മനാമ : ബഹ്റൈനിൽ റസ്റ്റോറന്റിലെ ഡെലിവറി ജീവനക്കാരെ ആക്രമിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച യുവാവിനെ വിചാരണ ചെയ്യാനാവില്ലെന്ന് കോടതി.
മയക്കുമരുന്നിന് അടിമയായ ഇയാളുടെ മാനസിക നില ശരിയല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. ഇയാളെ മാനസിക ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകും.
കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഖുവയിലും സെഹ്ലയിലുമാണ് 30 വയസുകാരൻ ഇന്ത്യക്കാരായ ഡെലിവറി ജീവനക്കാരെ ആക്രമിച്ചത്. ക്രിസ്റ്റൽ മെത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ഇയാൾ ഒരു ഡെലിവറി ജീവനക്കാരനെ ആദ്യം വഴിയിൽ പിന്തുടർന്ന് ആക്രമിച്ചു.
ഇയാളിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങുകയും ചെയ്തു. മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് രണ്ടാമത്തെ ഡ്രൈവറെ ആക്രമിച്ചത്. ഇയാളെ ഹെൽമറ്റ് കൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം മൊബൈൽ ഫോൺ കവർന്നു.
മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന പ്രതി അതിന്റെ ലഹരിയിലായിരുന്നുവെന്നും മാനസിക നില തകരാറിലായിരുന്നതിനാൽ ആക്രമണത്തിനും കവർച്ചയ്ക്കും ഇയാളെ ഉത്തരവാദിയായി കണക്കാക്കാനാവില്ലെന്നും ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.
മാനസിക നില താളം തെറ്റിയ നിലയിലുള്ള ആളിനെ അതുകൊണ്ടുതന്നെ കേസിൽ വിചാരണ ചെയ്യാനാവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്.
The court ruled that the young man who attacked the delivery staff and stole the mobile phones could not be tried