---
title: "ജോലി തരാം, അക്കൗണ്ട് നൽകണം; പ്രവാസികളേ ജാഗ്രത! ദുബൈയിൽ പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ "
english_title: "Dubai Job Scam Alert Fake Work From Home Bank Account Fraud Warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/377290/dubai-job-scam-bank-account-fraud-work-from-home-warning"
published_at: "2026-08-07T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a75bc701fdd3_dubai-job-scam-bank-account-fraud-work-from-home-warning.jpg"
keywords: ["Dubai Scam", "Job Fraud", "Work From Home", "Bank Account", "Dubai Police", "UAE"]
---

# ജോലി തരാം, അക്കൗണ്ട് നൽകണം; പ്രവാസികളേ ജാഗ്രത! ദുബൈയിൽ പുതിയ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ 

> **Lead Summary:** > **ദുബൈ: **ദുബൈയിൽ ജോലി തേടുന്നവരെ ലക്ഷ്യം വെച്ച് പുതിയ തട്ടിപ്പ്. "വർക്ക് ഫ്രം ഹോം", "പാർട്ട് ടൈം ജോലി" എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പരസ്യം നൽകി ആളുകളെ വലയിലാക്കുന്ന സംഘങ്ങൾ സജീവമാണെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി.

## Article Content

> **ദുബൈ: **ദുബൈയിൽ ജോലി തേടുന്നവരെ ലക്ഷ്യം വെച്ച് പുതിയ തട്ടിപ്പ്. "വർക്ക് ഫ്രം ഹോം", "പാർട്ട് ടൈം ജോലി" എന്ന പേരിൽ സോഷ്യൽ മീഡിയയിൽ പരസ്യം നൽകി ആളുകളെ വലയിലാക്കുന്ന സംഘങ്ങൾ സജീവമാണെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി.

ഇരകളെ കൊണ്ട് പുതിയ ബാങ്ക് അക്കൗണ്ടുകൾ തുറപ്പിച്ച്, ആ അക്കൗണ്ട് വഴി സാമ്പത്തിക ഇടപാടുകൾ നടത്തിച്ചാണ് തട്ടിപ്പ്. ഇത്തരത്തിൽ തട്ടിപ്പിനിരയായ ഒരു യുവാവിന്റെ അനുഭവം പങ്കുവെച്ചാണ് പൊലീസ് ജാഗ്രതാ നിർദേശം പുറത്തിറക്കിയത്. സോഷ്യൽ മീഡിയയിൽ കണ്ട വർക്ക് ഫ്രം ഹോം പാർട്ട് ടൈം ജോലിയുടെ പരസ്യത്തിൽ ആകൃഷ്ടനായാണ് യുവാവ് അപേക്ഷ നൽകിയത്.

> "വേഗത്തിൽ അധിക വരുമാനം" എന്ന വാഗ്ദാനം നൽകിയായിരുന്നു പരസ്യം. തുടർന്ന് ജോലിക്ക് തിരഞ്ഞെടുത്തതായി സന്ദേശവും ലഭിച്ചു.അതിന് ശേഷമാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. "കമ്പനിയുടെ പണമിടപാടുകൾക്ക്" എന്ന് പറഞ്ഞ് ഒരു പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാൻ തട്ടിപ്പുകാർ യുവാവിനോട് ആവശ്യപ്പെട്ടു.

> ആ അക്കൗണ്ടിലേക്ക് പലപ്പോഴായി പണം വന്നു തുടങ്ങി. പിന്നീട് "ഇടപാടുകൾ തീർക്കുന്നതിനും ക്ലയന്റ് ട്രാൻസ്ഫറുകൾ പ്രോസസ് ചെയ്യുന്നതിനും" വേണ്ടി ആ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി നൽകണമെന്നായിരുന്നു നിർദേശം. ഓരോ ട്രാൻസ്ഫറിനും കമ്മീഷനും നൽകി.ഇത് സാധാരണ കമ്പനി ജോലിയാണെന്ന് കരുതിയ യുവാവും നിർദേശപ്രകാരം പണം കൈമാറി.

> എന്നാൽ ബാങ്ക് ട്രാൻസ്ഫറുകൾ നിരീക്ഷിച്ച പൊലീസ് സംശയം തോന്നി യുവാവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോഴാണ് കാര്യങ്ങൾ പുറത്തുവന്നത്. "ഒരു കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നതാണ്, മറ്റൊന്നും അറിയില്ല" എന്നായിരുന്നു യുവാവിന്റെ മറുപടി. പൊലീസ് സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതോടെയാണ് ഈ തട്ടിപ്പ് സംഘത്തിന്റെ രീതി വ്യക്തമായത്. ഇത്തരത്തിൽ പലരുടെയും അക്കൗണ്ടുകൾ ഉപയോഗിച്ച് നിയമവിരുദ്ധ പണമിടപാടുകൾ നടത്തുകയായിരുന്നു ലക്ഷ്യം.

ജോലിയുടെ പേരിൽ ആരും സ്വന്തം ബാങ്ക് അക്കൗണ്ട് മറ്റുള്ളവർക്ക് ഉപയോഗിക്കാൻ നൽകരുതെന്ന് ദുബൈ പൊലീസ് വ്യക്തമാക്കി. വർക്ക് ഫ്രം ഹോം ജോലികൾക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കമ്പനിയുടെ വിശദാംശങ്ങൾ പരിശോധിക്കണം. സംശയം തോന്നുന്ന ജോലി ഓഫറുകൾ ഉടൻ പൊലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.അമിത വരുമാനത്തിന്റെ വാഗ്ദാനത്തിൽ വീണ് അക്കൗണ്ട് കൊടുക്കുന്നത് വലിയ നിയമപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/377290/dubai-job-scam-bank-account-fraud-work-from-home-warning)