---
title: "ലൈംഗികാരോപണം നേരിടുന്ന നേതാവിനെതിരെ നടപടിയില്ല; ഇൻകാസ് യുഎഇ ഘടകത്തിൽ പ്രതിഷേധം ശക്തം"
english_title: "Protest Erupts in INCAS UAE Unit Over Inaction Against Leader Facing Sexual Assault Allegation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384217/incas-uae-unit-protest-against-leader-sexual-assault-allegation"
published_at: "2026-09-26T06:03:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab7131c544d4_incas-uae-unit-protest-sexual-assault-allegation-leader.jpg"
keywords: ["INCAS UAE", "Sexual Assault Allegation", "Congress", "Dubai", "Kerala Police", "Expatriate Organisation"]
---

# ലൈംഗികാരോപണം നേരിടുന്ന നേതാവിനെതിരെ നടപടിയില്ല; ഇൻകാസ് യുഎഇ ഘടകത്തിൽ പ്രതിഷേധം ശക്തം

> **Lead Summary:** **ദുബായ്: **വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ആരോപണം നേരിടുന്ന പ്രവാസി സംഘടനാ നേതാവിനെതിരെ പാർട്ടി നടപടിയെടുക്കാത്തതിൽ കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസിന്റെ യുഎഇ ഘടകത്തിൽ പ്രതിഷേധം ശക്തമായി. ആരോപണവിധേയർക്കെതിരെ സംഘടനാതലത്തിൽ നടപടി ഉണ്ടാകാത്തതിൽ പ്രക്ഷുബ്ധരായ ഒരു വിഭാഗം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

## Article Content

**ദുബായ്: **വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ആരോപണം നേരിടുന്ന പ്രവാസി സംഘടനാ നേതാവിനെതിരെ പാർട്ടി നടപടിയെടുക്കാത്തതിൽ കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസിന്റെ യുഎഇ ഘടകത്തിൽ പ്രതിഷേധം ശക്തമായി. ആരോപണവിധേയർക്കെതിരെ സംഘടനാതലത്തിൽ നടപടി ഉണ്ടാകാത്തതിൽ പ്രക്ഷുബ്ധരായ ഒരു വിഭാഗം പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

സംഘടനയിലെ ഉന്നത നേതാവിനെതിരെ ഗുരുതര ലൈംഗികാരോപണം ഉയർന്നിട്ടും പാർട്ടി നടപടി സ്വീകരിക്കാത്തതിൽ വലിയ അമർഷമാണ് പ്രവർത്തകർക്കിടയിൽ ഉയരുന്നത്. ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രവർത്തകർ തങ്ങളുടെ കടുത്ത വിയോജിപ്പ് പരസ്യമാക്കിയിട്ടുണ്ട്. ആരോപണവിധേയരെ ഉടൻ തന്നെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് നീക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിമാർ അടക്കം പങ്കെടുത്ത പൊതുപരിപാടികളിൽ ആരോപണവിധേയരായ നേതാക്കൾ പങ്കെടുത്തതിലും പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഇതുവരെ വ്യക്തത വരുത്താനോ വിശദീകരണം നൽകാനോ ആരോപണവിധേയർ തയ്യാറായിട്ടില്ല. വിഷയത്തിൽ മാന്യമായ നിലപാട് പാർട്ടി സ്വീകരിച്ചില്ലെങ്കിൽ പരസ്യപ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പ്രവർത്തകരുടെ തീരുമാനം. സംഭവത്തിന്റെ ഗുരുതരാവസ്ഥ കെപിസിസി പ്രസിഡന്റ്, എഐസിസി ജനറൽ സെക്രട്ടറി, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരെ നേരിൽകണ്ട് ബോധിപ്പിക്കുന്നതിനായി ഈ ആഴ്ച തന്നെ ഒരു വിഭാഗം പ്രവർത്തകർ തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരം സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻകാസ് യുഎഇ നാഷനൽ കമ്മിറ്റി സെക്രട്ടറിയും ബിസിനസുകാരനുമായ ആലപ്പുഴ സ്വദേശിക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. ദുബായ് പൊലീസിലും കേരള ഡിജിപിക്കും ഇ-മെയിൽ മുഖേനയാണ് യുവതി പരാതി നൽകിയത്. താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്.

കടുത്ത സാമ്പത്തിക ബാധ്യതകളിലൂടെ കടന്നുപോയിരുന്ന തന്റെ സാഹചര്യം മുതലെടുത്താണ് നേതാവ് സൗഹൃദം സ്ഥാപിച്ചതെന്നാണ് യുവതിയുടെ പരാതി. ബാങ്ക് വായ്പകൾ വീട്ടാമെന്നും മക്കളുടെ ഭാവി സംരക്ഷിക്കാമെന്നും വിശ്വസിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. യുഎഇയിൽ നിയമപരമായി വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകി ദുബായിലെയും കായംകുളത്തെയും വീടുകളിൽ എത്തിച്ച് പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് യുവതി ആരോപിക്കുന്നത്.

വാഗ്ദാനങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ടപ്പോൾ 2025 ഡിസംബറിൽ നടക്കാനിരിക്കുന്ന മകളുടെ വിവാഹശേഷം തീരുമാനമെടുക്കാമെന്ന് പറഞ്ഞ് വിഷയം നീട്ടിക്കൊണ്ടുപോയെന്നും പരാതിയിൽ പറയുന്നു. എന്നാൽ മകളുടെ വിവാഹശേഷവും വാഗ്ദാനം പാലിക്കാതെ ഒഴിവാകാൻ ശ്രമിക്കുകയും ദുബായ് ഖിസൈസിലെ ബിസിനസ് സ്ഥാപനത്തിലെത്തിയ തന്നെ ആക്ഷേപിച്ച് ഇറക്കിവിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി ആരോപിച്ചു. തനിക്കെതിരെ ലൈംഗികച്ചുവയുള്ള വ്യാജ കഥകൾ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താൻ ശ്രമിച്ചതായും പരാതിയിലുണ്ട്.

നിലവിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിയുന്ന പ്രതിയെ സംഘടനയിലെ പ്രമുഖർ സഹായിക്കുന്നുണ്ടെന്നും യുവതി ആരോപിക്കുന്നു. ഭർത്താവ് ഉപേക്ഷിച്ച തനിക്ക് അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ നോക്കാൻ മറ്റ് വഴികളില്ലെന്നും ആകെയുണ്ടായിരുന്ന ബാങ്ക് വായ്പ തിരിച്ചടക്കാത്തതിനാൽ ജപ്തിനടപടി നേരിടുകയാണെന്നും പരാതിക്കാരി പറഞ്ഞു. നീതിക്കായി അവസാന നിമിഷം വരെ പോരാടുമെന്നും അവർ വ്യക്തമാക്കി.

**English Summary:**

Protests have intensified within the UAE unit of INCAS, a Congress-affiliated expatriate organisation, over the lack of organisational action against a leader facing a sexual assault allegation. A section of members has demanded the immediate removal of those facing allegations from official positions. The members also objected to their participation in public programmes attended by ministers. Police have registered an FIR and begun an investigation based on a complaint by a woman from Thiruvananthapuram against an Alappuzha native who is the INCAS UAE National Committee secretary and a businessman. The complainant alleges sexual exploitation following a promise of marriage and says she will continue fighting for justice.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384217/incas-uae-unit-protest-against-leader-sexual-assault-allegation)