---
title: "ഗൾഫിൽ കനത്ത മഴ: സൗദിയിൽ ജീപ്പ് ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു, യെമനിൽ ഇടിമിന്നലേറ്റ് ഏഴ് മരണം "
english_title: "Gulf Heavy Rain Saudi Arabia Yemen Flood Lightning Deaths"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/375932/gulf-heavy-rain-saudi-yemen-flood-lightning-deaths"
published_at: "2026-08-01T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d977b314bd_gulf-heavy-rain-saudi-yemen-flood-lightning-deaths.jpg"
keywords: ["Gulf Rain", "Saudi Arabia", "Yemen", "Asir", "Lightning", "Flood"]
---

# ഗൾഫിൽ കനത്ത മഴ: സൗദിയിൽ ജീപ്പ് ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു, യെമനിൽ ഇടിമിന്നലേറ്റ് ഏഴ് മരണം 

> **Lead Summary:** **റിയാദ്/സൻആ: ** ഗൾഫ് മേഖലയിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലും യെമനിലും വ്യാപക നാശനഷ്ടവും ജീവഹാനിയും റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ജീപ്പ് ഒഴുക്കിൽപ്പെട്ട് ഡ്രൈവർ മുങ്ങിമരിച്ചു.

## Article Content

**റിയാദ്/സൻആ: ** ഗൾഫ് മേഖലയിൽ കനത്ത മഴയും മലവെള്ളപ്പാച്ചിലും തുടരുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലും യെമനിലും വ്യാപക നാശനഷ്ടവും ജീവഹാനിയും റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യയിലെ അസീർ പ്രവിശ്യയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ജീപ്പ് ഒഴുക്കിൽപ്പെട്ട് ഡ്രൈവർ മുങ്ങിമരിച്ചു.

അസീറിലെ വാദി കഹ്ലയിൽ മലവെള്ളപ്പാച്ചിലിനിടെ താഴ്വര മുറിച്ചുകടക്കാൻ ശ്രമിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ ഒഴുക്കിൽപ്പെട്ട വാഹനം ക്രമേണ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. വിൻഡോയിലൂടെ പുറത്തുകടന്ന് രക്ഷപ്പെടാൻ ഡ്രൈവർ അവസാന നിമിഷം വരെ ശ്രമിച്ചെങ്കിലും അതിശക്തമായ കുത്തൊഴുക്കിൽ രക്ഷിക്കാനായില്ല.

ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ദൃക്‌സാക്ഷികൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.അയൽരാജ്യമായ യെമനിലും സ്ഥിതി ഗുരുതരമാണ്. വടക്കൻ യെമനിലെ അംറാൻ ഗവർണറേറ്റിലെ അമദ് ഗ്രാമത്തിൽ കനത്ത മഴയ്ക്കിടെയുണ്ടായ ഇടിമിന്നലിൽ നാല് സ്ത്രീകളടക്കം 7 പേർ മരിച്ചു.

ഹൂത്തി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഒരു സംഘടന നടത്തിയ വനിതാ പരിപാടിയിൽ പങ്കെടുക്കാൻ വീട്ടിൽ ഒത്തുകൂടിയവരാണ് അപകടത്തിൽപ്പെട്ടത്. ഇടിമിന്നലേറ്റാണ് നാല് സ്ത്രീകൾ തൽക്ഷണം മരിച്ചത്. സംഭവത്തിൽ ആറുപേർക്ക് പരുക്കേറ്റിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ അൽഹുദൈദ ഗവർണറേറ്റിലെ ജബൽ റാസ് ജില്ലയിൽ വീട്ടിൽ ഇടിമിന്നലേറ്റ് ദമ്പതികളും മകളും ദാരുണമായി കൊല്ലപ്പെട്ടു.

മഴക്കാലത്ത് യെമനിൽ വെള്ളപ്പൊക്കത്തിലും ഇടിമിന്നലേറ്റും വലിയ ജീവഹാനിയാണ് പതിവായി ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം മാത്രം ഇത്തരം അപകടങ്ങളിൽ 104 പേർ മരിച്ചതായി ഔദ്യോഗിക കണക്കുകളുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സൗദിയിലും യെമനിലും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

താഴ്വരകളും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളും ഒഴിവാക്കണമെന്നും അനാവശ്യ യാത്രകൾ നടത്തരുതെന്നും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/375932/gulf-heavy-rain-saudi-yemen-flood-lightning-deaths)