---
title: "മുറിക്കുള്ളിൽ വ്യാജ ലൈംഗിക ഉത്തേജക മരുന്ന് നിർമാണം; കുവൈത്തിൽ ഇന്ത്യക്കാരനും കൂട്ടാളിയും പിടിയിൽ"
english_title: "Kuwait Indian Syrian Arrested Unauthorized Sexual Stimulant Drugs Manufacturing Sale Farwaniya Al Mutla Social Media Raid"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/383722/kuwait-indian-syrian-arrested-unauthorized-sexual-stimulant-drugs-manufacturing-sale-raid"
published_at: "2026-09-21T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab1603ee9bcd_kuwait-indian-syrian-arrested-unauthorized-sexual-stimulant-drugs-manufacturing-sale-raid.jpg"
keywords: ["Stimulant Drugs", "Unauthorized Manufacturing", "Health Ministry", "Farwaniya Raid Fake Nutritional Supplements"]
---

# മുറിക്കുള്ളിൽ വ്യാജ ലൈംഗിക ഉത്തേജക മരുന്ന് നിർമാണം; കുവൈത്തിൽ ഇന്ത്യക്കാരനും കൂട്ടാളിയും പിടിയിൽ

> **Lead Summary:** കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ലൈംഗിക ഉത്തേജക മരുന്നുകളും അനുബന്ധ ഉൽപ്പന്നങ്ങളും നിർമിച്ച് വിൽപന നടത്തിയ സംഭവത്തിൽ ഇന്ത്യക്കാരനും സിറിയൻ പൗരനും പിടിയിലായി.

## Article Content

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ലൈംഗിക ഉത്തേജക മരുന്നുകളും അനുബന്ധ ഉൽപ്പന്നങ്ങളും നിർമിച്ച് വിൽപന നടത്തിയ സംഭവത്തിൽ ഇന്ത്യക്കാരനും സിറിയൻ പൗരനും പിടിയിലായി.

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗവും ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ഇത്തരം ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുകയും ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിച്ചുനൽകുകയും ചെയ്യുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ അൽ മുത്ല മേഖലയിൽ നിന്നാണ് സിറിയൻ സ്വദേശിയെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് ഉത്തേജക മരുന്നുകളുടെ ശേഖരവും വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 82 കുവൈത്തി ദിനാറും കണ്ടെടുത്തു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, ഫർവാനിയയിൽ താമസിക്കുന്ന ഇന്ത്യക്കാരനിൽ നിന്നാണ് ഈ മരുന്നുകൾ ലഭിച്ചതെന്ന് സിറിയൻ പൗരൻ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഫർവാനിയയിലെ താമസസ്ഥലത്ത് നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

വിവിധ ഗുളികകളും അസംസ്‌കൃത വസ്തുക്കളും പൊടിച്ചും കലർപ്പുകൾ ചേർത്തും സ്വന്തം മുറിക്കുള്ളിൽ വെച്ചാണ് ഇന്ത്യൻ സ്വദേശി വ്യാജ ഉത്തേജക മരുന്നുകളും ന്യൂട്രീഷണൽ സപ്ലിമെന്റുകളും തയാറാക്കിയിരുന്നത്.

തുടർന്ന് ഇവ ആകർഷകമായ കവറുകളിൽ പായ്ക്ക് ചെയ്ത് വിൽപനയ്ക്ക് എത്തിക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്ന് വലിയ അളവിൽ വ്യാജ മരുന്നുകളും വിറ്റുവരവായ പണവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. അറസ്റ്റിലായ ഇരുവർക്കുമെതിരെ നിയമനടപടികൾ സ്വീകരിച്ച് തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

**English Summary:**

In Kuwait City Indian and Syrian nationals arrested for manufacturing and selling sexual stimulant drugs and related products without health ministry permission. Kuwait Interior Ministry Criminal Security Department and Jahra Governorate Investigation Department jointly conducted inspection and arrested both. Based on secret information that such products were promoted via social media platforms and delivered directly to customers, Syrian native was taken into custody from Al Mutla area, with stock of stimulant drugs and 82 Kuwaiti dinars believed to be proceeds seized. During interrogation Syrian revealed he got drugs from Indian residing in Farwaniya. Raid at Farwaniya residence revealed Indian was preparing fake stimulant drugs and nutritional supplements inside his room by grinding various pills and raw materials and mixing adulterants, then packing in attractive covers for sale. Large quantity of fake drugs and sale proceeds seized from him. Legal proceedings initiated against both and handed over to concerned departments for further action.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/383722/kuwait-indian-syrian-arrested-unauthorized-sexual-stimulant-drugs-manufacturing-sale-raid)