---
title: "പുതിയ താമസക്കാർക്ക് കൈത്താങ്ങായി ‘ജിറാൻ’; അബുദാബിയിൽ അയൽക്കൂട്ട ബന്ധം ശക്തമാക്കാൻ പുതിയ പദ്ധതി"
english_title: "Abu Dhabi Launches ‘Jiran’ to Help New Residents Settle In"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/385212/abu-dhabi-jiran-new-residents"
published_at: "2026-10-02T18:46:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfaee03e3af_abu-dhabi-jiran-new-residents.jpg"
keywords: ["AbuDhabi", "NewResidents", "VolunteerProgram", "CommunitySupport", "SocialDevelopment"]
---

# പുതിയ താമസക്കാർക്ക് കൈത്താങ്ങായി ‘ജിറാൻ’; അബുദാബിയിൽ അയൽക്കൂട്ട ബന്ധം ശക്തമാക്കാൻ പുതിയ പദ്ധതി

> **Lead Summary:** അബുദാബി: പുതുതായി അബുദാബിയിൽ താമസത്തിനെത്തുന്നവർക്ക് നഗരവുമായി വേഗത്തിൽ പൊരുത്തപ്പെടാനും പ്രാദേശിക സമൂഹവുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സഹായിക്കുന്ന ‘ജിറാൻ’ സന്നദ്ധ സേവന പദ്ധതിക്ക് തുടക്കമായി. അബുദാബി സാമൂഹിക വികസന വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

## Article Content

അബുദാബി: പുതുതായി അബുദാബിയിൽ താമസത്തിനെത്തുന്നവർക്ക് നഗരവുമായി വേഗത്തിൽ പൊരുത്തപ്പെടാനും പ്രാദേശിക സമൂഹവുമായി അടുത്ത ബന്ധം സ്ഥാപിക്കാനും സഹായിക്കുന്ന ‘ജിറാൻ’ സന്നദ്ധ സേവന പദ്ധതിക്ക് തുടക്കമായി. അബുദാബി സാമൂഹിക വികസന വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.

അറബിയിൽ ‘അയൽക്കാർ’ എന്നർഥമുള്ള ‘ജിറാൻ’ പദ്ധതിയുടെ ആദ്യഘട്ടം യാസ് ഐലൻഡ്, സാദിയാത്ത് ഐലൻഡ്, അൽ റീം ഐലൻഡ് എന്നിവിടങ്ങളിലാണ് നടപ്പാക്കുന്നത്. ആദ്യഘട്ടത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം അബുദാബിയിലെ മറ്റ് മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

പദ്ധതിയുടെ ഭാഗമായി പരിശീലനം ലഭിച്ച സന്നദ്ധ പ്രവർത്തകർ പുതിയ താമസക്കാരെ സ്വീകരിക്കുകയും അബുദാബിയിലെ ജീവിതവുമായി ബന്ധപ്പെട്ട ആവശ്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്യും. സർക്കാർ സേവനങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വിനോദ കേന്ദ്രങ്ങൾ, മറ്റ് പൊതുസൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇവർ കൈമാറും.

നഗരത്തിന്റെ സംസ്കാരവും ജീവിതരീതിയും പരിചയപ്പെടാൻ സഹായിക്കുന്ന വിവരങ്ങൾക്കൊപ്പം പ്രാദേശികമായി നിർമിച്ച ഉൽപന്നങ്ങൾ ഉൾപ്പെടുത്തിയ സ്വാഗത സമ്മാനങ്ങളും പുതിയ താമസക്കാർക്ക് നൽകും. പ്രാദേശിക പരിപാടികളിലും സാമൂഹിക പ്രവർത്തനങ്ങളിലും പങ്കെടുക്കാനുള്ള അവസരങ്ങളെക്കുറിച്ചും സന്നദ്ധ പ്രവർത്തകർ വിവരങ്ങൾ നൽകും.

അബുദാബിയിലെത്തുന്നവർക്ക് ആദ്യ ദിവസം മുതൽ തന്നെ സമൂഹവുമായി അടുപ്പം സ്ഥാപിക്കാനുള്ള അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സാമൂഹിക വികസന വകുപ്പ് കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ആൻഡ് എംപവർമെന്റ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഹിലാൽ അൽ ബലൂഷി പറഞ്ഞു.

എമിറേറ്റ്സ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അബുദാബി റിയൽ എസ്റ്റേറ്റ് സെന്ററും അബുദാബി ഗ്ലോബൽ മാർക്കറ്റും പദ്ധതിയിൽ പങ്കാളികളാണ്. ലൈവെക്സ് 2026 പ്രദർശനത്തിനിടെയാണ് ‘ജിറാൻ’ പദ്ധതിയുടെ പ്രഖ്യാപനം നടന്നത്.

Abu Dhabi’s Social Development Department has launched the ‘Jiran’ volunteer initiative to help new residents adapt quickly and connect with their neighborhoods. The program will begin in Yas Island, Saadiyat Island and Al Reem Island, offering welcome gifts, local information and guidance on public services.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/385212/abu-dhabi-jiran-new-residents)