---
title: "ഇനി സേവനം ഞൊടിയിടയിൽ ലഭിക്കും; അത്യാധുനിക സ്മാർട്ട് ആംബുലൻസുകൾ നിരത്തിലിറക്കി അബുദാബി"
english_title: " Abu Dhabi Launches Next Gen Smart Ambulances With Advanced Treatment Facilities"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/379513/abu-dhabi-launches-smart-ambulances-mobile-icu-facilities"
published_at: "2026-08-21T18:03:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8845a75144f_abu-dhabi-launches-smart-ambulances-mobile-icu-facilities.jpg"
keywords: ["Abu Dhabi", "Smart Ambulance", "UAE Health", "Civil Defense", "Mobile ICU"]
---

# ഇനി സേവനം ഞൊടിയിടയിൽ ലഭിക്കും; അത്യാധുനിക സ്മാർട്ട് ആംബുലൻസുകൾ നിരത്തിലിറക്കി അബുദാബി

> **Lead Summary:** അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി പുതിയ തലമുറ സ്മാർട്ട് ആംബുലൻസുകൾ നിരത്തിലിറക്കി അബുദാബി. ആരോഗ്യവകുപ്പും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായാണ് പുതിയ പ്രത്യേക ആംബുലൻസ് സേവനം അവതരിപ്പിച്ചത്.

## Article Content

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി പുതിയ തലമുറ സ്മാർട്ട് ആംബുലൻസുകൾ നിരത്തിലിറക്കി അബുദാബി. ആരോഗ്യവകുപ്പും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായാണ് പുതിയ പ്രത്യേക ആംബുലൻസ് സേവനം അവതരിപ്പിച്ചത്.

സങ്കീർണമായ ആരോഗ്യപ്രശ്നങ്ങളുള്ള രോഗികൾക്ക് അടിയന്തര ഘട്ടത്തിൽ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ ഫ്ലീറ്റിൽ 18 പ്രത്യേക ആംബുലൻസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മൊബൈൽ ഐ.സി.യു ആംബുലൻസുകൾ, അമ്മമാരെയും നവജാത ശിശുക്കളെയും കൊണ്ടുപോകുന്നതിനുള്ള പ്രത്യേക ആംബുലൻസുകൾ, അധിക സഹായവും സൗകര്യങ്ങളും ആവശ്യമുള്ള രോഗികൾക്കായുള്ള ആംബുലൻസുകൾ എന്നിവ ഇതിലുണ്ട്.

യൂണിഫൈഡ് മെഡിക്കൽ ഓപ്പറേഷൻസ് സെന്ററുമായി ബന്ധിപ്പിച്ചാണ് ആംബുലൻസുകളുടെ പ്രവർത്തനം. അതിനാൽ അടിയന്തര സേവനങ്ങളും ആശുപത്രികളിലെ വിദഗ്ധ ചികിത്സാ സംവിധാനങ്ങളും ഏകോപിപ്പിച്ച് രോഗിക്ക് തുടർച്ചയായ പരിചരണം ഉറപ്പാക്കാനാകും.

മൊബൈൽ ഐ.സി.യു ആംബുലൻസുകളിൽ അൾട്രാസൗണ്ട് സംവിധാനങ്ങൾ, ഇൻഫ്യൂഷൻ പമ്പുകൾ, വെന്റിലേറ്ററുകൾ തുടങ്ങിയ അത്യാധുനിക ഉപകരണങ്ങളുണ്ട്. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയിലും വിദഗ്ധ പരിചരണം നൽകാൻ ഇതിലൂടെ കഴിയും.

അമ്മമാർക്കും നവജാത ശിശുക്കൾക്കുമായി ഒരുക്കിയ ആംബുലൻസുകളിൽ ഇൻക്യുബേറ്റർ, വെന്റിലേറ്റർ തുടങ്ങിയ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഗുരുതരമായ അമിതവണ്ണമുള്ള രോഗികൾക്കായുള്ള ആംബുലൻസുകളിൽ പ്രത്യേക ലോഡിംഗ് പ്ലാറ്റ്ഫോമുകളും ഏകദേശം 350 കിലോഗ്രാം വരെ ഭാരം താങ്ങാൻ ശേഷിയുള്ള സ്ട്രെച്ചറുകളും ഒരുക്കിയിട്ടുണ്ട്.

അടിയന്തര സാഹചര്യങ്ങളിൽ ശരിയായ ചികിത്സയിലേക്ക് രോഗിയെ വേഗത്തിൽ എത്തിക്കുന്നതിനൊപ്പം, ആശുപത്രിയിലെത്തും മുമ്പുതന്നെ ആവശ്യമായ വിദഗ്ധ പരിചരണം നൽകുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. ആംബുലൻസ് വെറും രോഗികളെ ആശുപത്രിയിലെത്തിക്കുന്ന വാഹനമല്ലെന്നും, രോഗിയുടെ ചികിത്സാ യാത്രയുടെ തന്നെ ഒരു പ്രധാന ഭാഗമാക്കി മാറ്റുകയാണ് അബുദാബിയെന്നും അധികൃതർ വ്യക്തമാക്കി.

സാങ്കേതികവിദ്യ, വിദഗ്ധ മെഡിക്കൽ സംഘങ്ങൾ, അടിയന്തര സേവനങ്ങൾ, ആശുപത്രി സംവിധാനങ്ങൾ എന്നിവയെ ഏകോപിപ്പിച്ച് കൂടുതൽ വേഗതയേറിയതും സുരക്ഷിതവുമായ അടിയന്തര ചികിത്സാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമാണിത്.

രോഗിയുടെ ആവശ്യത്തിനനുസരിച്ച് ശരിയായ ചികിത്സാ സൗകര്യം ഏറ്റവും നിർണായകമായ ആദ്യ നിമിഷങ്ങളിൽ തന്നെ ലഭ്യമാക്കുന്നതിലൂടെ രോഗികളുടെ സുരക്ഷയും ചികിത്സാഫലവും മെച്ചപ്പെടുത്താൻ പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

**English Summary:**

Abu Dhabi has launched next-generation smart ambulances with advanced treatment facilities. Jointly introduced by Department of Health and Abu Dhabi Civil Defense Authority, the fleet includes 18 specialized ambulances including mobile ICU units, mother and newborn transport units, and bariatric ambulances. Connected to Unified Medical Operations Centre, they offer ultrasound, infusion pumps, ventilators, incubators and stretchers capable of 350 kg, aiming to provide expert care en route to hospital.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/379513/abu-dhabi-launches-smart-ambulances-mobile-icu-facilities)