---
title: "അനുമതിയില്ലാതെ മണിക്കൂർ അടിസ്ഥാനത്തിൽ ക്ലീനിങ് ജോലി, വിദേശ വനിതകൾക്ക് പിഴയും മൂന്ന് വർഷത്തെ യാത്രാവിലക്കും"
english_title: "Bahrain Illegal Cleaning Work Two Women Fined Deportation 3 Year Ban Employer Fined 2000 Dinar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/382132/bahrain-illegal-cleaning-job-women-fined-deportation-ban"
published_at: "2026-09-11T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3a65e8d00b_bahrain-illegal-cleaning-job-women-fined-deportation-ban.jpg"
keywords: ["Bahrain Illegal Workers", "LMRA Bahrain", "Bahrain Labour Law", "Bahrain Deportation News"]
---

# അനുമതിയില്ലാതെ മണിക്കൂർ അടിസ്ഥാനത്തിൽ ക്ലീനിങ് ജോലി, വിദേശ വനിതകൾക്ക് പിഴയും മൂന്ന് വർഷത്തെ യാത്രാവിലക്കും

> **Lead Summary:** **മനാമ: **തൊഴിൽ അനുമതിയില്ലാതെ മണിക്കൂർ അടിസ്ഥാനത്തിൽ ക്ലീനിങ് ജോലികൾ ചെയ്ത രണ്ട് വിദേശ വനിതകൾക്ക് ബഹ്റൈനിൽ 10 ദീനാർ വീതം പിഴ ചുമത്തുകയും മൂന്ന് വർഷത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇവരെ അനധികൃതമായി ജോലിക്ക് നിയോഗിച്ച പുരുഷ തൊഴിലുടമയ്ക്ക് ലോവർ ക്രിമിനൽ കോടതി 2,000 ദീനാർ പിഴയാണ് വിധിച്ചത്.

## Article Content

**മനാമ: **തൊഴിൽ അനുമതിയില്ലാതെ മണിക്കൂർ അടിസ്ഥാനത്തിൽ ക്ലീനിങ് ജോലികൾ ചെയ്ത രണ്ട് വിദേശ വനിതകൾക്ക് ബഹ്റൈനിൽ 10 ദീനാർ വീതം പിഴ ചുമത്തുകയും മൂന്ന് വർഷത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. ഇവരെ അനധികൃതമായി ജോലിക്ക് നിയോഗിച്ച പുരുഷ തൊഴിലുടമയ്ക്ക് ലോവർ ക്രിമിനൽ കോടതി 2,000 ദീനാർ പിഴയാണ് വിധിച്ചത്.

കുറ്റക്കാരിയായി കണ്ടെത്തിയ ഒരു വനിതാ തൊഴിലാളി ലോവർ ക്രിമിനൽ കോടതി, ഹൈ ക്രിമിനൽ അപ്പീൽ കോടതി, കാസേഷൻ കോടതി എന്നിവടങ്ങളിൽ അപ്പീൽ നൽകിയെങ്കിലും മൂന്ന് കോടതികളും മുൻ വിധി ശരിവെക്കുകയാണുണ്ടായത്. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഇൻസ്‌പെക്ടറുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം കുറ്റം ചുമത്താൻ കഴിയില്ലെന്നും കുറ്റസമ്മതത്തിന് മറ്റ് തെളിവുകളില്ലെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി തള്ളിക്കളഞ്ഞു.

സോഷ്യൽ മീഡിയയിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും പരസ്യം നൽകി മണിക്കൂർ അടിസ്ഥാനത്തിൽ വീടുകളിലേക്ക് ഗാർഹിക തൊഴിലാളികളെ എത്തിച്ചുനൽകുന്ന ഏജൻസികളെക്കുറിച്ച് എൽ.എം.ആർ.എ നടത്തിയ അന്വേഷണത്തിലാണ് ഈ സംഭവം പുറത്തുവന്നത്. ഇൻസ്റ്റാഗ്രാം പരസ്യത്തിലെ നമ്പറിലേക്ക് എൽ.എം.ആർ.എ ഉദ്യോഗസ്ഥർ ക്ലീനർമാരെ ആവശ്യപ്പെട്ട് ബന്ധപ്പെടുകയും, നിശ്ചിത സ്ഥലത്ത് എത്തിയ ഇവരെ പിടികൂടുകയുമായിരുന്നു.

തുടർനടപടികളുടെ ഭാഗമായി രണ്ട് വനിതാ തൊഴിലാളികളെയും നാടുകടത്താനും മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനും ഉത്തരവായിട്ടുണ്ട്. അംഗീകൃത ഏജൻസികൾ വഴി മാത്രം ഗാർഹിക തൊഴിലാളികളെ നിയമിക്കണമെന്നും തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകളും മെഡിക്കൽ പരിശോധനാ രേഖകളും പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ഹിദ്ദ് പോലീസ് സ്റ്റേഷൻ തലവൻ കേണൽ ഡോ. ഉസാമ ബഹാർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ എൽ.എം.ആർ.എ വെബ്‌സൈറ്റ് പ്രകാരം 120 അംഗീകൃത മാൻപവർ ഏജൻസികൾക്കാണ് രാജ്യത്ത് പ്രവർത്തിക്കാൻ അനുമതിയുള്ളത്.

English Summary:

Manama: Two foreign women who did hourly cleaning jobs without work permit in Bahrain were fined 10 dinars each and banned from entry for three years. Lower Criminal Court fined male employer who employed them without permission 2,000 dinars. One of convicted women appealed in Lower Criminal Court and High Criminal Appeal Court and then Cassation Court, but three courts upheld previous verdict. Defense lawyer argued that crime cannot be charged based only on inspection report of Labour Market Regulatory Authority inspector and there is no more evidence for confession, but court rejected it. Incident came to light in LMRA investigation about agencies that advertise via social media and Instagram and provide domestic workers to homes on hourly basis. LMRA officials contacted number seen in Instagram ad asking for cleaners, and caught them when they arrived at designated place. As part of punitive measures, there is order to deport two female workers and prevent entry into country for three years. Hidd Police Station Chief Colonel Dr. Usama Bahar had earlier warned that domestic workers should be hired only through approved agencies and their identity documents and medical examination documents should be checked and ensured. Currently as per LMRA website 120 approved manpower agencies are permitted to operate in country.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/382132/bahrain-illegal-cleaning-job-women-fined-deportation-ban)