---
title: "യുഎഇയിൽ നാളെ മുതൽ താപനില കുറയും; മൂടൽമഞ്ഞിനും പൊടിക്കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യത"
english_title: "UAE Temperature to Gradually Drop from Tomorrow; Fog and Dusty Winds Expected"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/384681/uae-temperature-to-drop-from-tomorrow-weather-forecast"
published_at: "2026-09-29T13:03:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abb6a353b3a6_uae-temperature-to-drop-from-tomorrow-weather-forecast.jpg"
keywords: ["UAE Weather", "Temperature", "NCM", "Fog", "Dust Storm", "Sea Conditions"]
---

# യുഎഇയിൽ നാളെ മുതൽ താപനില കുറയും; മൂടൽമഞ്ഞിനും പൊടിക്കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യത

> **Lead Summary:** ദുബൈ: യുഎഇയില്‍ നാളെ മുതല്‍ താപനിലയില്‍ ക്രമേണ കുറവുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. ഇന്ന് രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ പരമാവധി താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. വരും ദിവസങ്ങളില്‍ മൂടല്‍മഞ്ഞ്, പൊടിക്കാറ്റ്, കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത എന്നിവയും പ്രവചിച്ചിട്ടുണ്ട്.

## Article Content

ദുബൈ: യുഎഇയില്‍ നാളെ മുതല്‍ താപനിലയില്‍ ക്രമേണ കുറവുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) അറിയിച്ചു. ഇന്ന് രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ പരമാവധി താപനില 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. വരും ദിവസങ്ങളില്‍ മൂടല്‍മഞ്ഞ്, പൊടിക്കാറ്റ്, കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത എന്നിവയും പ്രവചിച്ചിട്ടുണ്ട്.

ഇന്ന് പൊതുവേ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും. കിഴക്കന്‍ മേഖലകളില്‍ ഉച്ചയോടെ മേഘങ്ങള്‍ രൂപപ്പെടുകയും ചിലയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് അനുകൂലമായ സാഹചര്യമുണ്ടാകുകയും ചെയ്യും. തീരപ്രദേശങ്ങളില്‍ ഇന്ന് രാത്രിയിലും നാളെ രാവിലെയും ഈര്‍പ്പം വര്‍ധിക്കുന്നതിനാല്‍ മൂടല്‍മഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ട്.

രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ 41 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. തീരപ്രദേശങ്ങളിലും ദ്വീപുകളിലും 36 മുതല്‍ 41 ഡിഗ്രി വരെയും മലനിരകളില്‍ 29 മുതല്‍ 35 ഡിഗ്രി വരെയും താപനില രേഖപ്പെടുത്തും. തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളില്‍ നിന്ന് മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്.

**നാളെ മുതല്‍ താപനില കുറയും**

നാളെ മുതല്‍ താപനിലയില്‍ ക്രമേണ കുറവുണ്ടാകും. കിഴക്കന്‍ മേഖലകളില്‍ മേഘാവൃതമായ അന്തരീക്ഷം തുടരും. തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലെ ചില മേഖലകളിലും രാത്രിയിലും വ്യാഴാഴ്ച രാവിലെയും ഈര്‍പ്പം കൂടുന്നതിനാല്‍ മൂടല്‍മഞ്ഞിനും നേരിയ മഞ്ഞിനും സാധ്യതയുണ്ട്. ഒമാന്‍ കടല്‍ നാളെ രാത്രിയോടെ ചില സമയങ്ങളില്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.

വ്യാഴാഴ്ച കിഴക്കന്‍ മേഖലകളില്‍ താഴ്ന്ന മേഘങ്ങള്‍ രൂപപ്പെടും. മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗത്തിലെത്തുന്ന ശക്തമായ കാറ്റ് പൊടിപടലങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അറേബ്യന്‍ ഉള്‍ക്കടലിലും ഒമാന്‍ കടലിലും ചില സമയങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാം.

വെള്ളിയാഴ്ചയും കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ ഭാഗികമായും ചില സമയങ്ങളില്‍ പൂര്‍ണമായും മേഘാവൃതമായ കാലാവസ്ഥയായിരിക്കും. ശക്തമായ കാറ്റിനെ തുടര്‍ന്ന് പൊടിക്കാറ്റിനും സാധ്യതയുണ്ട്. ശനിയാഴ്ച കാറ്റിന്റെ വേഗം മണിക്കൂറില്‍ 30 കിലോമീറ്ററായി കുറയുകയും കടല്‍ പൊതുവേ ശാന്തമാകുകയും ചെയ്യുമെന്നാണ് പ്രവചനം.

**English Summary:**

The UAE’s National Centre of Meteorology (NCM) has forecast a gradual decline in temperatures from tomorrow. Today, temperatures in inland areas may reach 46°C. The country is expected to experience generally clear to partly cloudy conditions, with clouds developing over eastern areas and possible thunderstorms in some locations. Fog and mist may form in coastal areas due to increased humidity. Strong winds of up to 35 km/h may raise dust, while the Arabian Gulf and Oman Sea could become rough at times. Conditions are expected to become calmer on Saturday.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/384681/uae-temperature-to-drop-from-tomorrow-weather-forecast)