---
title: "വിലക്കുറവിൽ വീഴരുത്, ബില്ലുകൾ സൂക്ഷിക്കണം; സ്കൂൾ തുറക്കാനിരിക്കെ കുടുംബങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് അധികൃതർ"
english_title: "Dubai Consumer Protection Warns Families Ahead Of New School Year Shopping"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/378332/dubai-consumer-protection-school-supplies-warning"
published_at: "2026-08-13T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d938aadd26_dubai-consumer-protection-school-supplies-warning.jpg"
keywords: ["Dubai", "Consumer Protection", "School Supplies", "UAE"]
---

# വിലക്കുറവിൽ വീഴരുത്, ബില്ലുകൾ സൂക്ഷിക്കണം; സ്കൂൾ തുറക്കാനിരിക്കെ കുടുംബങ്ങൾക്ക് മുന്നറിയിപ്പുമായി ദുബായ് അധികൃതർ

> **Lead Summary:** **ദുബായ്: ** പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ പഠനോപകരണങ്ങൾ വാങ്ങുന്ന കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് ഉപഭോക്തൃ സംരക്ഷണ വിഭാഗം നിർദേശിച്ചു. ആവശ്യമായ സാധനങ്ങൾ മാത്രം വാങ്ങുക, വിവിധ കടകളിലെ വിലകൾ താരതമ്യം ചെയ്യുക, വാങ്ങിയതിന്റെ ബില്ലുകൾ സൂക്ഷിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

## Article Content

**ദുബായ്: ** പുതിയ അധ്യയനവർഷം ആരംഭിക്കാനിരിക്കെ പഠനോപകരണങ്ങൾ വാങ്ങുന്ന കുടുംബങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുബായ് ഉപഭോക്തൃ സംരക്ഷണ വിഭാഗം നിർദേശിച്ചു. ആവശ്യമായ സാധനങ്ങൾ മാത്രം വാങ്ങുക, വിവിധ കടകളിലെ വിലകൾ താരതമ്യം ചെയ്യുക, വാങ്ങിയതിന്റെ ബില്ലുകൾ സൂക്ഷിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ദുബായിലെ റീട്ടെയിൽ സ്ഥാപനങ്ങൾ, വിപണികൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കിയതായും അധികൃതർ അറിയിച്ചു. പരസ്യപ്പെടുത്തുന്ന വിലക്കുറവ് യഥാർഥമാണോ, ഉൽപ്പന്നങ്ങളുടെ വില വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ടോ, ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാപാരരീതികൾ നടക്കുന്നുണ്ടോ എന്നിവയാണ് പരിശോധിക്കുന്നതെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം പറയുന്നു.

വിലക്കുറവ്, റീഫണ്ട്, ഉൽപ്പന്നം മാറ്റിനൽകൽ തുടങ്ങിയവ സംബന്ധിച്ച നിയമങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്നും പ്രമോഷനുകളുടെ നിബന്ധനകൾ ഉപയോക്താക്കളെ വ്യക്തമായി അറിയിക്കുന്നുണ്ടെന്നും പരിശോധനയിൽ ഉറപ്പാക്കുമെന്നും അധികൃതരുടെ നിലപാടാണ്. വിലക്കുറവിന്റെ പേരിൽ ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കണമെന്നും അവർ നിർദേശിച്ചു.

പരസ്യത്തിലെ വിലക്കുറവിന്റെ ശതമാനം മാത്രമല്ല, അന്തിമവില, ഉൽപ്പന്നത്തിന്റെ ഗുണനിലവാരം, ആവശ്യകത എന്നിവയും പരിഗണിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം പറയുന്നു. ലാപ്ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുമ്പോൾ ഔദ്യോഗിക വാറന്റിയുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

വാറന്റിയുടെ നിബന്ധനകളും അംഗീകൃത സർവീസ് സെന്ററുകളുടെ വിവരങ്ങളും പരിശോധിച്ച് ബില്ലുകളും മറ്റ് രേഖകളും സൂക്ഷിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.ഓൺലൈൻ ഷോപ്പിങ്ങിൽ വിശ്വസനീയമായ സ്ഥാപനങ്ങളിൽനിന്ന് മാത്രം വാങ്ങണമെന്നും ഉൽപ്പന്നത്തിന്റെ വിവരണം, ഉപയോക്താക്കളുടെ വിലയിരുത്തലുകൾ, റിട്ടേൺ- റീഫണ്ട് നിബന്ധനകൾ എന്നിവ പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു.

മൾട്ടി-ബൈ ഓഫറുകൾ, ഷോപ്പിങ് വൗച്ചറുകൾ, റിവാർഡ് പോയിന്റുകൾ തുടങ്ങിയ പ്രമോഷനുകളുടെ നിബന്ധനകൾ പ്രത്യേകം പരിശോധിക്കണം. ഉൽപ്പന്നം, വാറന്റി, വിൽപ്പനാനന്തര സേവനം എന്നിവ സംബന്ധിച്ച് സംശയങ്ങളുണ്ടെങ്കിൽ വാങ്ങുന്നതിന് മുമ്പ് വ്യാപാരികളോട് വ്യക്തത തേടണമെന്നും നിർദേശമുണ്ട്.

നേരത്തെ, ഷോപ്പിങ് നടത്തുന്നത് കൂടുതൽ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാനും തിരക്ക് ഒഴിവാക്കാനും സാധനം തീർന്നുപോകുന്നത് ഒഴിവാക്കാനും സഹായിക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗം ആക്ടിങ് ഡയറക്ടർ അഹമ്മദ് അഹ്‌ലി അഹമ്മദ് വ്യക്തമാക്കിയിരുന്നു.

**English Summary:**

Ahead of the new academic year, Dubai’s Consumer Protection Department has urged families to be cautious while buying school supplies. Authorities advised buying only necessary items, comparing prices across stores, and keeping bills. Inspections have been intensified in retail stores and malls to check genuine discounts, clear price displays, and fair trade practices. They also recommended verifying warranties for electronics, checking terms of promotions, and shopping from trusted sources online. Acting Director Ahmed Ahli Ahmed earlier said early shopping helps avoid rush and stock shortages.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/378332/dubai-consumer-protection-school-supplies-warning)