---
title: "ഫീസ് കുടിശ്ശികയുടെ പേരിൽ വിദ്യാർഥികളെ ക്ലാസിൽ നിന്ന് വിലക്കരുത്; കര്‍ശന നിർദേശവുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം"
english_title: " Kuwait Education Ministry Private Schools Cannot Bar Students For Fee Arrears"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/383239/kuwait-education-ministry-private-schools-fee-arrears-warning"
published_at: "2026-09-18T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aacc618875d2_kuwait-education-ministry-private-schools-fee-arrears-warning.jpg"
keywords: ["Kuwait Education Ministry", "Private Schools Fee", "Indian Schools Kuwait"]
---

# ഫീസ് കുടിശ്ശികയുടെ പേരിൽ വിദ്യാർഥികളെ ക്ലാസിൽ നിന്ന് വിലക്കരുത്; കര്‍ശന നിർദേശവുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം

> **Lead Summary:** **കുവൈത്ത് സിറ്റി: **ഫീസ് കുടിശ്ശികയുടെ പേരിൽ സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളെ ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്നോ പരീക്ഷ എഴുതുന്നതിൽ നിന്നോ വിലക്കാൻ പാടില്ലെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം കർശന നിർദേശം നൽകി. ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കാനോ പരീക്ഷാഫലം തടഞ്ഞുവെക്കാനോ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

## Article Content

**കുവൈത്ത് സിറ്റി: **ഫീസ് കുടിശ്ശികയുടെ പേരിൽ സ്വകാര്യ സ്കൂളുകളിലെ വിദ്യാർഥികളെ ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്നോ പരീക്ഷ എഴുതുന്നതിൽ നിന്നോ വിലക്കാൻ പാടില്ലെന്ന് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം കർശന നിർദേശം നൽകി. ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കാനോ പരീക്ഷാഫലം തടഞ്ഞുവെക്കാനോ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

കുടിശ്ശികയുണ്ടെങ്കിലും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കാലയളവുകളും അന്തിമ പരീക്ഷാഫലങ്ങളും അറിയാനുള്ള അവകാശം പൂർണ്ണമായും ഉറപ്പാക്കണം. ഒന്നോ അതിലധികമോ വിഷയങ്ങളിൽ പരാജയപ്പെട്ട് പുനഃപരീക്ഷ എഴുതേണ്ട വിദ്യാർഥികളുടെ വിവരം അംഗീകൃത സന്ദേശ സംവിധാനത്തിലൂടെ രക്ഷിതാക്കളെ അറിയിക്കണമെന്നും പുതിയ ഉത്തരവിലുണ്ട്.

അറബിക് സ്വകാര്യ സ്കൂളുകളുടെയും പാകിസ്താൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളുടെയും ഫീസ് പിരിവ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. രക്ഷിതാക്കളിൽ നിന്ന് മൂന്ന് തുല്യ ഗഡുക്കളായി മാത്രമെ ഫീസ് ഈടാക്കാൻ പാടുള്ളൂ.

വിദ്യാർഥിയുടെ ക്ലാസ് ആരംഭിക്കുന്ന ആദ്യ ആഴ്ചയിൽ ഒന്നാം ഗഡുവും (ഇതിൽ രജിസ്ട്രേഷൻ ഫീസും ഉൾപ്പെടും), അധ്യയനവർഷത്തിലെ രണ്ടാം കാലയളവിന്റെ ആദ്യ ആഴ്ചയിൽ രണ്ടാം ഗഡുവും, മൂന്നാം കാലയളവിന്റെ ആദ്യ ആഴ്ചയിൽ അവസാന ഗഡുവും ഈടാക്കാവുന്നതാണ്.

നിശ്ചിത പരിധിക്കപ്പുറം ഫീസ് വർധിപ്പിക്കാനോ ഗഡുക്കളുടെ തീയതി, എണ്ണം, തുക എന്നിവ മാറ്റാനോ സ്കൂളുകൾക്ക് അനുവാദമില്ല. അംഗീകൃത ഫീസിനു പുറമേ മറ്റൊരു പേരിലും അധിക തുക ഈടാക്കരുതെന്നും മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അധ്യയനവർഷത്തിനിടെ വിദ്യാർഥി മറ്റൊരു സ്കൂളിലേക്ക് മാറുകയാണെങ്കിൽ, ഒന്നാം ഗഡു അടയ്ക്കേണ്ട കാലയളവിൽ ക്ലാസിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ ഫീസിന്റെ 50 ശതമാനം പഴയ സ്കൂളിന് ഈടാക്കാം.

എന്നാൽ രണ്ടാം ഗഡു അടയ്ക്കേണ്ട കാലയളവിൽ ക്ലാസിൽ പങ്കെടുത്തശേഷമാണ് മാറുന്നതെങ്കിൽ ഫീസ് പൂർണമായും ബാധകമാകും. വിദ്യാർഥി നേരത്തേ പഠിച്ച സ്കൂളിൽ ചെലവഴിച്ച കാലയളവിനുള്ള ഫീസ് പുതിയ സ്കൂൾ ഈടാക്കാൻ പാടില്ല. അംഗീകൃത ഫീസ് പട്ടിക വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട വിഭാഗത്തിന് സമർപ്പിച്ച് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും, തുടർന്ന് ഈ പട്ടിക സ്കൂളിലെ പ്രധാന സ്ഥലത്തോ ഔദ്യോഗിക വെബ്‌സൈറ്റിലോ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.

അതിനിടെ, ഇന്ത്യൻ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്കായി 2025 നവംബറിൽ പ്രത്യേക തീരുമാനം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് 300 മുതൽ 500 ദിനാർവരെ ഫീസുള്ള സ്കൂളുകൾക്ക് 15 ശതമാനവും, 501 ദിനാറും അതിനുമുകളിലും ഫീസുള്ള സ്കൂളുകൾക്ക് 10 ശതമാനവും ഫീസ് വർധന അനുവദിച്ചിരുന്നു.

അധ്യയനവർഷം ആരംഭിച്ചശേഷമാണ് ഈ തീരുമാനം പുറത്തുവന്നത് എന്നതിനാൽ ചില ഇന്ത്യൻ സ്കൂളുകൾ ഫീസ് വർധന നടപ്പാക്കുന്നത് ഈ അധ്യയനവർഷത്തിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

English Summary:

Kuwait Ministry of Education clarified that students in private schools should not be barred from attending classes or writing exams in name of fee arrears. Expelling students who have not paid fees and withholding exam results are not allowed. Ministry instructed that private schools must strictly comply with these conditions. Even if there are arrears, right of students and parents to know periodical and final exam results must be ensured. It is also instructed that information of students who failed in one or more subjects and need to write re-examination should be informed to parents through approved messaging system.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/383239/kuwait-education-ministry-private-schools-fee-arrears-warning)