---
title: "ആഘോഷം കണ്ണീരായി....! സലാലയിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം, സഹോദരങ്ങൾ മരിച്ചു"
english_title: " Paragliding Accident In Salalah Oman Kills Two, All Gliding Activities Suspended"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379342/salalah-paragliding-accident-oman-suspends-gliding-activities"
published_at: "2026-08-20T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a86cd274f4de_salalah-paragliding-accident-oman-suspends-gliding-activities.jpg"
keywords: ["Paragliding Accident", "Air Sports", "Oman News"]
---

# ആഘോഷം കണ്ണീരായി....! സലാലയിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം, സഹോദരങ്ങൾ മരിച്ചു

> **Lead Summary:** സലാല: ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാലയില്‍ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ക്യാപ്റ്റന്‍ അഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ കല്‍ബാനിയും സഹോദരിയുമാണ് മരണപ്പെട്ടത്.

## Article Content

സലാല: ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാലയില്‍ പാരാഗ്ലൈഡിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ക്യാപ്റ്റന്‍ അഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ കല്‍ബാനിയും സഹോദരിയുമാണ് മരണപ്പെട്ടത്.

സലാലയില്‍ നടന്ന ‘എയര്‍ സ്‌പോര്‍ട്‌സ് വില്ലേജ്’ പരിപാടിയിലാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഒമാന്‍ എയര്‍ സ്‌പോര്‍ട്‌സ് കമ്മിറ്റി (ഒഎഎസ്സി) രാജ്യവ്യാപകമായി എല്ലാ പാരാഗ്ലൈഡിങ്, ഗ്ലൈഡിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി അറിയിച്ചു.

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒമാനിലെ അംഗീകൃത കേന്ദ്രങ്ങളിലുള്‍പ്പെടെ എല്ലാ തരത്തിലുള്ള ഗ്ലൈഡിങ് പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കുമെന്ന് ഒമാന്‍ എയര്‍ സ്‌പോര്‍ട്‌സ് കമ്മിറ്റി വ്യക്തമാക്കി.

എയര്‍ സ്‌പോര്‍ട്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ക്ലബ്ബുകള്‍, കായികപ്രേമികള്‍ എന്നിവര്‍ വിലക്ക് കര്‍ശനമായി പാലിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

സുരക്ഷാ പ്രോട്ടോക്കോളുകള്‍ വീണ്ടും വിലയിരുത്തുന്നതിന്റെ ഭാഗമായാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഒഎഎസ്സി അറിയിച്ചു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ കമ്മിറ്റി മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനവും അറിയിച്ചു.

‘എയര്‍ സ്‌പോര്‍ട്‌സ് വില്ലേജ്’ പരിപാടി സലാലയില്‍ വലിയ ജനശ്രദ്ധ നേടിയിരുന്ന പരിപാടിയാണ്. വിവിധ എയര്‍ സ്‌പോര്‍ട്‌സുകളുടെ പ്രദര്‍ശനവും പരിശീലനവും ഇതിന്റെ ഭാഗമായി നടന്നിരുന്നു. അപകടത്തെ തുടര്‍ന്ന് പരിപാടിയുടെ ബാക്കി ദിവസങ്ങളിലെ എയര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളും നിര്‍ത്തിവച്ചിട്ടുണ്ട്.

**English Summary:**

Two people, including Captain Ahmed bin Hamdan Al Kalbani and his sister, died in a paragliding accident during the 'Air Sports Village' event in Salalah, Dhofar Governorate, Oman. Following the incident, the Oman Air Sports Committee has suspended all paragliding and gliding activities nationwide until further notice and urged clubs and enthusiasts to strictly comply with the ban.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379342/salalah-paragliding-accident-oman-suspends-gliding-activities)