---
title: "പുതിയ അധ്യയന വർഷം; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഹൈടെക് ട്രാക്കിങ്ങും ക്യാമറകളും,ബസുകളിൽ വൻ സുരക്ഷാ സംവിധാനങ്ങളുമായി ഡിടിസി"
english_title: "Dubai Taxi Company Deploys 1215 School Buses For 36500 Students Across UAE For New Academic Year"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380248/dubai-taxi-company-1215-school-buses-36500-students-uae-new-academic-year"
published_at: "2026-08-28T17:15:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a91758d00168_dubai-taxi-company-1215-school-buses-36500-students-uae-new-academic-year.jpg"
keywords: ["UAE News", "Dubai Taxi Company", "UAE School Buses", "Dubai News", "RTA Dubai"]
---

# പുതിയ അധ്യയന വർഷം; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഹൈടെക് ട്രാക്കിങ്ങും ക്യാമറകളും,ബസുകളിൽ വൻ സുരക്ഷാ സംവിധാനങ്ങളുമായി ഡിടിസി

> **Lead Summary:** ദുബായ്: യുഎഇയിലുടനീളം പത്തു ലക്ഷത്തിലേറെ വിദ്യാർഥികൾ പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിലേക്ക് മടങ്ങിയെത്താനൊരുങ്ങുമ്പോൾ കുട്ടികളുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കാൻ വൻ ഒരുക്കങ്ങളുമായി ദുബായ് ടാക്സി കമ്പനി (ഡിടിസി).

## Article Content

ദുബായ്: യുഎഇയിലുടനീളം പത്തു ലക്ഷത്തിലേറെ വിദ്യാർഥികൾ പുതിയ അധ്യയന വർഷത്തിൽ സ്കൂളുകളിലേക്ക് മടങ്ങിയെത്താനൊരുങ്ങുമ്പോൾ കുട്ടികളുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കാൻ വൻ ഒരുക്കങ്ങളുമായി ദുബായ് ടാക്സി കമ്പനി (ഡിടിസി).

ദുബായ്, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിലായി പ്രതിദിനം 36,500 വിദ്യാർഥികളെ സ്കൂളുകളിലെത്തിക്കുന്നതിനായി 1,215 ബസുകളാണ് കമ്പനി പൂർണ സജ്ജമാക്കിയിരിക്കുന്നത്.

സ്കൂളുകൾ തുറക്കുന്നതിന് മുൻപ് തന്നെ ബസുകളുടെ പ്രവർത്തനക്ഷമത, ശുചിത്വം, സുരക്ഷാ ഉപകരണങ്ങൾ എന്നിവ കൃത്യമായി പരിശോധിക്കുന്ന കർശന നടപടികളാണ് പൂർത്തിയായി വരുന്നത്.

വിദ്യാർഥികളുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും റോഡ് ഗതാഗത അതോറിറ്റിയുടെ (ആർടിഎ) മാനദണ്ഡങ്ങൾ അനുസരിച്ചാണ് സർവീസുകൾ ഏകോപിപ്പിക്കുന്നതെന്നും ഡിടിസി അസറ്റ് ഡയറക്ടർ നാസർ അൽ ഹാജ് പറഞ്ഞു.

നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് മുഴുവൻ ബസുകളുടെയും യാത്രകൾ നിയന്ത്രിക്കുന്നത്. കമ്പനിയുടെ പ്രത്യേക ഓപ്പറേഷൻ കൺട്രോൾ സെന്റർ വഴി മുഴുവൻ സമയവും തത്സമയ നിരീക്ഷണം സാധ്യമാക്കുന്നുണ്ട്.

വലിയ സ്ക്രീനുകളിൽ ബസുകളുടെ കൃത്യമായ ലൊക്കേഷൻ, ക്യാമറ ദൃശ്യങ്ങൾ, വേഗം, റോഡിലെ ഗതാഗത വിവരങ്ങൾ എന്നിവ നിരീക്ഷിച്ചാണ് സർവീസുകൾ ക്രമീകരിക്കുന്നത്. വിദ്യാർഥികൾ അവധിയെടുക്കുന്ന ദിവസങ്ങളിൽ സമയനഷ്ടം ഒഴിവാക്കാൻ റൂട്ടുകളിൽ ഉടനടി മാറ്റം വരുത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും.

രക്ഷിതാക്കൾക്കായി പ്രത്യേക ആപ്ലിക്കേഷനും ഡിടിസി ഒരുക്കിയിട്ടുണ്ട്. ജിപിഎസ് വഴി ബസിന്റെ കൃത്യമായ സ്ഥാനവും സഞ്ചാരപാതയും അറിയാനും കുട്ടികൾ സുരക്ഷിതമായി സ്കൂളിലെത്തുമ്പോഴും ഗതാഗതക്കുരുക്കിൽപ്പെടുമ്പോഴും ഉടനടി വിവരങ്ങൾ ലഭിക്കാനും ആപ്പ് സഹായിക്കും. ഇതിനുപുറമെ ഒരു കുട്ടിയും ബസിനുള്ളിൽ കുടുങ്ങിപ്പോകുന്നില്ലെന്ന് ഉറപ്പാക്കാൻ ആധുനിക നിരീക്ഷണ ക്യാമറകളും ഇലക്ട്രോണിക് ട്രാക്കറുകളും ബസുകളിൽ സ്ഥാപിച്ചിട്ടുണ്ട്.

**English Summary:**

As over one million students across UAE prepare to return for new academic year, Dubai Taxi Company DTC has deployed 1,215 buses to transport 36,500 students daily across Dubai, Ajman and Ras Al Khaimah. Buses undergoing strict checks for efficiency, cleanliness and safety equipment before schools reopen. DTC Asset Director Nasser Al Haj said priority is student safety and services are coordinated as per RTA standards. Real-time monitoring via Operation Control Centre tracks location, camera footage, speed and traffic. Special app for parents provides GPS tracking and notifications. Modern surveillance cameras and electronic trackers installed to ensure no child is left behind in bus.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380248/dubai-taxi-company-1215-school-buses-36500-students-uae-new-academic-year)