലസ്ഥാന നഗരിയുടെ വൃത്തിയും സൗന്ദര്യവും സംരക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

## Article Content

**മസ്‌കത്ത്: **പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും മുറുക്കൻ അവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും ഒഴിവാക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി രംഗത്തെത്തി. തലസ്ഥാന നഗരിയുടെ വൃത്തിയും സൗന്ദര്യവും സംരക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

പൊതുനിരത്തുകളിലും പാർക്കുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും തുപ്പുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും ഇത് നഗരത്തിന്റെ സംസ്കാരപരമായ പ്രതിച്ഛായയെ കളങ്കപ്പെടുത്തുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. മുറുക്കൻ ഉപയോഗിക്കുന്നത് വ്യക്തികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും അവശേഷിക്കുന്ന പാടുകളും മാലിന്യങ്ങളും നഗരത്തിന്റെ ശുചിത്വത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.

ചുവരുകളിലും ഫുട്പാത്തുകളിലും മുറുക്കൻ പാടുകൾ കാണുന്നത് നഗരത്തിന്റെ ഭംഗി കെടുത്തുന്നതിന് പുറമെ ശുചീകരണ ജീവനക്കാർക്ക് അധിക ജോലിഭാരവും സൃഷ്ടിക്കുന്നുണ്ട്. ശുചിത്വവും ആരോഗ്യകരവുമായ നഗരാന്തരീക്ഷം നിലനിർത്താനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങൾക്ക് ഇത്തരം ശീലങ്ങൾ തിരിച്ചടിയാകുന്നതായും അധികൃതർ ചൂണ്ടിക്കാട്ടി.

പൊതുസ്ഥലങ്ങളുടെ ശുചിത്വം സംരക്ഷിക്കുന്നത് എല്ലാ പൗരന്റെയും ഉത്തരവാദിത്തമാണെന്നും, നഗരത്തിന്റെ ഭംഗി നിലനിർത്താൻ ഓരോരുത്തരും ബാധ്യതയോടെ പെരുമാറണമെന്നും മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. നിയമലംഘനം കണ്ടാൽ പൊതുജനങ്ങൾക്ക് മുനിസിപ്പാലിറ്റിയുടെ ഹെൽപ്പ്‌ലൈനിൽ വിവരം അറിയിക്കാമെന്നും അധികൃതർ അറിയിച്ചു. നഗരത്തെ വൃത്തിയുള്ളതും ആരോഗ്യകരവുമായി നിലനിർത്താൻ എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375650/muscat-municipality-warning-no-spitting-public-places)