---
title: "മൊബൈൽ ഉപയോഗിക്കരുത്, പുകവലിക്കരുത്; സ്കൂൾ ബസ് ഡ്രൈവർമാർക്ക് പതിമൂന്ന് കർശന നിയമങ്ങളുമായി അബുദാബി"
english_title: "Abu Dhabi School Buses Ready New Academic Year 10000 Buses 2.79 Lakh Students"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/380437/abu-dhabi-school-buses-ready-new-academic-year-10000-buses"
published_at: "2026-08-30T16:54:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a941327d0ebd_abu-dhabi-school-buses-ready-new-academic-year-10000-buses.jpg"
keywords: ["Abu Dhabi News", "Abu Dhabi School Bus", "UAE School", "Abu Dhabi Mobility"]
---

# മൊബൈൽ ഉപയോഗിക്കരുത്, പുകവലിക്കരുത്; സ്കൂൾ ബസ് ഡ്രൈവർമാർക്ക് പതിമൂന്ന് കർശന നിയമങ്ങളുമായി അബുദാബി

> **Lead Summary:** അബുദാബി∙ പുതിയ അധ്യയനവർഷത്തിന് അബുദാബിയിൽ സ്കൂൾ ബസുകൾ സജ്ജം. 2.79 ലക്ഷം വിദ്യാർഥികളെ സ്കൂളുകളിലെത്തിക്കാൻ 10,000 സ്കൂൾ ബസുകളാണ് ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികളുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) അറിയിച്ചു.

## Article Content

അബുദാബി∙ പുതിയ അധ്യയനവർഷത്തിന് അബുദാബിയിൽ സ്കൂൾ ബസുകൾ സജ്ജം. 2.79 ലക്ഷം വിദ്യാർഥികളെ സ്കൂളുകളിലെത്തിക്കാൻ 10,000 സ്കൂൾ ബസുകളാണ് ഒരുക്കിയിരിക്കുന്നത്. വിദ്യാർഥികളുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) അറിയിച്ചു.

രക്ഷിതാക്കൾക്ക് യാത്രാ സംബന്ധമായ വിവരങ്ങൾ ലഭ്യമാക്കാൻ സലാമ പേരന്റ് ആപ് ഡൗൺലോഡ് ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു. സ്കൂൾ ബസ് ഡ്രൈവർ പെർമിറ്റ് ഇല്ലാത്തവരെ ബസ് ഓടിക്കാൻ അനുവദിക്കില്ല.

പെർമിറ്റിന് അപേക്ഷിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് 25 വയസ്സുണ്ടാകണം. യുഎഇയിൽ അനുവദിച്ച ഡ്രൈവിങ് ലൈസൻസ് കുറഞ്ഞത് ഒരു വർഷമെങ്കിലും കൈവശമുണ്ടായിരിക്കണം. അബുദാബി പൊലീസിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, താമസാനുമതി, എമിറേറ്റ്സ് ഐഡി എന്നിവയും സമർപ്പിക്കണം.

അറബിക്/ ഇംഗ്ലിഷ് ഭാഷയിൽ പ്രാവീണ്യവും നിർബന്ധം. അധികൃതർ നിർദേശിക്കുന്ന സ്കൂൾ ബസ് ഡ്രൈവർ പരിശീലനവും പൂർത്തിയാക്കണം. ഡ്രൈവറുടെ ട്രാഫിക് നിയമലംഘനങ്ങളുടെ രേഖയും ഹാജരാക്കണം.

കൂടാതെ, രണ്ടു വർഷത്തിലൊരിക്കൽ മെഡിക്കൽ പരിശോധന നടത്തി ഡ്രൈവിങ്ങിന് തടസ്സമാകുന്ന ആരോഗ്യപ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിക്കണം. അവധിക്കുശേഷവും മെഡിക്കൽ പരിശോധന നിർബന്ധം.

സ്കൂൾ ബസ് ഡ്രൈവർമാർ പാലിക്കേണ്ട 13 ഉത്തരവാദിത്തങ്ങളും അധികൃതർ വ്യക്തമാക്കി യാത്ര അവസാനിച്ച ശേഷം ഒരു വിദ്യാർഥിയും ബസിൽ ഇല്ലെന്ന് ഉറപ്പാക്കണം. സ്കൂൾ നിർദേശിച്ച സ്ഥലത്തല്ലാതെ വിദ്യാർഥികളെ ഇറക്കരുത്.

സ്കൂളിന്റെ രേഖാമൂലമുള്ള നിർദേശം ഉണ്ടെങ്കിൽ മാത്രമേ ഇതിൽ ഇളവുണ്ടാകൂ. ബസ് ഓടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ചെയ്യരുത്. ബസിനുള്ളിൽ പുകവലി പൂർണമായും നിരോധിച്ചു.

ബസിന്റെ വേഗം മണിക്കൂറിൽ 100 കി.മീ കൂടാൻ പാടില്ല. വിദ്യാർഥികൾ റോഡ് മുറിച്ചുകടക്കുമ്പോഴും ബസിൽ കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോഴും സ്റ്റോപ്പ് ബോർഡും ഹസാർഡ് ലൈറ്റുകളും ഉപയോഗിക്കണം.

പെർമിറ്റ് പുതുക്കുന്നതിനും പ്രത്യേക നടപടിക്രമമുണ്ട്. പഴയ പെർമിറ്റ്, കഴിഞ്ഞ ഒരു വർഷത്തെ ട്രാഫിക് നിയമലംഘനങ്ങളുടെ രേഖ, പുതുക്കിയ ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ട്, താമസാനുമതി, എമിറേറ്റ്സ് ഐഡി തുടങ്ങിയ രേഖകൾ ആവശ്യമായാൽ സമർപ്പിക്കണം.

പുതിയ അധ്യയനവർഷത്തിന്റെ തുടക്കത്തിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി അബുദാബി ദ്വീപിലേക്ക് രാവിലെ 6.30 മുതൽ 9 വരെ ഹെവി വാഹനങ്ങൾക്കും തൊഴിലാളി ബസുകൾക്കും പ്രവേശന നിയന്ത്രണം ഏർപ്പെടുത്തി.

ലോജിസ്റ്റിക്‌സ് വാഹനങ്ങൾക്കും ക്ലീനിങ് കമ്പനികളുടെ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമല്ല. തിങ്കളാഴ്ച മുതൽ സെപ്റ്റംബർ 4 വരെയാണ് നിയന്ത്രണം.

**English Summary:**

For the new academic year in Abu Dhabi, 10,000 school buses are ready to transport 2.79 lakh students. Abu Dhabi Mobility announced that preparations to ensure student safety and smooth travel are complete and parents are advised to download the Salama Parent App for travel information. Strict rules apply for driver permits including minimum 25 years age, one year UAE license, police clearance, and training. Drivers must ensure no student remains after trip, not allow eating or mobile use while driving, no smoking, and speed limit of 100 km/h. Heavy vehicles and worker buses are restricted from entering Abu Dhabi island from 6:30 am to 9 am from Monday to September 4.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/380437/abu-dhabi-school-buses-ready-new-academic-year-10000-buses)