---
title: "സ്റ്റിയറിങ് പിടിക്കാൻ ആളുവേണ്ട; ഡ്രൈവർ ഇല്ലാ വാഹനങ്ങൾ പരീക്ഷിക്കാൻ ദുബായ് മൊബിലിറ്റി ലാബ്സ്, വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി യുഎഇ"
english_title: "Dubai Mobility Labs Opens for Autonomous Vehicle Testing with 248 Test Scenarios"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384444/dubai-mobility-labs-autonomous-vehicle-testing-248-test-scenarios"
published_at: "2026-09-27T20:57:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab9362589542_dubai-mobility-labs-autonomous-vehicle-testing-248-test-scenarios.jpg"
keywords: ["Dubai Mobility Labs", "Autonomous Vehicles", "Dubai Silicon Oasis"]
---

# സ്റ്റിയറിങ് പിടിക്കാൻ ആളുവേണ്ട; ഡ്രൈവർ ഇല്ലാ വാഹനങ്ങൾ പരീക്ഷിക്കാൻ ദുബായ് മൊബിലിറ്റി ലാബ്സ്, വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി യുഎഇ

> **Lead Summary:** ദുബായ്: സ്വയം ഓടുന്ന വാഹനങ്ങളുടെ പരീക്ഷണത്തിനും ഭാവി ഗതാഗത സാങ്കേതികവിദ്യകളുടെ വികസനത്തിനുമായി ദുബായിൽ അത്യാധുനിക പരീക്ഷണകേന്ദ്രം. ദുബായ് സിലിക്കൺ ഒയാസിസിൽ ദുബായ് മൊബിലിറ്റി ലാബ്സ് പ്രവർത്തനം തുടങ്ങി. നിയന്ത്രിത സാഹചര്യങ്ങളിലും പൊതുനിരത്തുകളിലും സ്വയം ഓടുന്ന വാഹനങ്ങൾ പരീക്ഷിക്കാനാകുന്നതാണ് കേന്ദ്രത്തിന്റെ പ്രധാന പ്രത്യേകത.

## Article Content

ദുബായ്: സ്വയം ഓടുന്ന വാഹനങ്ങളുടെ പരീക്ഷണത്തിനും ഭാവി ഗതാഗത സാങ്കേതികവിദ്യകളുടെ വികസനത്തിനുമായി ദുബായിൽ അത്യാധുനിക പരീക്ഷണകേന്ദ്രം. ദുബായ് സിലിക്കൺ ഒയാസിസിൽ ദുബായ് മൊബിലിറ്റി ലാബ്സ് പ്രവർത്തനം തുടങ്ങി. നിയന്ത്രിത സാഹചര്യങ്ങളിലും പൊതുനിരത്തുകളിലും സ്വയം ഓടുന്ന വാഹനങ്ങൾ പരീക്ഷിക്കാനാകുന്നതാണ് കേന്ദ്രത്തിന്റെ പ്രധാന പ്രത്യേകത.

റോഡിലെത്തും മുൻപ് സ്വയം ഓടുന്ന വാഹനങ്ങളുടെ സുരക്ഷയും സാങ്കേതിക മികവും ഉറപ്പാക്കാൻ കൂടുതൽ വിപുലമായ പരീക്ഷണങ്ങൾ ഇനി ദുബായിൽ നടത്താം. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റിയും ചേർന്നാണ് ദുബായ് മൊബിലിറ്റി ലാബ്സ് ആരംഭിച്ചത്.

ദുബായ് സിലിക്കൺ ഒയാസിസിലാണ് പുതിയ പരീക്ഷണകേന്ദ്രം. വാഹനങ്ങളുടെ സുരക്ഷ, സാങ്കേതിക മികവ്, വിവിധ റോഡ് സാഹചര്യങ്ങളോടുള്ള പ്രതികരണം എന്നിവ ഇവിടെ വിശദമായി പരിശോധിക്കും. പൊതുനിരത്തിലിറക്കുന്നതിന് മുൻപ് പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിച്ച് സാക്ഷ്യപ്പെടുത്താനും കേന്ദ്രം സഹായിക്കും.

നിയന്ത്രിത പരീക്ഷണ മേഖലകൾക്ക് പുറമെ പൊതുനിരത്തുകളിലും വാഹനങ്ങൾ പരീക്ഷിക്കാനുള്ള സൗകര്യമുണ്ട്. ദുബായ് സിലിക്കൺ ഒയാസിസിൽ നിന്ന് അൽ ഖുദ്റ വരെയുള്ള റോഡുകളിലാണ് പൊതുനിരത്ത് പരീക്ഷണങ്ങൾ നടത്തുക.

ആകെ 248 വ്യത്യസ്ത പരീക്ഷണ സാഹചര്യങ്ങളാണ് കേന്ദ്രത്തിൽ ഒരുക്കിയിരിക്കുന്നത്. നിയന്ത്രിത സാഹചര്യങ്ങളിലെ പരീക്ഷണവും യഥാർഥ റോഡുകളിലെ പരീക്ഷണവും ഒരേ സംവിധാനത്തിൽ നടത്താനാകുന്നതാണ് മൊബിലിറ്റി ലാബ്സിന്റെ പ്രധാന പ്രത്യേകത.

വെയ്‌റൈഡ്, പോണി.എഐ, ടെസ്‌ല തുടങ്ങിയ ആഗോള കമ്പനികൾ വികസിപ്പിച്ച സ്വയം ഓടുന്ന വാഹനങ്ങളുടെയും സാങ്കേതികവിദ്യകളുടെയും പരീക്ഷണങ്ങൾ ഇവിടെ ഇതിനകം വിജയകരമായി നടത്തിയിട്ടുണ്ട്.

2030ഓടെ ദുബായിലെ ആകെ ഗതാഗത യാത്രകളുടെ 25 ശതമാനം സ്വയം ഓടുന്ന വാഹനങ്ങളിലേക്ക് മാറ്റുകയാണ് എമിറേറ്റിന്റെ ലക്ഷ്യം.

ഈ ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള പ്രധാന ചുവടുവയ്പാണ് പുതിയ പരീക്ഷണകേന്ദ്രമെന്ന് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു.

ആഗോള കമ്പനികൾക്കും സാങ്കേതികവിദ്യാ സ്ഥാപനങ്ങൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും പുതിയ ഗതാഗത സാങ്കേതികവിദ്യകൾ വികസിപ്പിക്കാനും പരീക്ഷിക്കാനും സാക്ഷ്യപ്പെടുത്താനും വാണിജ്യാടിസ്ഥാനത്തിൽ നടപ്പാക്കാനും സഹായിക്കുന്ന സമഗ്ര സംവിധാനമാണ് ദുബായ് മൊബിലിറ്റി ലാബ്സിലൂടെ ഒരുക്കുന്നതെന്ന് ഡിഐഇസഡ് എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. മുഹമ്മദ് അൽ സറൂണി പറഞ്ഞു.

ഇതോടെ ഭാവിയിലെ സ്വയംനിയന്ത്രിത ഗതാഗത സംവിധാനങ്ങളുടെ പരീക്ഷണത്തിനും വികസനത്തിനും ദുബായിൽ പുതിയ വേദിയൊരുങ്ങുകയാണ്.

**English Summary:**

Dubai Mobility Labs has started operations at Dubai Silicon Oasis to test autonomous vehicles and develop future transport technologies. The facility offers 248 test scenarios and allows vehicles to be tested both in controlled environments and on public roads. Public-road testing will take place on routes between Dubai Silicon Oasis and Al Qudra. Wayve, Pony.ai and Tesla autonomous vehicle technologies have already been successfully tested at the facility. Dubai aims to shift 25% of total transport trips to autonomous vehicles by 2030.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384444/dubai-mobility-labs-autonomous-vehicle-testing-248-test-scenarios)