---
title: "പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത....! സാധാരണക്കാരുടെ ചിറകായി വീണ്ടും വിസ് എയർ; ഒക്ടോബർ 25 മുതൽ ദുബായ്, അബുദാബി സർവീസുകൾ പുനരാരംഭിക്കും"
english_title: " Wizz Air To Resume UAE Services From October 25 Dubai Abu Dhabi Flights Budget Airline"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/381989/wizz-air-resume-uae-flights-october-25-dubai-abu-dhabi-budget-airline"
published_at: "2026-09-10T15:49:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa2844e95204_wizz-air-resume-uae-flights-october-25-dubai-abu-dhabi-budget-airline.jpg"
keywords: ["Wizz Air", "Wizz Air Abu Dhabi Dubai Flights", "Budget Airline UAE", "Malayali Expats"]
---

# പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത....! സാധാരണക്കാരുടെ ചിറകായി വീണ്ടും വിസ് എയർ; ഒക്ടോബർ 25 മുതൽ ദുബായ്, അബുദാബി സർവീസുകൾ പുനരാരംഭിക്കും

> **Lead Summary:** അബുദാബി: മലയാളികളടക്കമുള്ള സാധാരണക്കാരുടെയും കുറഞ്ഞ വരുമാനക്കാരുടെയും വിദേശയാത്രയെന്ന സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ച പ്രമുഖ ബജറ്റ് എയർലൈനായ 'വിസ് എയർ' യുഎഇയിലേക്ക് വീണ്ടും ചിറകടിച്ചുയരുന്നു.

## Article Content

അബുദാബി: മലയാളികളടക്കമുള്ള സാധാരണക്കാരുടെയും കുറഞ്ഞ വരുമാനക്കാരുടെയും വിദേശയാത്രയെന്ന സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ച പ്രമുഖ ബജറ്റ് എയർലൈനായ 'വിസ് എയർ' യുഎഇയിലേക്ക് വീണ്ടും ചിറകടിച്ചുയരുന്നു.

വിമാനയാത്രയെന്നത് വരേണ്യവർഗത്തിന് മാത്രം പ്രാപ്യമായ ഒന്നല്ലെന്ന് തെളിയിച്ച് വലിയ ജനപ്രീതി നേടിയ കമ്പനി ഒക്ടോബർ 25 മുതൽ ദുബായിലേക്കും അബുദാബിയിലേക്കും സർവീസുകൾ പുനരാരംഭിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. മലയാളികളടക്കമുള്ള സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആശ്വാസമേകുന്ന വാർത്തയാണിത്.

ദുബായ്, അബുദാബി, ജിദ്ദ, അമ്മാൻ എന്നിവിടങ്ങളിലേക്ക് 12 റൂട്ടുകളിലായി ആഴ്ചയിൽ 49 സർവീസുകളാണ് വിസ് എയർ നടത്തുക എന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. 289 ദിർഹം (ഏകദേശം 6,500 രൂപയോളം) മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്.

എന്നാൽ ശീതകാലവും അവധിക്കാലവും അടുക്കുന്നതോടെ നിരക്കിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.

ഹംഗറി ആസ്ഥാനമായുള്ള വിസ് എയർ ഹോൾഡിങ്സും അബുദാബി ഡെവലപ്‌മെന്റൽ ഹോൾഡിങ് കമ്പനിയും (എഡിക്യു) ചേർന്നാണ് സർവീസുകൾ നടത്തിയിരുന്നത്.

വൻതുക മുടക്കി വിദേശയാത്ര നടത്താൻ കഴിയില്ലാത്ത സാധാരണക്കാർക്ക്, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും ഏറ്റവും ആശ്വാസകരമായ യാത്രാമാർഗമായിരുന്നു ഈ എയർലൈൻ. ജോർജിയ, അർമേനിയ, അസർബൈജാൻ, ഉസ്ബെക്കിസ്ഥാൻ, കസക്കിസ്ഥാൻ തുടങ്ങിയ ജനപ്രിയ കേന്ദ്രങ്ങളിലേയ്ക്ക് യുഎഇയിൽ നിന്ന് സഞ്ചാരതത്പരരുടെ ഒഴുക്കായിരുന്നു.

ചുരുങ്ങിയ ചെലവിൽ യാത്രാ സൗകര്യമൊരുക്കുന്ന 'വിസ് മൾട്ടിപാസ്', പരിധിയില്ലാത്ത യാത്രകൾ വാഗ്ദാനം ചെയ്യുന്ന 'ഓൾ യു കാൻ ഫ്ലൈ' തുടങ്ങിയ ആകർഷകമായ പാക്കേജുകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് വൻ ജനപ്രീതി നേടാൻ വിസ് എയറിനായി. 2024-ൽ മാത്രം അബുദാബിയിൽ നിന്ന് 19,000-ത്തിലേറെ സർവീസുകളിലായി 35 ലക്ഷത്തിലധികം യാത്രക്കാരാണ് വിസ് എയറിൽ പറന്നത്.

മേഖലയിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ, പ്രാദേശിക നിയന്ത്രണങ്ങൾ, കടുത്ത മത്സരം എന്നിവ ചൂണ്ടിക്കാട്ടി 2025 സെപ്റ്റംബർ ഒന്നിനാണ് വിസ് എയർ അബുദാബിയിലെ സർവീസുകൾ നിർത്തിവയ്ക്കുകയും സംയുക്ത സംരംഭത്തിൽ നിന്ന് പിന്മാറുകയും ചെയ്തത്. എയർ അറേബ്യ, ജസീറ എയർവേസ്, ഫ്ലൈനാസ് തുടങ്ങിയ പ്രമുഖ ബജറ്റ് എയർലൈനുകളിൽ നിന്നുള്ള മത്സരവും സർവീസിനെ ബാധിച്ചിരുന്നു.

എന്നാൽ, പ്രവാസികളുടെയും യാത്രാപ്രേമികളുടെയും നീണ്ട കാത്തിരിപ്പിനൊടുവിൽ കൂടുതൽ ഊർജത്തോടെ വിസ് എയർ യുഎഇ വ്യോമപാതയിലേക്ക് തിരിച്ചെത്തുന്നത് പ്രവാസി മലയാളി സമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്. വൈകാതെ നേരത്തെ നടത്തിയിരുന്ന കേന്ദ്രങ്ങളിലേയ്ക്ക് എല്ലാം വിസ് എയർ സർവീസ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.

**English Summary:**

Abu Dhabi: Budget airline Wizz Air, popular among low-income expats including Malayalis, announced resumption of services to Dubai and Abu Dhabi from October 25. It will operate 49 weekly flights on 12 routes to Dubai, Abu Dhabi, Jeddah and Amman. Tickets start from 289 dirhams and booking is open. The airline, a JV of Hungary-based Wizz Air Holdings and Abu Dhabi's ADQ, had suspended Abu Dhabi operations on September 1, 2025 citing geopolitical conditions and competition. It had flown over 3.5 million passengers in 19,000 services in 2024 alone. Its return raises hopes among expats.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/381989/wizz-air-resume-uae-flights-october-25-dubai-abu-dhabi-budget-airline)